കൊച്ചി: റഷ്യയിലേക്ക് വിനോദയാത്ര പാക്കേജ് വാഗ്ദാനംചെയ്ത് ബാങ്കുദ്യോഗസ്ഥന്റെ 4.68 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വൈറ്റില ബിസിജി ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന അസ്ടെക് ഹോളിഡേയ്സ് ഉടമ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിഹാനെതിരെയാണ് തിരുവനന്തപുരം സ്വദേശി ബാങ്കുദ്യോഗസ്ഥന് ബേബി മനോജ് ആര് നായര്‍ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അസ്ടെക് ഹോളിഡേയ്സ് വഴി റഷ്യയില്‍ ഒക്ടോബറില്‍ തുടങ്ങുന്ന സീസണിലേക്കാണ് ആദ്യം യാത്ര നിശ്ചയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ യാത്ര നീട്ടേണ്ടിവന്നതോടൈ ജിഹാനുമായിബന്ധപ്പെട്ട് ഡിസംബര്‍ 21ന് സീസണില്‍ യാത്ര നിശ്ചയിച്ചു. 16നുമുമ്പ് ടിക്കറ്റും വിസയുമുള്പ്പെടെ രേഖകള്‍ കൊറിയര്‍ ആയി എത്തിക്കുമെന്നും ഉറപ്പുനല്‍കി. എന്നാല്‍ പറഞ്ഞ തിയതിയില്‍ ടിക്കറ്റുകളും രേഖകളും കിട്ടാതെവന്നതോടെ സ്ഥാപനത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചുവെന്നും തനിക്കുമുമ്പും നിരവധി പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടതായി ബേബിമനോജ് പറഞ്ഞു. വൈറ്റിലയിലെ ഓഫീസ് നവീകരണത്തിനെന്ന പേരില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ ഒഴിഞ്ഞുമാറി തുടര്‍ച്ചയായി കബളിപ്പിക്കുകയാണെന്നും ബേബിമനോജ് പറഞ്ഞു.
അസ്ടെക് ഹോളിഡേയ്സിനെതിരെ മുമ്പും ഇത്തരം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മരട് എസ്ഐ എ ബി വിപിന്‍ പറഞ്ഞു.
എന്നാല്‍ റഷ്യയില്‍ കാലാവസ്ഥ പ്രതികൂലമായതിനാലാണ് യാത്ര റദ്ദാക്കിയതെന്ന് അസ്ടെക് ഹോളിഡേയ്സ് ഉടമ ജിഹാന് പറഞ്ഞു. റഷ്യയിലേക്കുള്ള പാക്കേജ് അനുസരിച്ച് യാത്രറദ്ദാക്കിയാല് 90 ദിവസത്തിനുശേഷമേ പണം തിരികെ ലഭിക്കൂ എന്നും കിട്ടിയാല്‍ ഉടന്‍ ബേബി മനോജിന്റെ പണം നല്‍കുമെന്നും ജിഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: