തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സ്റ്റേഷന് മാസ്റ്ററായി വിരമിച്ചയാളെ സ്ഥലം മാറ്റിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് അന്വേഷണം നടത്തുക. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കെ.എസ്.ആര്.ടി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതുക്കിയ പ്രമോഷന് ലിസ്റ്റിനോട് അനുബന്ധിച്ചുള്ള ഏഴുപേരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് പിശക് കടന്നുകൂടിയത്.
ഹരിപ്പാട് യൂണിറ്റില്‍ സ്റ്റേഷന് മാസ്റ്ററായിരുന്ന മുഹമ്മദ് ബഷീറിനെ മൂന്നു മാസം മുമ്പ് ആറ്റിങ്ങല്‍ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും നവംബര്‍ 30ന് അദ്ദേഹം വിരമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ശനിയാഴ്ച ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവില്‍ മുഹമ്മദ് ബഷീറിനെ വീണ്ടും ഹരിപ്പാട് നിന്ന് ആറ്റിങ്ങലിലേക്ക് മാറ്റിയതായി പറയുന്നു.
കെ.എസ്.ആര്.ടി.സി നേരത്തെ പുറത്തിറക്കിയ വിരമിച്ചവരുടെ പട്ടികയില്‍ ബഷീറിന്റെ പേരും വിരമിച്ച തീയതിയുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
മരണപ്പെട്ടവര്‍ വരെ പ്രമോഷന് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ലിസ്റ്റ് നേരത്തെ റദ്ദാക്കിയിരുന്നു. തെറ്റുകള്‍ പരിഹരിച്ച് ഇറക്കിയ രണ്ടാമത്തെ ലിസ്റ്റില്‍ വീണ്ടും പിഴവ് വന്നത് ഗൗരവമായാണ് അധികൃതര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: