ശബരിമല: മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിശ ദര്‍ശനത്തിന് അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക.് നീണ്ട നേരം ക്യൂവില്‍ നിന്ന ശേഷമാണ് പലര്‍ക്കും ദര്‍ശനം സാധ്യമായത്. ഇന്നലെ പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനായി നടതുറന്നപ്പോള്‍ തീര്‍ഥാടകരുടെ നീണ്ടനിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിവരെ എത്തിയിരുന്നു. തീര്‍ത്ഥാടകരെ വടം കെട്ടി തടഞ്ഞു.
ദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞതോടെ പലരും ക്ഷീണിതരായി മാറി. കാത്തിരിപ്പിന്റെ കാഠിന്യത്തില്‍ കന്നി അയ്യപ്പന്മാരും പ്രായമായ തീര്‍ത്ഥാടകരും തളര്‍ന്നുറങ്ങുന്നത് കാണാമായിരുന്നു. പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള ഭക്തരുടെ പ്രവാഹം തുടരുകയാണ്. ശനിയാഴ്ച്ച വൈകിട്ട് മലകയറിയവരില്‍ പലരും സന്നിധാനത്ത് താവളമടിച്ചിട്ടുണ്ട്.പ്രധാന പാര്‍ക്കിംഗ് ഗ്രൗണ്ടുകളായ ഹില്‍ടോപ്പ്, ത്രിവേണി , യൂഡേണ് എന്നവിടങ്ങളില്‍ വാഹനങ്ങള്‍ കടന്നു പോകാന്‍ താമസിച്ചത് ഗതാഗത തടസത്തിന് കാരണമായി.ചെറിയ വാഹനങ്ങള്‍ റോഡിന്റെ വശങ്ങളില് പാര്‍ക്ക് ചെയ്തതും നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ പമ്പയില്‍ എത്താന്‍ മണിക്കുറുകള്‍ എടുക്കേണ്ടി വന്നു.എരുമേലിയില്‍ നിന്ന് കരിമല വഴിയുള്ള പാതയില്‍ തിരക്കേറി. ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇതുവഴി എത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത പാതയിലൂടെ വ്രതാനുഷ്ഠാനത്തിന്റെ പെരുമയില്‍ കാടുംമേടും താണ്ടിയുള്ള യാത്ര കൂടിയാണിത്.
എരുമേലിയില്‍ നിന്നും കാളക്കെട്ടി, അഴുത, കല്ലിടാംകുന്ന്, ചെറിയാനവട്ടം, വലിയാനവട്ടം വഴി പമ്പയില്‍ എത്തി നീലിമല താണ്ടിയാണ് ഭക്തര്‍ സന്നിധാനത്ത് എത്തുന്നത്. ഇതുവഴിയുള്ള അന്യസംസ്ഥാന തീര്‍ഥാടകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങളായാണ് തീര്‍ഥാടകര്‍ എത്തുന്നത്. അഴുതക്കടവ്, കല്ലിടാംകുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളില്‍ വിരിവെയ്ക്കാനുള്ള സൗകര്യം വനംവകുപ്പിന്റെ നേതൃത്വത്തില്‍ എക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ സേവന കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ തീര്‍ഥാടകര്‍ക്ക് ഭക്ഷണ സാധനങ്ങളും മറ്റ് ആവശ്യ വസ്തുക്കളും ലഭ്യമാക്കുന്നതിന വില്‍പ്പനശാലകളും സജ്ജമാക്കിയിട്ടുണ്ട്. വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാകലക്ടറുടെ നിര്‍ദേശാനുസരണം ഉള്ള വിലയും മറ്റിടങ്ങളില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അംഗീകരിച്ച വില പ്രകാരവുമാണ് ഭക്ഷണസാധനങ്ങള്‍ വില്‍പ്പനനടത്തുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും വനംവകുപ്പിന്റെനേതൃത്വത്തില് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു.നീലിമല, അപ്പാച്ചിമേട്, മരകൂട്ടം, ഐ ബി കോമ്പൗണ്ട്, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഈ കേന്ദ്രത്തില്‍ വനംവകുപ്പിന്റെ ശബരിജലമാണ് വില്‍പ്പന നടത്തുന്നത്. കരിമലയില്‍ അയ്യപ്പ സേവസംഘത്തിന്റെ നേതൃത്വത്തില്‍ അന്നദാനം ആരംഭിച്ചിട്ടുണ്ട്.വൈദ്യസഹായകേന്ദ്രം 30ന്ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: