കോഴിക്കോട്: ‘ഞങ്ങളായിരുന്നു മരിച്ചുവീഴേണ്ടിയിരുന്നത്. പരിസ്ഥിതി സംരക്ഷണ സമരത്തില്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നവരാണ് ഞങ്ങള്‍. പശ്ചിമഘട്ട സംരക്ഷണ സമരത്തില്‍ കൊല്ലപ്പെട്ട അനൂപിന്റെ രക്തസാക്ഷ്യം വൃഥാവിലാവരുത്. ഞങ്ങള്‍ ഈ പോരാട്ടം ഏറ്റെടുക്കും.’ നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ ഇക്കഴിഞ്ഞ 16 ന് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണക്കു നേരെ സി.പി.എം നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ട അനൂപിന്റെ വീട്ടിലെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ വാക്കുകള്‍. എന്‍.എ.പി.എം. സംസ്ഥാന കണ്‍വീനര്‍ വിജയരാഘവന് ചേലിയ, ലോഹ്യ വിചാര വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. കെ. ശ്രീനിവാസന്, വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി ബാദുഷ, പ്രകൃതി സംരക്ഷണ സമിതി കോഴിക്കോട ജില്ലാ സെക്രട്ടറി ടി. വി. രാജന്, അബ്ദുള്‍ വഹാബ്, നര്‍മ്മദ നാച്വര്‍ ക്ലബ് സെക്രട്ടറി കെ. കെ. ബാലകൃഷ്ണന്, ലോഹ്യ വിചാര വേദി സംസ്ഥാന സെക്രട്ടറി റൂസി എന്നിവരാണ്് ഇന്നലെ 12 മണിയോടെ അനൂപിന്റെ വീട്ടിലെത്തിയത്. മകനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ തളര്‍ന്നു കിടന്ന അച്ഛന് കണാരനെയും അമ്മ സുശീലയെയും പരിസ്ഥിതി പ്രവര്‍ത്തകര്‍ സമാശ്വസിപ്പിച്ചു.
‘പരിസ്ഥിതി സംരക്ഷണ സമരത്തെ കോര്‍പ്പറേറ്റുകള്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണ്’. ബീഹാറിലും ഗോവയിലും ഉണ്ടായിരുന്ന ഇത്തരം വന്‍ മാഫിയകള്‍ ഇന്ന് കേരളത്തിലുമെത്തിയിരിക്കുന്നു. അവര്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുക്കുകയാണ്. അവര്‍ പറഞ്ഞു. കൈവേലിയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നടത്തുന്ന സമരം തദ്ദേശ ജനതയ്ക്കൊപ്പം ചേര്‍ന്ന് ശക്തിപ്പെടുത്തുമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഒറ്റപ്പെട്ട സമരങ്ങളായി ഇതവസാനിക്കരുത്. അനൂപിന്റെ ജീവന് വിലപ്പെട്ടതാണ്. ആ നഷ്ടത്തിന് മുമ്പില്‍ പതറി സമരം അവസാനിപ്പിക്കരുത്. പ്രതീക്ഷ കൈവെടിയാതെ നന്മ പുലരുമെന്ന ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് അവര്‍ വീട്ടിലുണ്ടായിരുന്ന ഹിന്ദുഐക്യവേദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: