മുംബൈ: കോളിളക്കം സൃഷ്ടിച്ച ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസിലെ ജൂഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി വിവാദത്തില്‍. കാര്‍ഗില്‍ യുദ്ധവീരന്മാരുടെ വിധവകള്‍ക്കുവേണ്ടി നിര്‍മിച്ച ഫ്ലാറ്റുകള്‍ സ്വന്തമാക്കാന്‍ ഭരണസഖ്യത്തിലെ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും മുതിര്‍ന്ന നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ട് നിരസിച്ചത് ദുരൂഹതയേറ്റിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ് മുഖ്, അശോക് ചവാന്, കേന്ദ്ര ആഭ്യന്തര മന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡെ എന്നീ പ്രമുഖ നേതാക്കള്‍ക്കെതിരെ കുറ്റംചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് 700 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന പ്രധാനകാര്യം. ആദര്‍ശ് സൊസൈറ്റിയിലെ 102 അംഗങ്ങളില്‍ 25 പേരും മെമ്പര്‍ഷിപ്പിനുപോലും അര്‍ഹതയില്ലാത്തവരാണ്. പരസ്പ്പര സഹായമെന്ന നിലയില്‍ ചിലര്‍ക്ക് ആനുകൂല്യം വാങ്ങി നല്കാന് അശോക് ചവാന് മുന്നിട്ടിറങ്ങിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ചവാന്റെ ബന്ധുക്കള്‍ക്കു ഫ്ലാറ്റുകള്‍ ലഭിച്ചിരിക്കാനുള്ള സാധ്യതകളിലേക്കും അന്വേഷണ കമ്മീഷന് വിരല്‍ ചൂണ്ടുന്നുണ്ട്. ആദര്‍ശ് സൊസൈറ്റിക്ക് ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഷിന്‍ഡെ ചെയ്ത കുറ്റം. ആദര്‍ശ് സൊസൈറ്റിക്ക് ഭൂമി കൈക്കലാക്കാന്‍ ദേശ്മുഖ് അനുമതിപത്രം നല്കി. കോണ്‍ഗ്രസ് പ്രതിനിധിയും റവന്യൂ മന്ത്രിയുമായിരുന്നു ശിവരാജ് റാവു പാട്ടീലും ആദര്‍ശിന് അനുകൂലമായ നടപടിയെടുത്തു. അത്തരമൊരു അനുമതി നല്കാന് പാട്ടീലിന് അധികാരമില്ലായിരുന്നു. എന്സിപിക്കാരായ ജലവിഭവ വകുപ്പ് മന്ത്രി സുനില്‍ തത്കറെയും മുന്‍ മന്ത്രി രാജേഷ് തോപ്പെയും ഇല്ലാത്ത അധികാരം ഉപയോഗിച്ച് തീരുമാനത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷന് വ്യക്തമാക്കി.
2011ലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ ആദര്‍ശ് ഫ്ലാറ്റ് അഴിമതി പുറത്തുവന്നത്. കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ആശ്രിതര്‍ക്കായി നിര് മ്മിച്ച ഫ്ലാറ്റുകള്‍ അനര്‍ഹര്‍ തട്ടിയെടുത്തെന്ന വെളിപ്പെടുത്തല്‍ ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിലാസ് റാവു ദേശ്മുഖിന് രാജിവയ്ക്കേണ്ടിവന്നു.
ആദര്‍ശ് ഫ്ലാറ്റുകള്‍ കാര്‍ഗില്‍ ജീവന്ബലിയര്പ്പിച്ചവരുടെ പേരില്‍ നിര്‍മ്മിച്ചതല്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകളിലെല്ലാം കാര്‍ഗില്‍ സൈനികര്‍ക്കു വേണ്ടിയാണെന്ന് പറയുന്നുണ്ട്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മുന്‍ അംഗം കന്ഹൈയാലാല് ഗിഡ് വാനി മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന് അയച്ച കത്തുകളും അക്കാര്യം തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: