ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡ സംഭവത്തില്‍ യു.എസ് വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദും തമ്മില്‍ ഉടന്‍ ചര്‍ച്ച നടക്കും. ദേവയാനിയെ യു എന്‍ ദൗത്യത്തിലേക്ക് മാറ്റിയാലും കേസ് പിന്‍വലിക്കില്ലെന്ന അമേരിക്കന്‍ നിലപാടിനെതിരെ, ഇന്ത്യയേപ്പോലെയുള്ള രാജ്യത്തിന്റെ പങ്കാളിത്തത്തിന്റെ വില അമേരിക്ക മനസ്സിലാക്കണമെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി പ്രതികരിച്ചു.
ഇരുരാജ്യങ്ങളും നിലപാടിലുറച്ചു നില്ക്കുന്നതിനാല് ഉന്നതതല ചര്‍ച്ചതന്നെ അനിവാര്യമാണെന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ഇതോടെയാണ് ജോണ്‍ കെറിയും സല്മാന് ഖുര്‍ഷിദും തമ്മില്‍ ദേവയാനി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ധാരണയായിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇരുവരും തമ്മില്‍ സംസാരിക്കുമെന്ന് അമേരിക്കന്‍ വിദേശ കാര്യ വക്താവ് ജെന്‍ പാസ്കി സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ അമേരിക്ക നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന സ്ഥിതി തുടരുകയാണെങ്കില്‍ ദേവയാനിയെ അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള വഴികളും തേടുന്നുണ്ട്. വിയന്ന കണ്വന്ഷന് വ്യവസ്ഥകള്‍ പ്രകാരം വിദേശ രാജ്യത്തു പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധിയെ അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിച്ച് സ്വന്തം രാജ്യത്തിനു നിരുപാധികം പിന്‍വലിക്കാനാകും. മറ്റു മാര്‍ഗ്ഗങ്ങളെല്ലാം അടയുകയാണെങ്കില്‍ ദേവയാനിയെ ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നും പിന്‍വലിക്കാനാണ് ഇന്ത്യയുടെ നീക്കം. വിയന്ന കണ്വന്ഷന് വ്യവസ്ഥ പ്രകാരം ഇതിന് അനുവാദം നല്കാന് അമേരിക്ക നിര്‍ബന്ധിതമാവുകയും ചെയ്യും.
അസ്വീകാര്യ വ്യക്തിയായി പ്രഖ്യാപിപ്പിക്കപ്പെട്ടാല് സ്വകാര്യ സന്ദര്‍ശനത്തിന് ആ രാജ്യത്ത് അനുമതിയുണ്ടാകില്ല. എന്നാല്‍ ഒരു വര്‍ഷത്തെ കാലാവധിക്കു ശേഷം വീണ്ടും തിരികെയെത്താന്‍ സാധിക്കും. ചര്‍ച്ചകളിലൂടെ പ്രശ്നം സമാധാന പരമായി അവസാനിപ്പിക്കുകയാണ് ദേവയാനിയെ തിരികെയെത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെന്ന ഇന്ത്യന്‍ നിലപാടിനോട് യോജിക്കുന്നതായി അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ദേവയാനിക്കെതിരേ ഉയര്‍ന്നു വന്നിരിക്കുന്ന ചില അഴിമതി ആരോപണങ്ങള്‍ ഇന്ത്യ-യുഎസ് നയതന്ത്ര വിഷയത്തിലെ രാജ്യ നിലപാടിനെ ക്ഷീണിപ്പിക്കുന്നതാണെന്നു വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: