താമരപ്പൂതൊട്ട് ഉണ്ണിക്കണ്ണന്വരെയുള്ള അറുപതാണ്ടത്തെ വരജീവിതംകൊണ്ട് സി.എന്‍.കരുണാകരന് മലയാളിക്ക് തന്നുപോയത് ചിത്രകലയില്‍ ആഗോള മുദ്രയുള്ള വര്‍ണ വിസ്മയം. വരയില്‍ തമ്പുരാനും ജീവിതത്തില്‍ കരുണാമയനുമായ കൂട്ടുകാരുടെ ‘സി എന്‍’ തനി ഭാരതീയനായിരുന്നു, ചിന്തയിലും കര്‍മത്തിലും.
കരുണാകരനിലെ ചിത്രകാരനെ പ്രചോദിപ്പിക്കാന്‍ കണ്മുന്നിലൊരു താമരപ്പൂവ്. അന്ന് നന്നേ ചെറുപ്പം. ഗ്രാമക്കുളത്തിലെ താമരപ്പൂവിനെ മുട്ടോളം വെള്ളത്തിലിറങ്ങി കൈയിലുണ്ടായിരുന്ന കടലാസില്‍ പകര്‍ത്തിയെടുത്തു. കോഴിക്കോട്ടുനിന്നും ഇറങ്ങിയിരുന്ന ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് ചിത്രം അയച്ചു. രണ്ടാഴ്ചകഴിഞ്ഞ് ചന്ദ്രിക പുറത്തിറങ്ങിയത് കരുണാകരന്റെ താമരപ്പൂ മുഖചിത്രവുമായി. ബ്രഹ്മകുളത്ത് സര്‍ക്കാര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന കരുണാകരന്റെ ചിത്രകലാജീവിതം അങ്ങനെ തുടങ്ങുകയായി.
മരിക്കുന്നതിനു ഒരാഴ്ച മുന്‍പാണ് കരുണാകരന് അവസാന ചിത്രം വരച്ചത്. മുട്ടിലിഴയുന്ന ഉണ്ണികൃഷ്ണന്റെ മനോഹരമായ രേഖാചിത്രം. ഒപ്പം കൃഷ്ണഗാഥ എന്ന ശീര്‍ഷകവും. കൊച്ചിയിലെ ബുക്കര്‍മാന്‍ പ്രസിദ്ധീകരിക്കുന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയ്ക്കുള്ള മുഖചിത്രമായിരുന്നു അത്. ജീവിതത്തിലുടനീളം ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള സിഎന്‍ കൃഷ്ണഭക്തനായ ഒരു കമ്മ്യൂണിസ്റ്റെന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരപ്പൂവിന്റെ രേഖാചിത്രത്തില്‍ തുടങ്ങി ഉണ്ണിക്കണ്ണന്റെ മോഹനരൂപത്തില്‍ വര അവസാനിപ്പിച്ചത് യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ. അത് ഈ കലാകാരന്റെ ജന്മനിയോഗമായിരുവെന്നാണ് വിശ്വസിക്കേണ്ടത്. താമരപ്പൂവിന്റെ പെന്‍സില്‍ ഡ്രോയിങ്ങിനും ഉണ്ണിക്കണ്ണന്റെ രേഖാചിത്രത്തിനുമിടയില് സിഎന്‍ വരച്ചത് ആയിരത്തിലധികം ചിത്രങ്ങള്‍. അവയിലോരോന്നിലുമുണ്ട് ഈ ചിത്രകാരന്റെ തന്മ. സമാനതയില്ലാത്ത ഈ വരപ്രഭു ഭാരതീയ ചിത്രകലയ്ക്ക് നല്കിയ അതുല്യ സംഭാവന.
ചിത്രകലയില്‍ തനി ഭാരതീയനായിരുന്നു കരുണാകരന്. ഓരോ വരയിലും വര്ണത്തിലുമുണ്ട് ഈ വേറിട്ട രീതി. പാശ്ചാത്യ ചിത്രരചനാ സങ്കേതത്തേയും നിറവിന്യാസത്തേയും പാടേ നിരാകരിച്ചുകൊണ്ട് ഭാരതീയ പാരമ്പര്യ ചിത്രരചനാ സമ്പ്രദായത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് സ്വന്തമൊരു ചിത്ര രചനാ സരണിയുണ്ടാക്കിയ ആധുനിക ചിത്രകാരനെന്ന നിലയിലാകും കരുണാകരനെ ചരിത്രം അടയാളപ്പെടുത്തുക.
ചിത്രമെഴുത്തിലും മ്യൂറലുകളുടെ രചനയിലുമെല്ലാം കാണുന്ന നിറങ്ങളും രേഖകളും കരുണാകര വ്യക്തിത്വം നിറഞ്ഞതാണ്. രചനകളില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യര്‍ക്കുമുണ്ട് പ്രത്യേകതകള്‍. പൗരാണിക ഗോത്രവര്‍ഗ സ്മൃതികളുണര്ത്തുന്നവരാണ് ഈ മനുഷ്യര്‍. സ്ത്രീയെ അമ്മ ദൈവമായും ദേവതയായും ദര്‍ശിക്കുന്ന പ്രാക്തന അനുഷ്ഠാനമായി മാറുന്നുണ്ട് കരുണാകരന്റെ രചനകള്‍.
എന്നും അദൃശ്യനായൊരു സ്ഥപതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു ഈ ചിത്രകാരന്റെയുളളില്. അതുകൊണ്ടുതന്നെ ത്രിമാനങ്ങള്ക്കുപകരം ദ്വിമാന സ്വഭാവമുള്ളതായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റിയലിസത്തെ നിരാകരിക്കുന്നവയാണ് സിഎന്‍ ചിത്രങ്ങള്‍. പെയിന്റിങ്ങുകളിലും പ്രകൃതി ദൃശ്യങ്ങളിലും ഇത്തരം നിരാസം തന്നെ. ചിത്രകലയില്‍ പുതുപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു കരുണാകരന്. അതില്‍ പഴമയും സമകാലികമൊന്നും നോക്കിയില്ല. തനിക്ക് മുന്‍പേ ശില്‍പ്പങ്ങളും ചിത്രങ്ങളും തീര്‍ത്ത തികച്ചും ഭാരതീയരായ ചിത്രകാരന്മാരും സ്ഥപതികളുമായിരുന്നവരില്നിന്ന് സ്വാംശീകരിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും ആധുനിക ആഖ്യാനങ്ങളാണ് കരുണാകരന്റെ ചിത്രങ്ങളും മ്യൂറലുകളും.
സി.എന്‍.കരുണാകരന്റെ ചിത്രങ്ങളുമായി ഇടപഴകിയവര്‍ക്ക് ഏതു ചിത്രക്കൂട്ടങ്ങള്ക്കിടക്കും അദ്ദേഹത്തിന്റെ രചനകളെ തിരിച്ചറിയാം. സിഎന്‍ എന്ന രണ്ടക്ഷര മേല്‍വിലാസം കേരളത്തിന്റെ മാത്രമല്ല ഭാരതീയ ചിത്രകലയില്‍ തന്നെ പ്രതിഭാ ചിഹ്നമാവുകയാണ്.
ഇന്ത്യയ്ക്കകത്തും പുറത്തും സിഎന്‍ നടത്തിയ നിരവധി പ്രദര്‍ശനങ്ങള്‍ ഭാരതത്തിന്റെ കലാപാരമ്പര്യത്തിന്റെ ഖ്യാതിയും പ്രചാരണവുമായിരുന്നു. ചിത്രകലയില്‍ സിഎന്‍ എന്ന സ്വന്തം ശൈലി തീര്‍ത്ത ഈ ചിത്രമെഴുത്തുകാരന് നമ്മുടെ ആധുനികകോത്തര ചിത്രകാരന്മാരില് മികവിന്റെ വ്യത്യസ്തനാണ്. വരകളിലും വര്‍ണങ്ങളിലും മാത്രമല്ല ജീവിതത്തിലും ലാളിത്യവും സത്യസന്ധതയും കൊണ്ടും വ്യത്യസ്തന്. വര്‍ണപ്രപഞ്ചം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുമ്പോഴും അനാര്‍ഭാട നിഷ്ക്കളങ്കതയില് വലിയവനായിരുന്നു കരുണാകരന്. ചിത്രകാരന്റെ തലക്കനവും പൊങ്ങച്ചവുമില്ലാതെ സര്‍വസാധാരണക്കാരനായി നടന്നു. അതുകൊണ്ടാണ് ചങ്ങാത്തത്തിന്റെ മറുപേരായി സിഎന്‍ എന്ന് ഒന്നു പരിചയപ്പെട്ടവരില്പ്പോലും പറിച്ചെടുക്കാനാവാതെ ഒട്ടിച്ചേര്‍ന്നതും.
സി.ടി. തങ്കച്ചന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: