എറണാകുളത്തെയും മട്ടാഞ്ചേരിയിലേയും ടൗണ്‍ഹാളുകള്‍ പുതുക്കിപ്പണിയാന്‍ കൊച്ചി നഗരസഭ പദ്ധതികള്‍ക്ക് രൂപം നല്കിയ വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദുപത്രത്തില്‍ വായിക്കാനിടയായി. ഈ രണ്ടു പട്ടണങ്ങളും ചേര്‍ന്ന് മഹാനഗരസഭ രൂപീകരിക്കുന്നതിന് മുമ്പ് വെവ്വേറെ മുനിസിപ്പാലിറ്റികളായിരുന്നല്ലൊ. അവയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ നിരവധി പരിപാടികള്ക്കുവേദികളായിരുന്നു ഈ മന്ദിരങ്ങള്‍. അവയെക്കുറിച്ചുള്ള അനേകം ഓര്‍മകള്‍ മനസ്സില്‍ ഓടിയെത്തുകയാണ്. ഹിന്ദുപത്രത്തില്‍ കെ.എ.മാര്ട്ടിന് എഴുതിയ കുറിപ്പില്‍ രണ്ടുമന്ദിരങ്ങളുടെയും ചരിത്രം ചുരുക്കിപ്പറയുന്നുണ്ട്. എന്നാല്‍ അതില്‍ അനുസ്മരിച്ചവയെക്കാള് വിസ്മരിച്ചവയാണ് കൂടുതലും. പച്ചാളത്തെ പ്രമുഖ ആംഗ്ലോ ഇന്ത്യന്‍ കുടുംബാംഗവും മുന്‍ നഗരസഭാധ്യക്ഷനുമായ പീറ്റര്‍ കൊറ്യക്കാണ് എറണാകുളം ടൗണ്‍ഹാള്‍ നിര്‍മിച്ചതിന്റെ മുഴുവന്‍ മേന്മയും കൊടുത്തിട്ടുള്ളത്. എറണാകുളത്തെ പരമാര ക്ഷേത്രത്തിന്റെ സ്ഥലമാണ് ടൗണ്ഹാളിനുവേണ്ടി ഏറ്റെടുത്തത് എന്ന കാര്യം സൗകര്യപൂര്‍വം മറക്കുകയാണ് ചെയ്തിരിക്കുന്നത്. എറണാകുളം മുഴുവന്‍ തന്നെ അഞ്ചികൈമള്‍ എന്ന സ്ഥാനമുണ്ടായിരുന്ന ചേരാനല്ലൂര്‍ കര്ത്താക്കന്മാരുടെയായിരുന്നു. കോംഗ്കണിഭാഷയില് ഇന്നും എറണാകുളത്തിന് അഞ്ചികൈമള്‍ ദേശം എന്നാണ് പറയുന്നത്. അവിടത്തെ തിരുമല ദേവസ്വം ക്ഷേത്രോത്സവത്തിന് ചേരാനല്ലൂര്‍ കര്ത്താവിന് തിരുമുല്ക്കാഴ്ച വെച്ച് അനുജ്ഞ വാങ്ങുന്ന ചടങ്ങുണ്ടത്രെ. അതൊന്നും ഇനി പറഞ്ഞിട്ടുകാര്യമില്ല. ടൗണ്‍ ഹാളിന്റെ റോമന്ശൈലിയിലുള്ള നിര്‍മാണ രീതി പീറ്റര്‍ കൊറയ്യയുടെ മുന്കൈയെടുക്കലിന്റെ ഫലമായിരിക്കാം. പരിസരവുമായി ഇണങ്ങായ്ക ആ മന്ദിരം കാണുന്ന ആര്‍ക്കും ബോധ്യപ്പെടും. വളരെ വിശാലമായ വളപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ആ മന്ദിരം ആദ്യം കണ്ടപ്പോള്‍ത്തന്നെ ആ ചിന്ത മനസ്സില്‍ വന്നു.
മട്ടാഞ്ചേരി മുന്‍സിപ്പാലിറ്റി 1961 ലാണത്രെ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം നടത്തിയത്. വളരെ വലിയൊരു ഹാളാണത് എങ്കിലും നിര്‍മാണശൈലിയില്‍ ഒരു കോണ്‍ക്രീറ്റ് ബീഭത്സ സൃഷ്ടിയായാണ് മനസ്സില്‍ തോന്നുക. വിശാലമായ ചീങ്കണ്ണിപ്പറമ്പിലാണ് അതു സ്ഥിതിചെയ്യുന്നത്. പനമ്പിള്ളി ഗോവിന്ദമേനോന്, മുണ്ടശ്ശേരി മാസ്റ്റര്‍ മുതലായ നേതാക്കള്‍ ടൗണ്‍ഹാളില്‍ വന്നു വന്ജനസമൂഹത്തെ അഭിസംബോധന ചെയ്തു പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മാര്‍ട്ടിന്റെ ലേഖനം പറയുന്നു.
അഞ്ച് പതിറ്റാണ്ടു കാലം സംഘത്തിന്റെയും പല പരിവാര്‍ പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് എറണാകുളവും മട്ടാഞ്ചേരിയും പിന്നീട് കൊച്ചി മഹാനഗരവുമായി അടുത്തു പരിചയമുള്ള ലേഖകന്‍ ഈ രണ്ട് ഹാളുകളുമായി ആവേശകരമായ സ്മരണകള്‍ ഉണ്ട്. മാര്‍ട്ടിന്റെ അഭിപ്രായത്തില്‍ മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ വന്‍ജനാവലിയെ സംബോധന ചെയ്ത പനമ്പള്ളിയും മുണ്ടശ്ശേരിയുമാണെങ്കില് രാഷ്ട്രത്തെ മുഴുവന്‍ ആറുവര്‍ഷക്കാലം അവിസ്മരണീയമാംവിധം തന്റെ രാജ്യതന്ത്രജ്ഞതകൊണ്ട് നയിച്ച അടല്‍ബിഹാരി വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയും രണ്ടുദിവസം മട്ടാഞ്ചേരിയില്‍ താമസിച്ച ടൗണ്‍ഹാളിലെ പരിപാടിക്കു നേതൃത്വം വഹിച്ചു. 1981 ഏപ്രില്‍ മാസത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും അഖിലഭാരതീയ പ്രതിനിധിസഭയുടെ സമ്മേളനം നടന്നത് മട്ടാഞ്ചേരിയിലായിരുന്നു. കൊച്ചിയില്‍ സമ്മേളനം നടത്താന്‍ ദേശീയതലത്തില്‍ തീരുമാനമെടുത്തപ്പോള്‍ കേരളത്തിന്റെ നേതാക്കള്‍, ഇത്തരം അവസരങ്ങളില്‍ മിക്കവാറും അവഗണിക്കപ്പെടുന്ന പശ്ചിമകൊച്ചിയില്‍ അതിന്റെ ഒരു സുപ്രധാന ഭാഗം നടത്തണമെന്ന് അഭിലഷിച്ചു. അങ്ങനെയാണ് മട്ടാഞ്ചേരി ടൗണ്‍ഹാള്‍ വേദിയാക്കപ്പെട്ടത്. സമ്മേളനത്തിനുമുമ്പത്തെ വിഷയനിര്‍ണയ സമിതി ചേരാന്‍ സാമുദ്രീസദനം എന്ന ഹാളും പ്രതിനിധികള്‍ക്കു താമസിക്കാന്‍ ടിഡി ഹൈസ്കൂളും വൈഎന്‍പി ട്രസ്റ്റ് മന്ദിരവും ലഭ്യമായി. നേതാക്കന്മാരെ മുഴുവന്‍ സ്വന്തം വീടുകളില്‍ അതിഥികളായി താമസിപ്പിക്കാന്‍ അവിടത്തെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും തയ്യാറായി. വളരെ കുറച്ചുപേര്‍ക്ക് ഹോട്ടല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തു. അന്യസംസ്ഥാനങ്ങളിലെ മന്ത്രിമാരും മറ്റും സര്‍ക്കാരിന്റെ ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിച്ചു.
ഇന്നത്തെപ്പോലെ രാഷ്ട്രീയ സങ്കുചിത വീക്ഷണത്തിലേക്ക് ചുരുങ്ങിയിരുന്നില്ല അന്ന്. വിവിധ രംഗങ്ങളില്‍ പ്രശസ്തരായ വ്യക്തികളെ സമ്മേളനത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. രാജസ്ഥാനിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മലയാളിയുമായ ഡോ.വി.വി.ജോണ്‍, പത്രപ്രവര്‍ത്തകനും, നാടക, ചലച്ചിത്ര മേഖലകളിലെ ഇരുത്തം വന്ന ആളുമായ ചോ രാമസ്വാമി തുടങ്ങിയവര്‍ അവരില്പ്പെടുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ കൂസാതിരുന്നതിനാല്, ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ട ജസ്റ്റിസ്.കെ.എസ്.ഹെഗഡേ ഔപചാരികമായി ബിജെപിയില്‍ ചേര്‍ന്നതും മട്ടാഞ്ചേരി സമ്മേളനത്തിലായിരുന്നു. രാജ്യത്തിന്റെ സദ്ഭരണത്തിനും ജനായത്തത്തിന്റെ സ്ഥിരതയ്ക്കും വേണ്ടി ബിജെപി രൂപം നല്കിയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള പ്രമേയങ്ങള്‍ അംഗീകരിച്ച ആദ്യ നാഷണല്‍ കൗണ്‍സിലായിരുന്നു മട്ടാഞ്ചേരിയിലേത്.
സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഒട്ടേറെ വകുപ്പുകള്‍ ടൗണ്‍ഹാളില്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തി. വാര്‍ത്താവിതരണത്തിനായി കമ്പിത്തപാല്‍ വകുപ്പ് ചെയ്ത ഏര്‍പ്പാടുകള്‍, എല്ലാം അപര്യാപ്തമായി. ബിജെപി സംഘാടകസമിതി മുന്‍കൂട്ടി ആവശ്യപ്പെട്ട സൗകര്യങ്ങള്‍ അവര്‍ക്ക് അവിശ്വസനീയമായിത്തോന്നിയെന്ന കാര്യം സമ്മതിക്കേണ്ടിവന്നു. അന്തരിച്ച കഥകളിയാശാന് സി.ആര്.രാമന് നമ്പൂതിരിയുടെ ഉത്സാഹത്തില്‍ പ്രതിനിധികള്‍ക്കായി പെണ്‍കുട്ടികള്‍ വേഷക്കാരായി ഒരരങ്ങ് കഥകളിയും ആടിയിരുന്നു. കലാകാരികള്‍ക്കും കലാകാരന്മാര്ക്കും വാജ്പേയി ഉപഹാരങ്ങളും നല്കി.
അതിനും 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1968 ല്‍ മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ ജനസംഘത്തിന്റെ ഒരു പരിപാടിയുണ്ടായി. സാമുദ്രീസദനില്‍ സംഘടിപ്പിക്കപ്പെട്ട നാലുദിവസത്തെ പഠനശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ അടല്‍ജി പങ്കെടുക്കുമെന്നാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന് അവസാന നിമിഷത്തില്‍ നേരിട്ട അസൗകര്യം മൂലം ഡോ.മഹാവീര്‍ പങ്കെടുത്തു. വിഭജനത്തിന് മുമ്പ് ലാഹോറിലെ സംഘപ്രവര്‍ത്തനത്തിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം പിന്നീട് ജനസംഘത്തിന്റെ സമുന്നത നേതാവായി. മധ്യപ്രദേശില്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. രാജ്യസഭയില്‍ അംഗമായിരുന്നയവസരത്തില്, ഇന്ദിരാഗാന്ധി നെഹ്റു കുടുംബം സ്വാതന്ത്ര്യസമരത്തില്‍ ചെയ്ത ത്യാഗത്തെ പുകഴ്ത്തി യുവജന സംഘനേതാക്കളുടെ കുടുംബങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് ആക്ഷേപിക്കുകയും ചെയ്തപ്പോള്‍. ഡോ.മഹാവീര്‍ പ്രതിഷേധിക്കുകയും തന്റെ പിതാവ് 14 വര്‍ഷക്കാലം നാടുകടത്തപ്പെട്ടതും ലാഹോറിലെ വീട്ടില്‍ നിന്ന് ധരിച്ച വസ്ത്രമൊഴികെ മറ്റൊന്നും എടുക്കാന്‍ അനുവാദമില്ലാതെ അമ്മയ്ക്ക് കൈക്കുഞ്ഞുമായി വീടുവിട്ടിറങ്ങേണ്ടി വന്നതുമായ അനുഭവം വികാരനിര്‍ഭരമായി പറയുകയും ചെയ്തപ്പോള്‍, അവര്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നു. ജഗന്നാഥ റാവു ജോഷി, സുന്ദര്‍സിംഗ് ഭണ്ഡാരി, ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലര്‍ വി.കെ.മല്‍ഹോത്ര തുടങ്ങിയവരും ആ പഠന ശിബിരത്തില്‍ സംസാരിക്കാന്‍ വന്നിരുന്നു.
എറണാകുളം ടൗണ്ഹാളിനുമുണ്ടായിരുന്നു അതുപോലെ ആവേശദായകങ്ങളായ നിമിഷങ്ങള്‍. 1970 ഏപ്രിലില്‍ ഭാരതീയ ജനസംഘത്തിന്റെ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തിന്റെ വേദി എറണാകുളത്തായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ഇന്നത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലം ചതുപ്പുപോലെ കിടന്നിരുന്നു. അവിടെ സമ്മേളനവേദി തയ്യാറാക്കി 4000 പേര്‍ക്കിരിക്കാനുള്ള പന്തലും ഭക്ഷണശാലകളും പത്രക്കാര്‍ക്കും മറ്റുമുള്ള ഇടങ്ങളുമൊക്കെ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കി. മൈതാനം വൃത്തിയാക്കിയെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആഴ്ചകളോളം അധ്വാനിച്ചു. കോഴിക്കോട്ടെ അഖിലഭാരത സമ്മേളനത്തിനുശേഷം ജനസംഘം കേരളത്തില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയായിരുന്നു അത്. ദേശീയാധ്യക്ഷന്‍ അടല്‍ബിഹാരി വാജ്പേയിയും രാജമാതാ വിജയ രാജേസിന്ധ്യെയുമായിരുന്നു മുഖ്യ ആകര്‍ഷണം. ടി.എന്‍.ഭരതന് സംസ്ഥാനാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനമേറ്റത് അവിടെയായിരുന്നു. തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന് ഭരതേട്ടന് വിശേഷിപ്പിച്ചത് പ്രവചനം പോലെയായി. കാതടിപ്പിക്കുന്ന ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് അത് സ്വീകരിച്ചത്.
ആ സമ്മേളനത്തിന്റെ ഭാഗമായ യുവജനസദസ്സ് നടത്തപ്പെട്ടത് ടൗണ്‍ഹാളിലായിരുന്നു. അതിലെ മുഖ്യപ്രഭാഷണം അടല്ജിയുടെതായിരുന്നു. പ്രൊഫ.എസ്.ലക്ഷ്മിനാരായണന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബാല്‍ക്കണിയടക്കം ടൗണ്‍ഹാളും വരാന്തകളും തിങ്ങിനിറഞ്ഞ യുവാക്കള്‍ പങ്കെടുത്തിരുന്നു.
ബിജെപിയുടെ അദ്ധ്യക്ഷനായി ഡോ.മുരളീമനോഹര്‍ ജോഷി തെരഞ്ഞെടുക്കപ്പെട്ട് സ്ഥാനമേല്‍ക്കും മുമ്പ് മുന്‍നിശ്ചിത പരിപാടിയനുസരിച്ച് കേരള പര്യടനത്തിനെത്തിയപ്പോള്‍ ആദ്യം നല്കപ്പെട്ട സ്വീകരണം എറണാകുളം ടൗണ്‍ഹാളിലായിരുന്നു.
ജന്മഭൂമിയെ സംബന്ധിച്ചും ടൗണ്‍ഹാള്‍ അവിസ്മരണീയമാണ്. ഏതാണ്ട് രണ്ടുവര്‍ഷം അടിയന്തരാവസ്ഥ സമ്മാനിച്ച വിരാമത്തിനുശേഷം ജന്മഭൂമിയുടെ പുനരുത്ഥാനത്തിന് തുടക്കമിട്ടത് 1977 നവംബര്‍ 14 ന് എറണാകുളം ടൗണ്‍ഹാളിലായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പത്രപ്രവര്‍ത്തന രംഗങ്ങളിലെ മഹാരഥന്മാര് പങ്കെടുത്ത തിങ്ങിനിറഞ്ഞ സദസ്സിലാണ് മുഖ്യപത്രാധിപര്‍ പ്രൊഫ.എം.പി.മന്മഥന് ജന്മഭൂമിയെ കൈപിടിച്ചു നയിച്ചിറക്കിയത്.
ഒട്ടേറെ മധുരസ്മരണകള് തന്നു കഴിഞ്ഞ കൊച്ചി മഹാനഗരത്തിലെ രണ്ട് ടൗണ്‍ഹാളും ആധുനിക നഗരത്തിനും സമൂഹത്തിനും പുതിയ സംരംഭങ്ങള്‍ക്ക് വേദികളാവാനായി നവീകരിക്കപ്പെട്ട് തിലകക്കുറികളാകാന് പോകുന്നുവെന്നത് സന്തോഷകരം തന്നെ. അവിടെ വന്നുപോയ മഹത്തുക്കളെയും നടന്ന സംഭവങ്ങളെയും മനഃപൂര്‍വം മറച്ചുവെക്കുന്നത് ഉചിതമല്ല.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: