മുംബയ്: 1993ലെ മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്തിന് പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി. അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിക്കണമെന്ന് അറിയിച്ചാണ് ദത്ത് പരോളിന് അപേക്ഷ നല്‍കിയത്. പൂനെയിലെ ഡിവിഷണല്‍ കമ്മീഷണര്‍ ഇത് അംഗീകരിക്കുകയായിരുന്നു. പൂനെയിലെ യെര്‍വാഡ ജയിലിലാണ് സഞ്ജയ് ദത്ത് കഴിഞ്ഞിരുന്നത്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ദത്തിന് പരോള്‍ അനുവദിക്കുന്നത്. ചികിത്സയ്ക്കെന്ന പേരില്‍ കഴിഞ്ഞ ഒക്ടോബറില്‍ പരോളിലിങ്ങിയ ദത്തിന് അന്ന് 14 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കിയിരുന്നു. അതേസമയം അതേസമയം സുഖമില്ലാതെ കിടപ്പിലാണെന്ന് പറഞ്ഞ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ബിടൗണിലെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു. അറിയപ്പെടുന്ന സിനിമാതാരം സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ മന്യത പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ദത്തിന് അടിക്കടി പരോള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് അതേക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ദത്തിന് ജയിലില്‍ യഥേഷ്ടം മദ്യവും ബിയറും ലഭിക്കുന്നതായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ വിനോദ് താവ്ഡെ നേരത്തെ ആരോപിച്ചിരുന്നു.
സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ പൂനെയിലെ യേര്‍വാഡ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: