കോട്ടയം: ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവാതിരയും ക്രൈസ്തവവത്കരിക്കുന്നു. ഹിന്ദു അനുഷ്ഠാനങ്ങള്‍ പലതും സ്വന്തമാക്കിയതിന്റെ തുടര്‍ച്ചയായാണ് തിരുവാതിരകളിയും ക്രിസ്തീയവത്കരിക്കുന്നത്. ധനുമാസത്തിലെ ആതിരനാളില്‍ ഭഗവാന് പരമേശ്വരന്റെയും പാര്‍വ്വതി ദേവിയുടെയും പ്രീതിക്കായാണ് വ്രതം നോറ്റ് തിരുവാതിര കളിക്കുന്നത്. എന്നാല്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ‘തിരുവാതിര ക്രിസ്മസ്’ സംഘടിപ്പിച്ച് ഹൈന്ദവാചാരങ്ങളെ ക്രൈസ്തവനേതൃത്വം അവഹേളിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ക്രിസ്തുവിന്റെ അപദാനങ്ങള്‍ പാടി തിരുവാതിര ചുവട് വെയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് ‘ക്രിസ്മസ് തിരുവാതിര’ എന്ന് പേര് നല്‍കിയതാണ് വിവാദമായിരിക്കുന്നത്. തിരുവാതിരയെ അനുകരിച്ച് ക്രൈസ്തവര്‍ പതിറ്റാണ്ടുകള്‍ മുമ്പ്തന്നെ മാര്‍ഗ്ഗം കളി എന്ന നൃത്തരൂപം അവതരിപ്പിച്ച് തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ക്രിസ്മസ് തിരുവാതിര എന്ന പേരില്‍ തിരുവാതിരകളി തന്നെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.
സിഎസ്ഐ സഭ, മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളും വിവിധ കത്തോലിക്കാ റീത്തുകളും സംയുക്തമായി കോട്ടയം എക്യുമെനിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തിലാണ് ക്രിസ്മസ് തിരുവാതിരയും അവതരിപ്പിക്കുന്നത്. ലൂര്‍ദ് ഫെറോനാ പള്ളിയില്‍ നടക്കുന്ന ആഘോഷം ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്യും.
ക്രൈസ്തവരായ കുട്ടികളെ മറ്റ് മതസ്ഥര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിക്കാന്‍ അയയ്ക്കരുതെന്ന് നേരത്തെ വിവാദ പ്രസ്താവന നടത്തിയ മാര്‍ ജോസഫ് പവ്വത്തില്‍ തന്നെ ക്രിസ്മസ് തിരുവാതിര ഉള്‍പ്പെടുത്തിയ ആഘോഷം ഉദ്ഘാടനം ചെയ്യുന്നുവെന്നതും ശ്രദ്ധയമാണ്. കഥകളിയില്‍ വരെ യേശുചരിതം ആടിയവര്‍ ഭാവിയില്‍ തെയ്യങ്ങളും കയ്യടക്കാന്‍ ശ്രമം നടത്തുമോയെന്ന ചോദ്യങ്ങള്‍ ഉയരുന്നു. ഭഗവാന് ശ്രീപരമേശ്വരന്റെ പിറന്നാളായ ധനുമാസത്തിലെ ആതിര നാളില്‍ സ്ത്രീകള്‍ ദീര്‍ഘമംഗല്യത്തിനും അനുരൂപനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനുമാണ് വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് തിരുവാതിര കളിക്കുന്നത്.
പാലാഴി മഥനത്തിനിടെ കയറായി ഉപയോഗിച്ച വാസുകിയില്നിന്നു പുറത്തു വന്ന കാളകൂടവിഷം ഭൂമിയില്‍ പതിക്കാതിരിക്കാന്‍ ശ്രീപരമേശ്വരന് വിഴുങ്ങി. ഇത് ഉള്ളിലേക്ക് കടന്ന് ഭഗവാന് ദോഷം ഉണ്ടാകാതിരിക്കാന്‍ ശ്രീപാര്‍വ്വതി ഭഗവാന്റെ കഴുത്തില്‍ അമര്‍ത്തിപിടിച്ച് വ്രതമനുഷ്ഠിച്ചു….. തുടങ്ങിയ ഐതിഹ്യങ്ങളാണ് തിരുവാതിരയുമായി ബന്ധപ്പെട്ടുള്ളത്. ക്രിസ്മസ് തിരുവാതിരയ്ക്ക് ഇനി എന്ത് കഥകളാകും ക്രൈസ്തവമത മേധാവികള്‍ പ്രചരിപ്പിക്കുകയെന്നത് കാത്തിരുന്ന് കാണാം.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: