തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ ത്യാഗമനോഭാവവും രാഷ്ട്രത്തോടുള്ള സമര്‍പ്പണ ബോധവുമുണ്ടാകണമെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. കനകക്കുന്ന് കൊട്ടാരത്തിനു സമീപം കെ.കരുണാകരന്റെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തശേഷം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനമനസുകളില്‍ അംഗീകാരം നേടണമെങ്കില്‍ ജനങ്ങള്‍ക്കും രാഷ്ട്രത്തിനും വേണ്ടി പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ സമ്പൂര്‍ണ്ണ വിജയം നേടാനാവൂ. ഈ നേട്ടം കുറുക്കുവഴികളിലൂടെ കൈവരിക്കാനാവില്ല. ത്യാഗത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നേട്ടം കൈവരിച്ച വ്യക്തിയാണ് കെ.കരുണാകരന്.
നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരു നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിനെ അഭിസംബോധനചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച കെ.പി.സി.സി പ്രസിഡന്റും കരുണാകരന് ഫൗണ്ടേഷന് ചെയര്‍മാനുമായ രമേശ്ചെന്നിത്തലയുടെ ആവശ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി വയലാര്‍ രവി, കെ.മുരളീധരന് എം.എല്‍.എ, പത്മജ വേണുഗോപാല്‍, കേന്ദ്ര സഹമന്ത്രിമാരായ ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, എന്‍.പീതാംബരകുറുപ്പ് എം.പി, മന്ത്രി വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മ്യുസിയം ജംഗ്ഷനോട് ചേര്‍ന്ന് അഞ്ചു സെനൃ ഭൂമിയിലാണ് 12 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ പൂന്തോട്ടവും ഒരുക്കും. പ്രതിമ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും പൂന്തോട്ടത്തിന് 22 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കെ.എസ്.സിദ്ധനാണ് പ്രതിമയുടെ ശില്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: