തിരുവനന്തപുരം: അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ശബരിമലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും ടയറുകളുടെ കണ്ടീഷനും കേരള ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കുമെന്ന് ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ശബരിമലയിലെ അപകടങ്ങള്‍ ഒഴിവാക്കാനായി മോട്ടോര്‍വാഹനവകുപ്പ് നടപ്പാക്കിയ സേഫ് സോണ്‍ പദ്ധതി വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊടുംവളവുകളിലെ അപകടങ്ങളൊഴിവാക്കുന്നതിനായി ആറ് കോണ്‍വെക്സ് കണ്ണാടികളും സ്ക്വാഡുകള്‍ തമ്മില്‍ ബന്ധപ്പടുന്നതിനായി ഇരുപതോളം വയര്‍ലെസ് സെറ്റുകളും 10 വാഹനങ്ങളുമായി എലവുങ്കലില്‍ കേന്ദ്രീകരിച്ചും എരുമേലിയില്‍ സബ്കണ്‍ട്രോള്‍ ആഫീസുമായി ആണ് സേഫ് സോണ്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്മാക്കും മറ്റ് അധികാരികള്‍ക്കും ഇവിടെ നിന്നും കത്ത് മുഖേനയും ഫോണിലും ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനക്ഷമതയില്ലാത്ത വാഹനങ്ങളില്‍ തീര്‍ത്ഥയാത്ര ഒഴിവാക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് നല്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമലയാത്ര സുഗമമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ദക്ഷിണേന്ത്യയിലെ ആറുഭാഷകളില്‍ അച്ചടിച്ച് ചെക്ക് പോസ്റ്റുകളിലൂടെ വിതരണം ചെയ്തുവരുന്നു.
ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഏകദേശം 8 ലക്ഷത്തോളം വാഹനങ്ങളാണ് ഇതേവരെ ശബരിപാതയിലൂടെ കടന്നുപോയത്. ചെറുതും വലുതുമായ 41 ഓളം അപകടങ്ങളിലായി ഇതേവരെ 82 ഓളം പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: