മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബി ഗ്രൂപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാത്രി ഏഴിന് എറണാകുളം ഗോള്‍ഡന്‍ ത്രെഡ്സ് തിരുവനന്തപുരം എസ്ബിടിയെ നേരിടും. ക്ലബ്ബ് ഫുട്ബാള്‍ മുന്‍ ചാമ്പ്യനാണ് ഗോള്‍ഡന്‍ ത്രെഡ്സ്. എസ്ബിടി നിലവിലെ രണ്ടാം സ്ഥാനക്കാരും.
വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിനെ ഏകപക്ഷീയമായ മൂന്ന് ഗോളിനു തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രെഡ്സ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ കാസര്‍കോട് ജില്ലാ ചാമ്പ്യന്‍ ആക്മെ തൃക്കരിപ്പൂരായിരുന്നു എസ്ബിടിയുടെ എതിരാളി. മറുപടിയില്ലാത്ത അഞ്ച് ഗോളിനായിരുന്നു ബാങ്ക് ടീമിന്റെ വിജയം. പി. ഉസ്മാന് രണ്ടും സുമേഷ്, ടി. സജിത്, ഫൈസല്‍ റഹ്മാന് എന്നിവര്‍ ഒന്നു വീതവും ഗോള്‍ നേടി. കളിയുടെ രണ്ട്, 32, 43, 48, 57 മിനിറ്റുകളിലായിരുന്നു ഗോള്‍ വീഴ്ച.
കാല്‍പ്പന്തുകളിയിലെ അടവുകള്‍ ഹൃദിസ്ഥമാക്കിയവരാണ് ഇന്ന് മുഖാമുഖം. സന്തോഷ്ട്രോഫി താരമായ അബ്ദുല്‍ നൗഷാദാണ് എസ്ബിടിയുടെ ക്യാപ്റ്റന്‍. ഗോള്‍ഡന്‍ ത്രെഡ്സിന്റെ നായകന് നൈജീരിയക്കാരന് ചിമേസിയും. എന്‍.കെ.നൗഫലാണ് എസ്ബിടിയുടെ വലകാവല്ക്കാരന്. മറുഭാഗത്ത് ടി.സൗനേഷാണ് ബാറിനു കീഴില്‍. പി.ഉസ്മാന്, എം.ഡി.അസ്ലം എന്നീ സന്തോഷ്ട്രോഫി താരങ്ങള്‍ എസ്ബിടി മുന്നേറ്റനിരയിലെ കരുത്തരാണ്. ചിമേസിയും മുന്‍ ജോസ്കോ എഫ്സി താരം ജിനേഷുമാണ് ഗോള്‍ഡന്‍ ത്രെഡ്സിന്റെ ആക്രമണനിരയിലെ പ്രമുഖര്‍.
ഹാരിസ്, ഷമീര്‍, സജിന്‍ സെബാസ്റ്റ്യന്‍, കെ.പി.റൂമി, അന്‍സല്‍, വിജേഷ്കുമാര്, ജിനേഷ്, റിന്റോ ആന്‍ണി, എല്‍ദോസ് പോ, ലിജു തോമസ്, സിബിന്, ഫ്രാന്‍സിസ് എന്നീവരാണ് എറണാകുളം ജില്ലാ റണ്ണേഴ്സപ്പായ ഗോള്‍ഡന്‍ ത്രെഡ്സ് ടീമിലെ മറ്റംഗങ്ങള്‍. അല്‍ഫോന്‍സ് ജോസാണ് പരിശീലകന്.
വി.പി. ഷാജിയുടെ ശിക്ഷണത്തിലുള്ള എസ്ബിടി താരനിരയിലെ എസ്.ലിജോ, വയനാട്ടുകാരനുമായ പി.എം. ഷജീര്‍, ആര്. പ്രസൂണ്‍ എന്നിവര്‍ അണ്ടര്‍ 21 സംസ്ഥാന താരങ്ങളാണ്. ടി. സജിത്, എന്‍. ജോണ്സന്, സുമേഷ്, ഷിബിന്‍ലാല്‍, ജീന്‍ ക്രിസ്റ്റിന്, റോബിന് രാജു, മാത്യൂസ്. കെ. ജോര്‍ജ്, ആഷിഫ് സഹീര്‍, എം.ഡി. അസ്ലം, മാര്ട്ടിന് ജോണ്‍, ഫൈസല്‍ റഹ്മാന് എന്നിവരും ടീമിലുണ്ട്. സന്തോഷ്ട്രോഫി താരങ്ങളാണ് ഇവരില്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: