ന്യൂദല്‍ഹി: അണ്ണാഹസാരെയേയും തന്നെയും തമ്മില്‍ അകറ്റാന്‍ ചിലര്‍ കോടികള്‍ ചെലവാക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള് ആരോപിച്ചു. ഹസാരെ തന്റെ ഗുരുവാണ്. എന്റെ ഹൃദയത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളതെന്നും കേജ്രിവാള് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കേജ്രിവാള് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഗുരുവായ അദ്ദേഹം പറഞ്ഞു നല്കിയ എല്ലാ കാര്യങ്ങളും എനിക്ക് ആവശ്യമുള്ളതാണ്. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളെ തമ്മിലകറ്റാന്‍ പണം ചെലവാക്കുന്നുണ്ട്. കോടികളാണ് ഇതിനുവേണ്ടി ചെലവഴിക്കുന്നതെന്നും കേജ്രിവാള് ആരോപിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ മോശം വ്യക്തികളാണ് ഇതിന് പിന്നില്‍. ഇവര്‍ സംഘം ചേര്‍ന്നാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
2011ലാണ് ഹസാരെയും, കേജ്രിവാളും അഴിമതിക്കെതിരായി സമരം ആരംഭിച്ചത്. എന്നാല്‍ ഇടക്കാലത്ത് ഇരുവരും വഴിപിരിഞ്ഞു. തുടര്‍ന്ന് പാര്‍ട്ടി രൂപീകരിച്ച കേജ്രിവാള് ദല്‍ഹിയില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. അഴിമതിക്കെതിരായി ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ റലേഗന്സിന്ധിയില് ഒമ്പതു ദിവസമായി നടത്തിവന്ന നിരാഹാര സമരം ഹസാരെ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ലോക്പാല്‍ നിയമം യാഥാര്‍ത്ഥ്യമായതോടെയാണ് ഹസാരെ നിരാഹാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: