ശബരിമല : സന്നിധാനത്തും പരിസരത്തും സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അനധികൃത കച്ചവടം നടത്തിയതിനും ഭക്ഷണത്തിന് അമിതവില ഈടാക്കിയതിനും അളവുകുറച്ചു നല്‍കിയതിനും വിരികള്‍ക്ക് അമിതവില ഈടാക്കിയതിനും 48 കേസുകളിലായി 1.28 ലക്ഷം രൂപ പിഴയീടാക്കി.
സ്വാമി അയ്യപ്പന് റോഡില്‍ ചരല്മേടിനു സമീപം അനധികൃതമായി സൂക്ഷിച്ച 70 കിലോ കപ്പലണ്ടി, നാലു മണ്ണെണ്ണ സ്റ്റൗ, ഡീസല്‍, മണ്ണെണ്ണ എന്നിവ പിടികൂടി. അനധികൃതമായി കച്ചവടം നടത്തിയ ആറു പേരെ പിടികൂടി പിഴ ഈടാക്കി. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് സി.ആര്. കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്‍.കെ. രമേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
റെയ്ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ് കെ. മോഹനന്, റേഷനിങ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, വില്ലേജ് ഓഫീസര്‍ സന്ദീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രതീശന് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്തജനങ്ങള്‍ക്ക്9497850865 ,9447752677, 04735202013 എന്നീ ഫോണ്‍നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: