കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിനും പുതിയ തസ്തികകള്‍ അനുവദിക്കുന്നതിനും നിരോധനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് അധികാരത്തിലെത്തി രണ്ടര വര്‍ഷത്തിനുള്ളില്‍ 82000 പേരെ പി.എസ്.സി മുഖേന നിയമിച്ചു. 47000 പുതിയ തസ്തികകളും അനുവദിച്ചു. നിലവിലുള്ള തസ്തികകളില്‍ ഒന്നു പോലും ഒഴിഞ്ഞു കിടക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാത്തെ രണ്ടാമത്തെ മേഖലാ തല മരുന്ന് പരിശോധന കേന്ദ്രം കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാക്കനാട് മേഖലാതല മരുന്ന് പരിശോധന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 72 ജീവനക്കാരെയാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഇവിടേക്ക് ആവശ്യപ്പെട്ടത്. ആദ്യപടിയായി 30 പേരെ അനുവദിച്ചു. ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. വിദ്യാഭ്യാസം, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി നഗരത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു പോകുന്നു. പദ്ധതിയുടെ രണ്ടാംഘട്ടം സംബന്ധിച്ച പഠനവും ഇതോടൊപ്പം നടക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ജീവന്‍രക്ഷാമരുന്നുകളുടെ വിലനിയന്ത്രണ പട്ടിക അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം അനുവദിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നേരത്തെ 75 മരുന്നുകള്‍ മാത്രമുണ്ടായിരുന്ന പട്ടികയില്‍ ഇപ്പോള്‍ 422 മരുന്നുകളാണുള്ളത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായാണ് നാല് മേഖലാതല പരിശോധന കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്രയും പരിശോധന കേന്ദ്രങ്ങളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്തെ പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തൃശൂരില്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കും. ഇതിനായി 2.5 കോടി രൂപ വീതം സര്‍ക്കാരും ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും മുടക്കും. കോഴിക്കോട്, പത്തനംതിട്ടയിലെ കോന്നി എന്നിവിടങ്ങളിലാണ് മറ്റ് മേഖലാതല പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങളായതോടെ എണ്ണായിരം ബാച്ച് മരുന്നുകള്‍ പ്രതിവര്‍ഷം പരിശോധിക്കാനാണ് സൗകര്യമൊരുങ്ങിയിരിക്കുന്നത്. കാക്കനാട് പ്രാഥമികാരോഗ്യ കേന്ദ്രം ആദ്യഘട്ടത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായും തുടര്‍ന്ന് താലൂക്ക്് ആശുപത്രിയായും വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയില്‍ റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നത് സംബന്ധിച്ച് 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എക്സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറായിട്ടുണ്ട്. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്ന് പരിശോധന കേന്ദ്രത്തിന്റെ താക്കോല്‍ ദാനവും മന്ത്രി കെ. ബാബു നിര്‍വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ താക്കോല്‍ സ്വീകരിച്ചു.
പത്ത് കോടി രൂപ ചെലവില്‍ 25000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലോകോത്തര നിലവാരത്തില്‍ സ്ഥാപിച്ചിട്ടുള്ള ലാബറട്ടറിയില്‍ പ്രതിവര്‍ഷം പതിനായിരം മരുന്ന് സാമ്പിളുകള്‍ പരിശോധിക്കാന്‍ സൗകര്യമുണ്ട്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെയും സൗന്ദര്യവര്‍ധകവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊച്ചി, കോന്നി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖല ലാബറട്ടറികള് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2010ലാണ് കാക്കനാട് ലാബറട്ടറിയുടെ ശിലാസ്ഥാപനം നടന്നത്. 6500 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുള്ള കേരളത്തിലെ ഔഷധവിപണിയിലേക്ക് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളുടെ 15 ശതമാനവും എത്തുന്നുണ്ട്. 70000ലേറെ വരുന്ന വിവിധ മരുന്നുചേരുവകളില് കേവലം ആറ് ശതമാനം മാത്രമാണ് നിലവില്‍ പരിശോധനയ്ക്കായി ശേഖരിക്കുന്നത്. മേഖല ലാബറട്ടറികള് പ്രവര്‍ത്തനസജ്ജമാകുന്നതോടെ 25 ശതമാനം മരുന്നുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനാകും. നിലവില്‍ തിരുവനന്തപുരത്തെ ലാബറട്ടറിയില്‍ പരിശോധിച്ച നാലായിരത്തോളം സാമ്പിളുകളില്‍ അഞ്ച് ശതമാനം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. കൂടുതല്‍ മരുന്നുകള്‍ പരിശോധിക്കാന്‍ സംവിധാനമൊരുങ്ങുന്നതോടെ ഗുണനിലവാരരംഗത്ത് ഡ്രഗ്സ് കണ്ട്രോള് വകുപ്പിന് ഫലപ്രദമായി ഇടപെടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: