കോട്ടയം: രണ്ടു പതിറ്റാണ്ടു മുമ്പു സംഭവിച്ച സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വീണ്ടും നീളുന്നു. പുനരന്വേഷണം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കണമെന്നാണ് ഹൈക്കോടതി അന്വേഷണസംഘമായ സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമാണ് സിബിഐ പോലുള്ള എട്ട് ഏജന്‍സികള്‍ അന്വേഷിച്ച കേസില്‍ വീണ്ടും അന്വേഷണത്തിനു ഹൈക്കോടതിയുടെ നിര്‍ദ്ദേശം വരുന്നത്.
1992 മാര്‍ച്ച് 27 ന് രാവിലെയാണ് കോട്ടയം നഗരമദ്ധ്യത്തിലെ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. 1992 മാര്‍ച്ച് 31നാണ് മരണം കൊലപാതകമെന്ന് ആരോപിക്കപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രൂപം കൊണ്ടു. 1992 ഏപ്രില്‍ ഏഴിന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 1993ല്‍ ജനുവരി 30ന് മരണം ആത്മഹത്യയാണെന്ന് ക്രൈം ബ്രാഞ്ച് ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ടു നല്കി. 1993 മാര്‍ച്ച് 23 ന് കേരള ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം സിബിഐ നടത്തി വരവേ കേസന്വേഷണത്തിലെ ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്നു സിബിഐ ഡിവൈഎസ്പി വര്‍ഗീസ് തോമസ് രാജിവെച്ചു. ഇതേ തുടര്‍ന്ന് സിസ്റ്റര്‍ അഭയയുടെ മരണം വീണ്ടും വിവാദത്തിലായി. 1995 ഏപ്രില്‍ ഏഴിന് സിബിഐ സംഘം പയസ് ടെന്ത് കോണ്‍വന്റിലെത്തി ഡമ്മി പരീക്ഷണം നടത്തി. ഈ ടീമാണ് അഭയ കെല്ലപ്പെട്ടതാണെന്ന ആദ്യറിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് 1996 മാര്‍ച്ച് 18ന് സെക്രട്ടറിയേറ്റിലേക്ക് ബഹുജനറാലി. 1996 ജൂലൈ ഒന്നിന് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1996 ഓഗസ്റ്റ് 20ന് തെളിവുനല്കുന്നവര്ക്ക് സിബിഐ മൂന്നുലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചു. പക്ഷേ മുന്നോട്ടു പോകുന്നില്ലെന്ന കാരണം പറഞ്ഞ് സിബിഐ കേസന്വേഷണം അവസാനിപ്പിക്കാന്‍ റണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും 1997 മാര്‍ച്ച് 20ന് അഭയയുടെ പിതാവിന്റെ അപ്പീലിനെ തുടര്‍ന്ന് പുനരന്വേഷണത്തിന് കോടതി ഉത്തരവാകുകയായിരുന്നു. 1998 മുതല്‍ 2008 വരെ നീണ്ട വിവിധ തരത്തിലുള്ള അന്വേഷണങ്ങളിലൂടെയാണ് സിസ്റ്റര്‍ അഭയയുമായി ബന്ധപ്പെട്ടുള്ള കൊലപാതികകളെ സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തു കൊണ്ടുവരുവാന്‍ സിബിഐ അന്വേഷണ സംഘത്തിനു കഴിഞ്ഞത്. ഇവരെ അറസ്റ്റു ചെയ്തതും വിവാദമാകുകയുണ്ടായി.
സിബിഐ അറസ്റ്റു ചെയ്ത വൈദികനും, കന്യാസ്ത്രീയുമൊക്കെ ഇന്ന് ജാമ്യത്തില്‍ സ്വതന്ത്രരാണ്. ക്നാനായ റോമന്‍ കത്തോലിക്കാസഭയിലെ സെന്റ് ജോസഫ്സ് സമൂഹത്തിലെ കന്യാസ്ത്രീ ആയിരുന്ന അഭയയുടെ കൊലയാളികള്‍ കോടിക്കണക്കിന് രൂപയൊഴുക്കി ആദ്യം ഘട്ടം മുതല്‍ തന്നെ സംരക്ഷണം തീര്ത്തിരുന്നുവെന്ന ആരോപണങ്ങള്‍ക്കു മേലുള്ള അന്വേഷണങ്ങളെല്ലാം രാഷ്ട്രീയ സ്വാധീനത്താല്‍ മരവിച്ചിരിക്കെയാണ് കേരള ഹൈക്കോടതി പുനരന്വേഷണം ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. അഭയയുടെ മരണം ആത്മഹത്യയാണെന്ന് ഇന്നും അവകാശപ്പെടുന്ന അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി: കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതി നിര്‍ദ്ദേശം.
ലോക്കല്‍ പോലീസും ്രെകെംബ്രാഞ്ചും ഒടുവില്‍ സിബിഐയിലെ നിരവധി അന്വേഷണ സംഘങ്ങളും പലപ്പോഴായി മുട്ടുമടക്കിയത് കേരളം കണ്ടതിനൊടുവിലാണ് രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും സിബിഐ ഡിവൈഎസ്പി നന്ദകുമാറന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2008 നവംബര്‍ 18 വരെ നീണ്ട 17 വര്‍ഷം വേണ്ടി വന്നു ഈ കേസ് ഒരു വഴിത്തിരിവിലെത്തിക്കുന്നതിനെന്നത് ശ്രദ്ധേയമാണ്. 1995 ല്‍ കൊലപാതകമെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തുടര്‍ന്ന് കൊലപാതകമെന്നോ, ആത്മഹത്യയെന്നോ വ്യക്തമല്ലെന്നുകാട്ടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളി. 1999ല്‍ സംഭവം കൊലപാതകം, പക്ഷേ പ്രതികളെ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്. നീണ്ട എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഫാ. കോട്ടൂര്‍, ഫാ. പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ ബാംഗ്ലൂരില്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കി. 2008 നവംബര്‍ ഏഴിന് കേസന്വേഷണം സിബിഐ കേരള യൂണിറ്റിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രണ്ട് പുരോഹിതരെയും ഒരു കന്യാസ്ത്രീയെയും സിബിഐ അറസ്റ്റ് ചെയ്തു.
നവംബര്‍ 25ന് അഭയകേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത എഎസ്ഐ വി.വി. അഗസ്റ്റിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2009 ജനുവരി രണ്ടിന് ഹൈക്കോടതി ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ജനുവരി 14 ന് കേസ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന് വിട്ടു. ജൂണ്‍ 20ന് നാര്‍ക്കോ അനാലിസിസില്‍ കൃത്രിമത്വം കണ്ടെത്തി. ജൂലൈ 17 സിബിഐ മൂന്നു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇപ്പോള്‍ തിരുവനന്തപുരം സിബിഐ(സ്പെഷ്യല്‍) കോടതിയില്‍ വിചാരണയിലിരിക്കെയാണ് ഹൈക്കോടതിയുടെ പുനരന്വേഷണ ഉത്തരവുണ്ടായിരിക്കുന്നത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: