കൊച്ചി: ശാന്തിതീരം ട്രസ്റ്റിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളില്‍ പ്രതിയായ സന്തോഷ് മാധവനെ ഒരു കേസില്‍ ശിക്ഷ ശരിവെച്ച ഹൈക്കോടതി മറ്റേ കേസില്‍ സംശയത്തിന്റെ ആനുകൂല്യം നല്കി കുറ്റവിമുക്തനാക്കി. എട്ടുവര്‍ഷം തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ രണ്ട് കേസുകളില്‍ 16 വര്‍ഷം കഠിനതടവിനും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമായി നേരത്തെ ശിക്ഷ വിധിച്ചിരുന്നു.
ആദ്യ കേസില്‍ പെണ്‍കുട്ടി കൂറുമാറി. ലൈംഗിക ദൃശ്യങ്ങളുള്ള സിഡി തെളിവായി സ്വീകരിച്ച് പ്രതിയെ ശിക്ഷിച്ച കീഴ്ക്കോടതി നടപടി ക്രിമിനല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സിഡിയുടെ വിശ്വാസ്യത, ആരാണ് ദൃശ്യം പകര്‍ത്തിയത്, സാങ്കേതികത്വം തുടങ്ങിയവ വ്യക്തമല്ല. സിഡിയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. സിഡി ദൃശ്യം പരിശോധിച്ച് കീഴ്ക്കോടതി ശിക്ഷ വിധിക്കുന്നത് നിയമസംവിധാനത്തിനെതിരാണ്. ദൃശ്യങ്ങളെക്കുറിച്ച് സാക്ഷിയോട് ഒന്നും ചോദിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വീഡിയോദൃശ്യങ്ങള്‍ തെളിവുകളായി യോജിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി സന്തോഷ് മാധവനെ ആദ്യ കേസില്‍നിന്നും കുറ്റവിമുക്തനാക്കിയത്.
രണ്ടാമത്തെ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശക്തമായ മൊഴി പരിഗണിച്ച ഹൈക്കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. “എനിക്ക് ഈ കേസ് ജയിച്ചിട്ട് ഒന്നും നേടാനില്ല” എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഈ സാഹചര്യത്തില്‍ തെളിവുകള്‍ പരിഗണിച്ച കോടതി സന്തോഷ് മാധവന്റെ ശിക്ഷ വിധിച്ചു. വ്യാജപുരോഹിതനായും ജ്യോതിഷിയായും ചമഞ്ഞ് പ്രതി ഹീനമായ കുറ്റമാണ് ചെയ്തതതെന്ന് നിരീക്ഷിച്ച ഹൈക്കോടതി എട്ട്വര്‍ഷം ശിക്ഷിച്ച നടപടി ശരിവെച്ചു. ഇതിലുമേറെ കുട്ടികളെ പ്രതി പീഡിപ്പിച്ചുകാണുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി. ഭവദാസനാണ് സന്തോഷ് മാധവന്റെ അപ്പീല്‍ പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: