തിരുവനന്തപുരം: എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസിന് പിണറായി വിജയന്റെ ശാസന. പാര്‍ട്ടി പിളര്‍ന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ഒരു വിഭാഗത്തെയും എല്‍ഡിഎഫ് നിലനിര്‍ത്തില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്കി. സ്കറിയാതോമസിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പി.സി.തോമസിനെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് ഇരുവിഭാഗത്തോടും പിണറായി സംസാരിച്ചത്.
മുന്നണിയോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി.തോമസ്, വി.സുരേന്ദ്രന് പിള്ള, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തിയാണ് പിണറായി നിലപാട് അറിയിച്ചത്. പാര്‍ട്ടി പിളര്‍ന്നാല്‍ ഇരു വിഭാഗവും മുന്നണിയില്‍ ഉണ്ടാകില്ല. പി.ജെ.ജോസഫ് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍ പല എതിര്‍പ്പുകളും മറികടന്നാണ് കേരളാകോണ്‍ഗ്രസിനെ മുന്നണിയില്‍ നിലനിര്‍ത്തിയത്. അത് ഓര്‍മ്മയില്‍ വേണമെന്നും പിണറായി മുന്നറിയിപ്പ് നല്കി.
ഏറെ നാളായി നിലനിന്ന ഭിന്നത ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയോട് കേരള കോണ്‍ഗ്രസ് നേതാവായ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ഖേദം പ്രകടിപ്പിച്ചതോടെയാണ് മറനീക്കിയത്.
ജോര്‍ജ്ജ് സെബാസ്റ്റ്യനെ സസ്പെന്‍ഡ് ചെയ്തതായി ഇതിന് ശേഷം പി.സി.തോമസ് അറിയിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി സ്കറിയാ തോമസ് രംഗത്തുവന്നു. മാത്രമല്ല പി.സി.തോമസിനെ ചെയര്മാന് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി സ്കറിയാ തോമസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങളും പ്രത്യേകം യോഗവും ചേര്‍ന്നു.
എന്നാല്‍ യാക്കോബായ സഭ ബിഷപ്പ് ഇടപെട്ട് പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ജോര്‍ജ്ജ് സെബാസ്റ്റ്യനെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: