കോഴിക്കോട്: താമരശ്ശേരി അക്രമത്തില്‍ പിടിയിലായ പ്രതികളെ ന്യായീകരിച്ചുകൊണ്ട് പശ്ചിമഘട്ട ജനസംരക്ഷണസമിതി. നവംബര്‍ 15 ന് നടന്ന ഹര്‍ത്താലിന്റെ പേരില്‍ താമരശ്ശേരിചുങ്കം, അടിവാരം എന്നിവിടങ്ങളില്‍ വ്യാപക അക്രമം നടന്നിരുന്നു. അക്രമത്തില്‍ പിടിയിലായവര്‍ നിരപരാധികളാണെന്ന് വാദിച്ച് ജയിലറകളില്‍ അടയ്ക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സഭയുടെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട ജനസംരക്ഷണസമിതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പതിനായിരം വനിതകളെ അണിനിരത്തി കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി ചെയര്‍മാനും ഇന്‍ഫാം ദേശീയസെക്രട്ടറിയുമായ ആന്റണികൊഴുവനാല് പറഞ്ഞു.
കോഴിക്കോട് റൂറല്‍ എസ്.പി. അടക്കമുള്ള പോലീസ് സംഘത്തെതടഞ്ഞുവെക്കുകയും താമരശ്ശേരിയിലെ വനം വകുപ്പ് ഓഫീസ് പൂര്‍ണ്ണമായി തകര്‍ക്കുകയും ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് സമിതി നേതാക്കള്‍ നിരപരാധികളെന്ന് വിശേഷിപ്പിക്കുന്നത്. താമരശ്ശേരി വനം വകുപ്പ് ഓഫീസ് തകര്‍ക്കാന്‍ പ്രകടനമായി എത്തിയത് ഫാദര്‍ സജി മങ്കരയുടെ നേതൃത്വത്തിലാണെന്ന് വനം വകുപ്പ് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെങ്കിലും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്.
പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് തകര്‍ത്ത സംഭവത്തിലും പോലീസ് നടപടികളൊന്നും എടുത്തിട്ടില്ല. പൂഴിത്തോട് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന ആളുകളാണ് പ്രകടനമായി ഓഫീസിലേക്ക് ഇരച്ചുകയറിയത്. അക്രമം ഉണ്ടാകുമെന്ന സൂചനയുണ്ടായതിനാല്‍ ഓഫീസിന് പോലീസ് സംരക്ഷണമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ മുന്നില്‍ വെച്ചാണ് വൈദികന്റെ നേതൃത്വത്തില്‍ ഓഫീസ്,ക്വാര്‍ട്ടേഴ്സ് എന്നിവ അടിച്ചുതകര്‍ത്തത്. പെരുവണ്ണാമൂഴി പോലീസില്‍ ക്രൈം നമ്പര്‍ 347, 348 നമ്പറുകളിലായി കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെങ്കിലും ഈ കേസുകളും മരവിപ്പിച്ചിരിക്കുകയാണ്.
താമരശ്ശേരി, ചുങ്കം, അടിവാരം അക്രമങ്ങളെക്കുറിച്ച് മാത്രം അന്വേഷിക്കാന്‍ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. താമരശ്ശേരി സര്‍ക്കിളില്‍ മാത്രം 44 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. പത്തോളം വാഹനങ്ങളെ തിരിച്ചറിയുകയും രണ്ടു ടിപ്പറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് കേസന്വേഷണം മരവിപ്പിച്ചത്. അതിനിടയിലാണ് അറസ്റ്റിലായ ആളുകളെയടക്കം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഭ പുതിയ സമരവുമായി രംഗത്തുവരുന്നത്.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: