മാവേലിക്കര: മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ലോക സമാധാനത്തിനും വേണ്ടി മണികണ്ഠന് നായര്‍ എഴുതിയ ഓരോ കത്തിനും വിദേശ നേതാക്കള്‍ മറുപടി നല്കിയപ്പോള് ഭാരത നേതാക്കള്‍ മാത്രം മണികണ്ഠന്റെ കത്തുകള്‍ അവഗണിച്ചു. എങ്കിലും മണികണ്ഠന് മടുക്കാതെ തുടരുകയാണ്.
ബില്‍ക്ലിന്റണ്‍, യാസര്‍ അരാഫത്ത് ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ മണികണ്ഠന്റെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയെങ്കിലും പി.വി.നരസിംഹറാവു മുതല്‍ പ്രണബ് മുഖര്‍ജി വരെയുള്ള ഭരണാധികാരികള്‍ കത്തുകിട്ടിയതായി പോലും അറിയിച്ചില്ലെന്ന് മണികണ്ഠന് പറയുന്നു. എന്നാലും സ്വാമി വിവേകാനന്ദന്റെ വാക്യങ്ങളില്‍ പ്രേരണയുള്‍ക്കൊണ്ട് തിന്മയ്ക്കെതിരെ കത്തുകളിലൂടെ പോരാടുകയാണ് ഈ വിമുക്തഭടന്.
ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മണികണ്ഠസദനത്തില് മണികണ്ഠന് നായര്‍(46) 20 വര്‍ഷമായി ശാന്തി-സമാധാന ആശയങ്ങള്‍ കത്തുകളിലൂടെ ഭരണാധികാരികളുമായി പങ്കുവയ്ക്കുന്നു.
ഗള്‍ഫ് യുദ്ധത്തിനെതിരെ 1993 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്ക്ലിന്റനായിരുന്നു ആദ്യ കത്ത് അയച്ചത്. മറുപടി പ്രതീക്ഷിക്കാതെ അയച്ച കത്തിന് ബില്‍ക്ലിന്റന്റെ കയ്യൊപ്പോടെ മറുപടിക്കത്ത് കണ്ണമംഗലത്തെ മേല്‍വിലാസത്തില്‍ എത്തിയപ്പോള്‍ വിശ്വസിക്കാനായില്ല. അതില്‍ ബില്‍ ക്ലിന്റന് ഇങ്ങനെ എഴുതി, ‘അടുത്ത നാലു വര്‍ഷം എനിക്ക് പല നിര്‍ണായകമായ വെല്ലുവിളികളെയും നേരിടേണ്ടിവരും. എന്നാല്‍ ഞാനും എന്റെ വൈസ് പ്രസിഡന്റ് അല്‍ഗോറും ലോകത്തിലുള്ള എല്ലാവരുടെയും സമാധാനത്തിനും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കും. സുഹൃത്തേ താങ്കളുടെ സമാധാന അഭിപ്രായത്തിന് നന്ദിപറയുന്നു’.
1993 നവംബറില്‍ പലസ്തീന്-ഇസ്രയേല്‍ യുദ്ധത്തിനെതിരെ പാലസ്തീന് നേതാവായ യാസര്‍ അരാഫത്തിനും ഇസ്രയേല്‍ പ്രധാനമന്ത്രിയായ യിഷാക് റാബിനും മധ്യപൂര്‍വ്വ ഏഷ്യയിലെ സമാധാനത്തിനു വേണ്ടി മണികണ്ഠന് നായര്‍ എഴുതി. ഇതിന് മറുപടിയായി ‘പ്രിയ സുഹൃത്തേ, സമാധാന ഉടമ്പടിക്കുവേണ്ടിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും അതിനുവേണ്ടിയുള്ള പിന്താങ്ങലിനും നന്ദി’യുണ്ടെന്ന് ആരംഭിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കയ്യൊപ്പിട്ട കത്തില്‍ മധ്യപൂര്‍വ്വ ഏഷ്യയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചെയ്യുന്ന കാര്യങ്ങളും വിശദീകരിക്കുന്നു.
1994ല്‍ മധ്യപൂര്‍വ്വ ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഐക്യരാഷ്ട്ര സഭ ചെയ്യുന്ന സേവനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും പിന്തുണ അര്‍പ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ബ്രൂട്ടോസ് ഗാലിയ്ക്കായിരുന്നു അടുത്ത കത്ത്. അതിനു മറുപടി ഐക്യരാഷ്ട്ര സഭയുടെ പാതകയുടെ ചിത്രം ആലേഖനം ചെയ്ത് അദ്ദേഹത്തിന്റെ കയ്യൊപ്പോടുകൂടിയ കാര്‍ഡ് ആയിരുന്നു. നിങ്ങളുടെ സമാധാന സന്ദേശം ലോകത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി പങ്കുവയ്ക്കുന്നുവെന്ന് മറുപടിയില്‍ എഴുതിയിരുന്നു.
ഈ കത്തുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീട് ലോകത്തെ നിരവധി ഭരണാധികാരികള്‍ക്ക് അയച്ച കത്തുകളില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കോയിസ് മിത്തറാന്റ്, കംബോഡിയയുടെ രാജാവ് നരോദം ഷിഹാനോക്, മദര്‍ തെരേസ, ഫ്രാന്‍സ് പ്രസിഡന്റ് ജാക്യൂസ് ചിരാഗ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെത്യന്യാഹു, യുഎന്‍ഒ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, ക്യൂന്‍ നെതര്‍ലെന്റ് എന്നിവരുടെ മറുപടി ലഭിച്ചു.
സൈന്യത്തിലായിരിക്കെ ഡപ്യൂട്ടേഷനില്‍ കോംഗോയിലെത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് മണികണ്ഠന് പറയുന്നു. കിവു പ്രവിശ്യയിലുള്ള സാകെ ഗ്രാമത്തില്‍ മിനി ജല വൈദ്യുത നിലയം സ്ഥാപിച്ച് ഒരു നാടിന് വെളിച്ചം പകര്‍ന്നു. വൈദ്യുതി പ്രകാശിപ്പോള്‍ ഗ്രാമവാസികള്‍ തന്നെ ഉയര്‍ത്തി നൃത്തം ചെയ്തെന്നും അദ്ദേഹം അനുസ്മരിക്കുന്നു. കോംഗോയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് 2006 ഒക്ടോബര്‍ 20ന് മണികണ്ഠന് അവാര്‍ഡ് നല്കി അനുമോദിച്ചു.
സൈനിക ബാരക്കുകളിലെ വിശ്രമവേളയില്‍ സുഹൃത്ത് സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നേതാക്കളുടെയും ദേശീയ നവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ആശയങ്ങളും പലരില്‍നിന്നുമായി കിട്ടി. അടിസ്ഥാനപരമായി വിദ്യാഭ്യാസ കാലത്ത് അമ്മ പറഞ്ഞു തന്ന കഥകളും തിന്മ കണ്ടാല്‍ പ്രതികരിക്കണമെന്ന ഉപദേശവുമാണ് തനിക്ക് പ്രേരണയും പ്രചോദനും ആയിരിക്കുന്നതെന്ന് മണികണ്ഠന് പറഞ്ഞു. സൈന്യത്തില്‍ നിന്നും സ്വയം വിടുതല്‍ വാങ്ങി ഇപ്പോള്‍ റെയില്‍വെ കണ്‍സള്‍ട്ടന്റ് കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി നോക്കുന്ന മണികണ്ഠന് ആര്‍എസ്എസ് കണ്ണമംഗലം ശാഖാ സേവാ പ്രമുഖായി നാട്ടിലും സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഭാര്യ ലത. മക്കള്‍ ആദര്‍ശ്, കൈലാസ്.
പി.എന്‍.സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: