ജുബ: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ അഞ്ഞൂറോളം പേര് മരിച്ചെന്ന് യുഎന്‍. 66 സൈനികര്‍ ഇതിലുള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15,000ത്തില്‍പ്പരം സാധാരണക്കാര്‍ അഭയാര്‍ത്ഥികളായി. ഈ സാഹചര്യത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്‍ സേന രംഗത്തെത്തി.
പ്രസിഡന്റ് സാല്വാ കിറിനെതിരെ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് റീക്മാകറിന്റെ നേതൃത്വത്തില്‍ നടന്ന അട്ടിമറി ശ്രമമാണ് കലാപത്തില്‍ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഏറ്റുമുട്ടലിന്റെ തുടക്കം. ഭരണകക്ഷിയിലെ രണ്ട് പ്രമുഖ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സൈനിക സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പട്ടാള അട്ടിമറിശ്രമം തകര്‍ത്തുവെന്ന് പ്രസിഡന്റ് സാല്വാ കിര് അവകാശപ്പെട്ടിരുന്നു.
സംഭവത്തെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി കേസ്റ്റി മണിബയെയും 10 മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും അറസ്റ്റ് ചെയ്തു. അട്ടിമറി നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് പറയപ്പെടുന്ന മാക്കര്‍ ഒളിവിലാണ്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2011 ജൂലായ് 9നാണ് റിപ്പബ്ലിക് ഒാഫ് സുഡാനില്‍ നിന്ന് ദക്ഷിണ സുഡാന് സ്വാതന്ത്രമായത്. രാഷ്ട്രീയ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന വംശീയ സ്പര്‍ധകളും ഈ പുതു രാജ്യത്തെ കലാപത്തിലേക്ക് നയിക്കുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: