തിരുവനന്തപുരം: കേന്ദ്ര നികുതി വരുമാനം 32 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്തത്തണമെന്നും കേന്ദ്രത്തില്‍ നിന്നെടുത്ത കടം പൂര്‍ണ്ണമായി എഴുതിതള്ളണമെന്നും കേരളം. നികുതിക്ക് പുറമെ സെസ്, സര്‍ചാര്‍ജ്ജ് ഇനങ്ങളിലായി പിരിച്ചെടുക്കുന്ന തുക സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്നും പതിനാലാം ധനകാര്യ കമ്മീഷന് സമര്‍പ്പിച്ച ധനകാര്യമെമ്മോറണ്ടത്തില് സംസ്ഥാനം ആവശ്യപ്പെട്ടു. പലഘട്ടങ്ങളിലായി കേന്ദ്രത്തില്‍ നിന്ന് വായ്പയെടുത്ത 3000 കോടി രൂപ എഴുതി തള്ളണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെച്ചത്. പ്രവാസികള്‍ക്കായി പ്രത്യേകപാക്കേജ് തയ്യാറാക്കണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട നികുതിയില്‍ കേന്ദ്രം ഇളവ് നല്കുമ്പോള് സംസ്ഥാനങ്ങളുമായി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നികുതിയില്‍ ഇളവ് നല്‍കുന്നത് ജി ഡി പിയുടെ മൂന്ന് ശതമാനമായി പരിമിതപ്പെടുത്തണം. നികുതി വിഭജനം ജനസംഖ്യാനുപാതികമാക്കണം. ഇതിനായി 1971 ലെ സെന്‍സസ് തന്നെ തുടര്‍ന്നും അടിസ്ഥാനമാക്കണം. ജനസംഖ്യനിയന്ത്രണ പരിപാടി 71 നു ശേഷം കേരളം കാര്യക്ഷമമായി നടപ്പാക്കിയ സാഹചര്യത്തിലാണിത് ആവശ്യപ്പെടുന്നത്. വര്‍ധിച്ച ആയൂര്‍ദൈര്‍ഘ്യം, നഗരവത്കരണം, വനവിസ്തൃതി തുടങ്ങിയവയും പരിഗണിക്കണം.
തദ്ദേശസ്ഥാപനങ്ങളുടെ ഗ്രാന്റ് രണ്ടര ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണം. ഈ ഗ്രാന്റ് റവന്യൂഗ്രാന്റായി പരിഗണിക്കുന്നതിന് പകരം വികസനോന്മുഖ ഗ്രാന്റ് ആയി കണക്കാക്കണം.
ഫിസിക്കല്‍ റെസ്പോണ്‍സ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് അനുസരിച്ച് 2014-15ല്‍ റവന്യുകമ്മി പൂജ്യം ആക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണം. ഇത് 1.5 ശതമാനമാക്കി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശമാണ് കേരളം മുന്നോട്ടുവെച്ചത്. കേരളം വനസംരക്ഷണത്തിന് നല്കുന്ന മുന്‍തൂക്കം കണക്കിലെടുത്തും പരിസ്ഥിതി ദുര്ബലമേഖലക്ക് നല്കുന്ന പ്രാധാന്യം പരിഗണിച്ചും കൂടുതല്‍ ധനസഹായം നല്‍കണം. ഈ മേഖലയില്‍ ഉത്പാദനക്ഷമമായ പദ്ധതികള്‍ അനുവദിക്കാത്തത് മൂലമുണ്ടാകുന്ന നഷ്ടപരിഹാരം നികത്തണം. പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് ഉണ്ടാക്കണം. മാനദണ്ഡങ്ങള്‍ തയ്യാറാക്കി ഇത് ഓരോ സംസ്ഥാനങ്ങള്‍ക്കും വീതിച്ച് നല്‍കണം. നീര്‍ത്തട സംരക്ഷണത്തിന് തീരമേഖലയ്ക്കും കൂടുതല്‍ ഗ്രാന്റ് നല്‍കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 275 അനുസരിച്ച് അനുവദിക്കുന്ന ഗ്രാന്റ് സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കും പദ്ധതിയേതര ചെലവുകള്‍ക്കും വിനിയോഗിക്കാന്‍ അനുവദിക്കണം. ദുരിതാശ്വാസത്തിനുള്ള ധനസഹായം ഉയര്‍ത്തണം. നിലവില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം 90 ശതമാനമായി ഉയര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു.
പതിമൂന്നാം ധനകാര്യകമ്മീഷന് ശുപാര്‍ശയനുസരിച്ച് അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാനത്തിന് നികുതി വിഹിതമായി 33954 കോടി രൂപയും ഗ്രാന്റ് ആയി 6371 കോടി രൂപയുമാണ് ലഭിച്ചിരുന്നത്. ഭാരമേറിയ ചെലവുകള്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വത്തിലും വരുമാനം കൂടുതല്‍ കേന്ദ്രസര്ക്കാറിനുമാണെന്നതാണ് നിലവിലുള്ള സ്ഥിതിയെന്ന് മാണി പറഞ്ഞു. ഈ അസന്തുലിതാവസ്ഥ മാറ്റണം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുറയ്ക്കണമെന്നും ഇതിന് രൂപം നല്കുമ്പോള് സംസ്ഥാനങ്ങളുമായി ആലോചിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: