ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസ്ബൗളിംഗിന് മുന്നില്‍ മുന്‍നിര കളിമറന്നപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളംനിറഞ്ഞ വിരാട് കോഹ്ലിയുടെ കരുത്തില്‍ ഇന്ത്യ വന്‍തകര്‍ച്ച ഒഴിവാക്കി. രണ്ടിന് 24 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഏതാണ്ട് കോഹ്ലി ഒറ്റക്കുതന്നെയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എടുത്തിട്ടുണ്ട്. 43 റണ്‍സുമായി അജിന്‍ക്യ രഹാനെയും 17 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ഈ തീരുമാനം തെറ്റായിപ്പോയെന്ന രീതയിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്. സ്കോര്‍ബോര്‍ഡില്‍ വെറും 24 റണ്‍സ് ആയപ്പോഴേക്കും ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും കൂടാരം കയറി. 13 റണ്‍സെടുത്ത ധവാനെ സ്റ്റെയിന് ഇംമ്രാന്‍ താഹിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. സ്കോര്‍ 1ന് 17. പിന്നീട് 7 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മുരളി വിജയും മടങ്ങി. 42 പന്തുകള്‍ നേരിട്ട് വെറും 6 റണ്‍സ് നേടിയ വിജയിനെ മോര്‍ക്കല്‍ ഡിവില്ലിയേഴ്സിന്റെ കൈകളിലെത്തിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം വിരാട് കോഹ്ലി എത്തിയതോടെ ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സിനും ജീവന് വച്ചു. ഇതിനിടെ ഉജ്ജ്വലമായ ബാറ്റിംഗ് കാഴ്ചവെച്ച കോഹ്ലി അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 113-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 98 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര റണ്ണൗട്ടായി മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ്മ ഏകദിനത്തിലെന്നപോലെ ഇന്നലെയും മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടു. സ്കോര്‍ 151-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഫിലാന്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലിയേഴ്സ് പിടികൂടി. തുടര്‍ന്നെത്തിയ അജിന്‍ക്യ രഹാനെ കോഹ്ലിക്ക് മികച്ച പിന്തുണ നല്കി. ഇന്ത്യന്‍ സ്കോര്‍ 183 റണ്‍സിലെത്തിയപ്പോള്‍ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 140 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. അധികം വൈകാതെ ഇന്ത്യ 200 കടന്നു. എന്നാല്‍ സ്കോര്‍ 219-ല്‍ എത്തിയപ്പോള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നേറുകയായിരുന്ന വിരാട് കോഹ്ലിയും മടങ്ങി. 181 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളടക്കം 119 റണ്‍സെടുത്ത കോഹ്ലിയെ കല്ലിസിന്റെ പന്തില്‍ ഡുമ്നി പിടികൂടി. തുടര്‍ന്നെത്തിയ ധോണി രഹാനെക്ക് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: