പഴകിപ്പഴകി വീര്യം കൂടിയ വീഞ്ഞ്-റോജര്‍ മില്ല എന്ന ഇതിഹാസ താരത്തിന് ചേര്‍ന്ന വിശേഷണം അതായിരുന്നു. പ്രതിഭ ഏറെയുണ്ടായിരുന്നിട്ടും കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുക. പിന്നീട് അപ്രതീക്ഷിത തിരിച്ചുവരവിലൂടെ രാജ്യത്തിന്റെ ഹീറോയായി മാറുക. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ അത്ഭുത താരങ്ങളുടെ നിരയില്‍ ഇടംലഭിക്കാന്‍ അതിലേറെ എന്തുവേണം. 1994-ല്‍ 42-ാം വയസില്‍ ലോകകപ്പ് കളിക്കാനെത്തിയ മില്ല റഷ്യയുടെ വലയില്‍ പന്തടിച്ചു കയറ്റി ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോറര്‍ എന്ന റെക്കോര്‍ഡും കുറിച്ചു.
സ്വന്തംനാട്ടിലും ഫ്രാന്‍സിലുമൊക്കെ ക്ലബ്ബ് ഫുട്ബോള്‍ കളിച്ചു നടന്ന മില്ലയ്ക്ക് 1978ലാണ് കാമറൂണ്‍ ടീമില്‍ ഇടംലഭിച്ചത്. 1982-ലെ സ്പാനിഷ് ലോകകപ്പില്‍ അരങ്ങേറ്റം. പെറുവുമായുള്ള ആദ്യ മത്സരത്തില്‍ മില്ല വലകുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പോളണ്ടിനോടും കാമറൂണ്‍ ഗോളടിക്കാതെ സമനില പാലിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ കരുത്തരായ ഇറ്റലിയെ 1-1ന് തളച്ച അവര്‍ അത്ഭുതംകാട്ടി. അങ്ങനെ ഒരു മത്സരംപോലും തോല്‍ക്കാതെ പുറത്താകുന്ന ടീമെന്ന നൊമ്പരപ്പെടുത്തുന്ന പ്രത്യേകതയുമായി കാമറൂണ്‍ സ്പെയിനില്‍ നിന്ന് വിമാനം കയറി. 1984 ലോസ് ആഞ്ചലസ് ഒളിംപിക്സിലും മില്ല രാജ്യത്തിന്റെ കുപ്പായമണിഞ്ഞിരുന്നു. എന്നാല്‍ പ്രതിഭയെ നീതികരിക്കാതെ 1987-ല്‍ മില്ല അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു.
1990-ല്‍ ലോകകപ്പ് അടുത്തവരവെ കാമറൂണ്‍ ടീമില്‍ അന്തഛിദ്രങ്ങള്‍ കലശലായി. മാധ്യമങ്ങളെല്ലാം മില്ലയുടെ തിരിച്ചുവരവിനുവേണ്ടി മുറവിളികൂട്ടിയ സമയം. ഒടുവില്‍ പ്രസിഡന്റ് പോള്‍ ബിയ മില്ലയെ ഫോണില്‍ വിളിച്ച് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഇറ്റാലിയന്‍ ലോകകപ്പിലൂടെ മില്ല വീണ്ടും രാജ്യത്തിന്റെ കുപ്പായം ഇട്ടു. ഇത്തവണ അദ്ദേഹം ആരാധകരെ നിരാശപ്പെടുത്തിയില്ല. അതിവഗ നീക്കങ്ങളിലൂടെയും ഉന്നതെറ്റാത്ത ഷൂട്ടുകളിലൂടെയും പ്രതിരോധനിരകളില്‍ ഭീതിവിതച്ചു മില്ല. നാല് ഗോളുകളുമായി സൂപ്പര്‍താരം മിന്നിത്തിളങ്ങിയപ്പോള്‍ കാമറൂണ്‍ അനായാസം ക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. 2002-ല്‍ സെനഗലും 2010-ല്‍ ഘാനയും കാമറൂണിന്റെ നേട്ടം ആവര്‍ത്തിച്ചുണ്ട്. അര്‍ജന്റീനയെന്ന അതികായരെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചായിരുന്നു ഇറ്റലയില്‍ കാമറൂണ്‍ കാംപയിന് ആരംഭിച്ചത്. ആ മത്സരത്തില്‍ മില്ല സ്കോര്‍ ചെയ്തില്ല. എന്നാല്‍ റുമാനിയക്കെതിരായ ജയത്തിലെ രണ്ടു ഗോളുകളും മില്ല സംഭാവന നല്കി.
കൊളംബിയയോടുള്ള പ്രീ- ക്വാര്‍ട്ടറില്‍ മില്ലയുടെ വിശ്വരൂപം ലോകം ദര്‍ശിച്ചു. ഗോള്‍ പിറക്കാത്ത നിശ്ചിത സമയത്തിനുശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക്. 106, 108 മിനിറ്റുകളില്‍ മില്ലയുടെ ബൂട്ട് ശബ്ദിച്ചപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങി. 115-ാംമിനിറ്റില്‍ കൊളംബിയയുടെ റെഡിന് നേടിയ ഗോള്‍ ആഫ്രിക്കന്‍ സിംഹങ്ങളെ തടയാന്‍ പോരായിരുന്നു. പോസ്റ്റിലേക്ക് ഊളിയിടുന്ന പന്തിനെ വായുവില്‍ മുന്നോട്ടു ഉയര്‍ന്നു ചാടി പിന്കാലുകൊണ്ടു തട്ടിയകറ്റുന്ന സ്കോര്‍പിയന്‍ കിക്കിലൂടെ അതിസാഹസികതയുടെ പര്യായം തീര്‍ത്ത വിഖ്യാത കൊളംബിയന്‍ ഗോളി റെനെ ഹിഗ്വിറ്റയെ അതിശയിപ്പിച്ച് 35 വരെ അകലെനിന്നു മില്ല തൊടുത്ത ഉശിരന്‍ ഷോട്ട് കളികമ്പക്കാരുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്ക്കുന്ന ഒന്നായി.
ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പൊരുതിവീഴുമ്പോഴേക്കും മില്ലയും കാമറൂണും ഇറ്റലിയുടെ ഗ്യാലറികളെ കീഴടക്കിക്കഴിഞ്ഞിരുന്നു. കോര്‍ണര്‍ ഫ്ലാഗിനടുത്ത് ചെന്ന് നൃത്തം ചെയ്ത് ഗോള്‍ ആഘോഷിക്കുന്ന മില്ല സ്റ്റെയില്‍ പേരുകേട്ടതും ആ ലോകകപ്പില്‍ തന്നെ. 1994 അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കാമറൂണ്‍ പുറത്തായി. എന്നിരുന്നാലും ലോകകപ്പില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ ഗോളടിക്കുന്ന താരമെന്ന റെക്കോര്‍ഡിലൂടെ മില്ല വീണ്ടും പെരുമയുടെ പൊട്ടുചാര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: