ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. കോടതി നേരിട്ടു മേല്‍നോട്ടം വഹിക്കുന്ന കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റ്സ് ആര്.എം ലോധ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഇതോടെ കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യുന്നതിനും മേല്‍നടപടി സ്വീകരിക്കുന്നതും തടഞ്ഞുകൊണ്ട് സിബിഐക്കു മുന്നിലുണ്ടായിരുന്ന വിലക്ക് ഇല്ലാതായി. കല്‍ക്കരിപ്പാടം അഴിമതി കേസന്വേഷണവുമായി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് പുതിയ വിധി സിബിഐക്ക് സഹായകരമാകും.
ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ 6എ വകുപ്പ് പ്രകാരം ഉന്നത ഉദ്യോഗസ്ഥരുടെ വിചാരണയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത്തരത്തിലൊരു അനുമതിയുടെ ആവശ്യമില്ലെന്നാണ് പുതിയ സുപ്രീംകോടതി ഉത്തരവ്. അതേസമയം കോടതി മേല്‍നോട്ടം വഹിക്കാത്ത കേസുകളില്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി തേടണം. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണ്ട എന്നുവന്നാല്‍ അതു ഭരണനിര്‍വ്വഹണത്തെ ഗുരുതരമായി ബാധിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളി.
സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കാറുണ്ടെന്ന സിബിഐയുടെ വാദവും സുപ്രീംകോടതി അംഗീകരിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് സെക്രട്ടറി തലത്തില്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ അനുമതി വേണ്ടെന്ന് സിബിഐ കൗണ്‍സില്‍ അമറേണ്ട ശരണ്‍ കോടതിയില്‍ വാദിച്ചു. എന്‍ജിഒയായ കോമണ്‍ കോസിന്റെ അഭിഭാഷകന് അഡ്വ. പ്രശാന്ത് ഭൂഷണും കേസിലെ ഹര്ജിക്കാരന് അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ്മയും ഇതേ ആവശ്യം കോടതിയില്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കല്‍ക്കരി കേസില്‍ സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
2 ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി അടക്കം നിരവധി കേസുകളാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ സിബിഐക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആരെയും വിചാരണ നടപടികള്‍ക്ക് വിധേയരാക്കാം. പ്രധാനമന്ത്രിയുട ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: