തലശ്ശേരി: മഹാരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് സമനില. നാല് വിക്കറ്റ് നഷ്ടപ്പെട്ട് 306 റണ്‍സ് എന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച കേരളം 432 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി നിഖിലേഷ് സുരേന്ദ്രന് (83), സഞ്ജു വി സാംസണ് (66), സച്ചിന് ബേബി (96), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (79) റണ്‍സ് നേടി. സെഞ്ച്വറി നേട്ടത്തിന് നാല് റണ്‍സ് അകലെയാണ് ക്യാപ്റ്റന്‍ സച്ചിന് ബേബി പുറത്തായത്. അക്ഷയ് ധരേക്കര്ക്കായിരുന്നു വിക്കറ്റ്. 105 റണ്‍സ് വിട്ടു നല്കി ചിരാഗ് ഖുറാന നാലും 109 റണ്‍സ് വഴങ്ങി അക്ഷയ് ധരേക്കര്‍ മൂന്നും 59 റണ്‍സിന് ഡൊമനിക് മുത്തുസ്വാമി രണ്ടും വിക്കറ്റുകളാണ് വീഴ്ത്തിയത്. 432 റണ്‍സ് നേടിയ കേരളത്തിന് 270 ലീഡ് സ്വന്തമായിരുന്നു.
മഹാരാഷ്ട്രക്ക് ജയിക്കാന്‍ 270 റണ്‍സ് വേണമെന്നിരിക്കെ ഇരു ക്യാപ്റ്റന്മാരുടെയും സമ്മതത്തോടെ ശേഷിച്ച 49 ഓവര്‍ 41 ആയി നിജപ്പെടുത്തി. അവസാന ഇന്നിങ്ങ്സില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണ് മഹാരാഷ്ട്രക്ക് നേടാനായത്. കേദാര്‍ ജാദവ് 34 റണ്‍സ് നേടി. വിജയ് ബോള്‍ റണ്ണൊന്നും നേടാവാതെ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ അജിത്ത് പുറത്താവാതെ 30 ഉം ഖുറാന 43 റണ്‍സും നേടിയിരുന്നു. കേരളത്തിന് വേണ്ടി പ്രശാന്ത് പരമേശ്വരന്, പി. പ്രശാന്ത്, ഷാഹിദ് എന്നിവരാണ് മഹാരാഷ്ട്രയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ചിരാഖ് ഖുറാനയാണ് മാന്‍ ഓഫ് ദി മാച്ച്. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മഹാരാഷ്ട്ര മുന്നു പോയിന്റുകള്‍ നേടി. കേരളത്തിന് ഒരുപോയിന്റും ലഭിച്ചു. ഇതുവരെ പൂര്‍ത്തിയാക്കിയ മത്സരങ്ങളില്‍ കേരളം 19 പോയന്റും മഹാരാഷ്ട്ര 22 പോയന്റും സ്വന്തമാക്കി. കേരളത്തിന്റെ അടുത്ത മത്സരം ഹൈദരാബാദുമായി ഹൈദരാബാദിലും ഗോവയുമായി ഗോവയിലും അരങ്ങേറും.
എം.പി.ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: