ഹൈദ്രാബാദ്: തെലങ്കാന-സിമാന്ധ്ര എംഎല്‍എമാര്‍ നടത്തിയ രൂക്ഷമായ വാക്കേറ്റത്തിനിടെ ആന്ധ്ര നിയമസഭയില്‍ തെലങ്കാന ബില്ല് അവതരിപ്പിച്ചു. സഭ പിരിഞ്ഞതിന് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാര്‍ സഭയ്ക്ക് പുറത്ത് ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു.
ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ആന്ധ്രപ്രദേശ് പുനസംഘടനാ കരടു ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്. വിഷയത്തില്‍ സഭയുടെ നിലപാടറിഞ്ഞ ശേഷം ബില്‍ ജനുവരി 23ഓടെ രാഷ്ട്രപതിക്ക് തിരിച്ചയക്കണം. രാഷ്ടപതി അയച്ച ബില്ലായതിനാല്‍ സഭയില്‍ വോട്ടെടുപ്പിന്റെ അവശ്യമില്ല.
ജനുവരിയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ സഭ ചര്‍ച്ചചെയ്യണമെന്ന് തീരദേശ സീമാന്ധ്രയില്‍ നിന്നുള്ളവരും റായലസീമയില്‍ നിന്നുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബില്ലില്‍ വോട്ടെടുപ്പ് അനുവദനീയമല്ലാത്തതിനാല്‍ ഐക്യ ആന്ധ്രയ്ക്കായി പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ ബില്‍ ഉടനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള അംഗങ്ങളും രംഗത്തെത്തിയതോടെ ബഹളമായി.
ബില്ല് സഭയില്‍ അവതരിപ്പിച്ച് ഉടന്‍ തിരിച്ചയച്ചാല്‍ കേന്ദ്ര സര്‍ക്കാരിന് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ ബില്ല് പാസ്സാക്കാനാവുമെന്നും തെലങ്കാന അനുകൂലികള്‍ വാദിച്ചു. ആന്ധ്രാ നിയമസഭയില്‍ 175 എംഎല്‍എമാരും സീമാന്ധ്രാ പ്രദേശത്തുനിന്നുള്ളവരാണ്. തെലങ്കാനാ ഭാഗത്തു നിന്നും 119 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ പുതിയ സംസ്ഥാനത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇതൊഴിവാക്കാനാണ് ബില്ല് ഇന്നുതന്നെ സഭയില്‍ അവതരിപ്പിച്ചത്.
തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള ബില്ലിന് ഈ മാസം അഞ്ചിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. ഇതിനായി ശീതകാല സമ്മേളനം നീട്ടുകയോ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുകയോ ചെയ്യാനാണു പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: