ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അടുത്ത മാസം 17ന് എഐസിസി സമ്മേളനം ദല്‍ഹിയില്‍ ചേരും. യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. നന്ദന് നിലേക്കനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഗുജറാത്ത് നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതു മുതല്‍ തന്നെ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം ഉയരുന്നുണ്ടായിരുന്നു. ദിഗ് വിജയ് സിംഗ്, ബേനിപ്രസാദ് വര്‍മ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാന്‍ വേണ്ടികൂടിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. ബിജെപി മോദിയെ ഉയര്‍ത്തിക്കാട്ടിയ പോലെ രാഹുലിനെ കോണ്‍ഗ്രസ് ഉയര്ത്തിക്കാട്ടിയിരുന്നുവെങ്കില് തെരഞ്ഞെടുപ്പില്‍ ഇത്ര ദയനീയമായ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് രാഹുലിനെ മുന്‍നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: