ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ചരമവാര്‍ഷികദിനത്തില്‍ ഇന്നലെ രാജ്യവ്യാപകമായി നടന്ന ഐക്യത്തിനായുള്ള കൂട്ടയോട്ടത്തില്‍ ലക്ഷക്കണക്കിനു പേര് പങ്കെടുത്തു. ഇന്ത്യയുടെയും ലോകത്തിന്റെതന്നെയും ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ കൂട്ടയോട്ടം സംഘടിപ്പിച്ചത് ഗുജറാത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ രാഷ്ട്രീയ ഏകത ട്രസ്റ്റാണ്.
രാജ്യമെങ്ങും ദേശപ്രേമമുയര്ത്തുന്നതായി ദേശീയൈക്യം പ്രായോഗികമാക്കിയ ഉരുക്കു മനുഷ്യന്റെ ജന്മദിനത്തിലെ ഈ സാമൂഹികോത്സവം. ഗുജറാത്തിലെ വഡോദരയില്‍ ഈ കൂട്ടയോട്ടത്തിന്റെയും പട്ടേല്‍ പ്രതിമാ സ്ഥാപനത്തിന്റെയും ആശയം അവതരിപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പതിനായിരങ്ങളാണ് ഗുജറാത്തിലെ വഡോദരയിലും അഹമ്മദാബാദിലും ഓട്ടത്തില്‍ പങ്കാളികളായത്. അഹമ്മദാബാദില്‍ എല്‍.കെ.അദ്വാനി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ മുതിര്‍ന്ന സാംസ്കാരിക-സാമൂഹ്യ നായകര്‍, ദേശീയ രാഷ്ട്രീയ നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന നേതാക്കള്‍, ജില്ലാ നേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മാരത്തോണിലും, തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുത്തു.
സംസ്ഥാന തലസ്ഥാനത്ത് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗുരുധര്‍മ പ്രചാരണ സഭ ദേശീയ സെക്രട്ടറി സ്വാമി ഗുരുപ്രസാദും ഒളിമ്പ്യന്‍ ബീനാമോളും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. രക്തസാക്ഷി മണ്ഡപം മുതല്‍ ഗാന്ധി സ്മാരകം വരെയായിരുന്നു കൂട്ടയോട്ടം. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിജെപി വക്താവ് മീനാക്ഷി ലേഖി, സംവിധായകന് കെ. മധു, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന് കുട്ടി, ജെ. ആര്. പത്മ കുമാര്‍, ജില്ലാ പ്രസിഡന്റ് സുരേഷ്, സ്റ്റാച്യു ഓഫ് യൂണിറ്റി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. വി. വി രാജേഷ്, പി. സന്തോഷ്, എം. സനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പതിനാലു ജില്ലകളിലും സംഘടിപ്പിച്ച കൂട്ടയോട്ടത്തില്‍ കലാ സാംസ്കാരിക ആത്മീയ രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിലായി ഒരു ലക്ഷത്തോളം പേര് കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
കോട്ടയത്ത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലത്ത് നടന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ടയില്‍ കാര്‍ട്ടൂണിസ്റ്റ് ജിതേഷും ഇടുക്കിയില്‍ ദ്രോണാചാര്യ തോമസ് മാഷും തൃശൂരില്‍ പഞ്ച ഗുസ്തി ലോക ചാമ്പ്യന്‍ ജോബി മാത്യുവും പാലക്കാട് ബിജെപി നേതാവ് ഒ. രാജഗോപാലും, മലപ്പുറത്ത് കായകായിക താരം ആകാശ് മാധവും കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
കോഴിക്കോട്ട് സംവിധായകന് അലി അക്ബര്‍, നടന് ബാബു സ്വാമി, ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്, എന്നിവര്‍ പങ്കെടുത്തു.
എറണാകുളത്ത് സംവിധായകന് സിബി മലയില്‍, റിട്ട. ജഡ്ജ് ജസ്റ്റിസ് രാമചന്ദ്രന് നായര്‍, റിട്ട. ഐജി കുഞ്ഞു മൊയ്തീന് കുട്ടി എന്നിവര്‍ പങ്കെടുത്തു.
വയനാട് ക്രിക്കറ്റ് അസോസിയേഷന് മുന്‍ പ്രസിഡന്റ് പി. ആര് ബാലകൃഷ്ണന്, ലഫ്. ജനറല്‍ വിനോദ് നയനാര്‍, കാസര്‍കോട്ട് എന്‍ഡോ സള്ഫാന് വിരുദ്ധ സമിതി അംഗം ലീലാ കുമാരി അമ്മ, എന്നിവരും ഫ്ലാഗ് ഓഫ് ചെയ്തു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: