ജയ്പൂര്‍: ബിജെപി രാജസ്ഥാനിലെ ചുരു സീറ്റിലും വിജയിച്ചു. അങ്ങനെ 200 നിയമസഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ ബിജെപി 163 സീറ്റും സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയായ ആര്.എസ് രത്തോരി, എതിരാളിയും കോണ്‍ഗ്രസ് സിറ്റിങ്ങ് എംഎല്‍എ കൂടിയായ ഹസി മക്ക്ബൂല്‍ മണ്ടീലിയയെ 24,000 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മത്സരിച്ച മറ്റ് ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം പോലും ലഭിച്ചില്ല.
ബിജെപി സ്ഥാനാര്‍ത്ഥി രത്തോരി 84,100 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 60,098 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു. തരനാഗര് നിയോജക മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയാണ് ആര്.എസ് രത്തോരി. പാര്‍ട്ടിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം സ്വന്തം നിയോജകമണ്ഡലം വിട്ട് മണ്ടീലിയക്കെതിരെ മത്സരിച്ചത്.
ബിഎസ്പി സ്ഥാനാര്‍ത്ഥി ജഗദീഷ് മെഘ്വാല്‍ മരിച്ചതിനെ തുടര്‍ന്ന് ചുരുവിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. അതിനാല്‍ രാജസ്ഥാനില്‍ 199 നിയമസഭാ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 162 സീറ്റ് എന്ന വ്യക്തമായ ഭൂരിപക്ഷം ബിജെപി നേടി. അതേ സമയം കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. ബിഎസ്പി 3, എന്‍പിപി 4, സ്വതന്ത്രര്‍ 7, മറ്റുള്ളവര്‍ 2 എന്നിങ്ങനെ സീറ്റുകള്‍ ലഭിച്ചു. ഡിസംബര്‍ 13 ന് നടന്ന ചുരു തെരഞ്ഞെടുപ്പില്‍ 78.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ രാജസ്ഥാന് മുഖ്യമന്ത്രിയായി വസുന്ധര രാജെ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്തു. അതിനാല്‍ ചുരുവിലെ തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമല്ലാതായി. എന്നാല്‍ ഒരു സിറ്റിങ്ങ് സീറ്റ് കൂടി നഷ്ടമായി എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ വീണ്ടും ക്ഷീണിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: