ലോകകപ്പ് ഫുട്ബോള്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നോര്മാന് വൈറ്റ്സൈഡ്. 1982ല്‍ സ്പെയിനില്‍ നടന്ന ലോകകപ്പില്‍ അരങ്ങേറുമ്പോള്‍ വടക്കന്‍ അയര്‍ലന്റിന്റെ കളിക്കാരനായ വൈറ്റ്സൈഡിന്റെ വയസ്, 17 വര്‍ഷവും 41 ദിവസവും. ജൂണ്‍ 17ന് യൂഗോസ്ലാവ്യക്കെതിരെ വൈറ്റ്സൈഡ് പന്തുതട്ടിയ നിമിഷം സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡ് പഴങ്കഥയായി.
വെറും രണ്ട് അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്പത്ത് മാത്രമേ ദേശീയ ടീമിലേക്കുള്ള കോച്ച് ബില്ലി ബിന്‍ഹാമിന്റെ വിളിവരുമ്പോള്‍ വൈറ്റ്സൈഡിന് ഉണ്ടായിരുന്നുള്ളു. സ്ട്രൈക്കറായും മിഡ്ഫീല്‍ഡറായും മാറാനുള്ള വൈറ്റ്ഫീല്‍ഡിന്റെ കഴിവാകും ബിന്‍ഹാമിന്റെ തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെട്ടു. കന്നിക്കളിയില്‍ നല്ല പ്രകടനം കാഴ്ച്ചവയ്ക്കാനൊന്നും കുഞ്ഞ് വൈറ്റ്സൈഡിനായില്ല. നെനാഡ് സ്റ്റോജ്കോവിക്കിനെ ഫൗള്‍ ചെയ്തതിന് രണ്ടാം പകുതിയില്‍ മഞ്ഞക്കാര്‍ഡും വാങ്ങി ‘കുട്ടിക്കളിക്കാരന്’. ഇരു ടീമുകളും ഗോളടി മറന്ന മത്സരം സമനിലയില്‍ അവസാനിച്ചു. അഞ്ചു ദിവസങ്ങള്‍ക്കുശേഷം ഹോണ്ടുറാസിനോട് വൈറ്റ്സൈഡ് പ്രതിഭ കാട്ടി. മറ്റൊരു സമനിലയായിരുന്നു ഫലമെങ്കിലും വൈറ്റ്സൈഡിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. രണ്ടു പോയിന്റിന്റെ മാത്രം സമ്പാദ്യമുണ്ടായിരുന്ന വടക്കന്‍ അയര്‍ലന്റിന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ നോക്കൗട്ടില്‍ എത്താന്‍ കഴിയുമായിരുന്നുള്ളു. നിര്‍ണായക മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ആതിഥേയരായ സ്പെയിനും. വലന്‍സിയയിലെ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ ഐറിഷ് സംഘത്തിന് എണ്ണമറ്റ എതിരാളികളെ നേരിടേണ്ടി വന്നു. സ്വന്തം ടീമിനു വേണ്ടി അലറിവിളിക്കുന്ന ഗ്യാലറി. പിന്നെ സ്പാനിഷ് ഭാഷമാത്രം പുലമ്പുന്ന റഫറി ഹെക്ടര്‍ ഓട്ടിസ് അങ്ങനെ നീണ്ടു ശത്രുക്കളുടെ നിര. സ്പാനിഷ് താരങ്ങളുടെ കടുത്ത ഫൗളുകള്‍ പോലും ഓട്ടീസ് കണ്ടില്ലെന്നു നടിച്ചു. പക്ഷേ, ഒരു അദൃശകരം കളിയില്‍ കൈകടത്തി, കാര്യങ്ങള്‍ അയര്‍ലന്റിന് അനുകൂലമായി. രണ്ടാം പകതിയുടെ തുടക്കത്തില്‍ എതിര് ഗോളിയുടെ പിഴവ് മുതലെടുത്ത് ജെറി ആംസ്ട്രോങ്ങ് അയര്‍ലന്റിന്റെ വിജയ ഗോള്‍ കുറിച്ചു. മാള്‍ ഡൊനാഗിയെ ചുവപ്പുകാര്‍ഡ് കാട്ടി ഓട്ടിസ് സ്വന്തം ടീമിനെ സഹായിച്ചെങ്കിലും അയര്‍ലന്റിനെ തടയാനായില്ല. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സും ഓസ്ട്രിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ അയര്‍ലന്റ് ഇടംനേടി. ആദ്യ പോരാട്ടത്തില്‍ അവര്‍ ഓസ്ട്രിയയുമായി 2-2ന് സന്ധിചെയ്തു. പിന്നാലെ മിഷേല്‍ പ്ലാറ്റിനിയുടെ ഫ്രാന്‍സിനോട് 4-1ന് തോല്‍വി വഴങ്ങി. അങ്ങനെ വൈറ്റ്സൈഡും അയര്‍ലന്റും ലോകകപ്പിനോട് വിടപറഞ്ഞു. 1986 ലോകകപ്പിലും വൈറ്റ്സൈഡ് രാജ്യത്തിന്റെ കുപ്പായമണിഞ്ഞു. യോഗ്യതാ റൗണ്ടില്‍ മൂന്ന് ഗോളുകള്‍ സ്വന്തം പേരിലെഴുതിയ ശേഷമായിരുന്നു വൈറ്റ്സൈഡ് മെക്സിക്കോയിലേക്ക് വിമാനം കയറിയത്. ഫൈനല്‍ റൗണ്ടില്‍ അള്‍ജീരിയക്കെതിരെ ഒരു തവണ വലകുലുക്കാനും വൈറ്റ്ഫീല്‍ഡിനു സാധിച്ചു. എങ്കിലും അയര്‍ലന്റ് പ്രാഥമിക ഘട്ടത്തില്‍ തന്നെ തോറ്റു മടങ്ങി. എട്ടുവര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 38 തവണ രാജ്യത്തെ പ്രതിനിധീകരിച്ച വൈറ്റ്സൈഡ് ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ വെറും 26 വയസുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു.
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായത്തില്‍ തിളങ്ങിയ ചരിത്രവും വൈറ്റ്സൈഡിനുണ്ട്. മാന്‍.യുവിനുവേണ്ടി സ്കോര്‍ ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ താരവും വൈറ്റ്സൈഡ് തന്നെ. ഏറ്റവും ചെറുപ്രായത്തില്‍ ലീഗ് കപ്പ്, എഫ്എ കപ്പ് ഫൈനലുകളില്‍ ഗോള്‍ കണ്ടെത്തിയവനെന്ന പെരുമകളും വൈറ്റ്സൈഡിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: