കോട്ടയം: പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉറപ്പായി. പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് സ്കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടി ചെയര്മാന് പി.സി. തോമസിനെതിരെ കോഴ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത മറനീക്കിയത്. എന്നാല്‍ സ്കറിയാ തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍കൂടിയായ പി.സി. തോമസ് പറയുന്നത്.
പി.സി. തോമസ് വിഭാഗം 21ന് കൊച്ചിയിലും സ്കറിയാ തോമസ് വിഭാഗം 20ന് കോട്ടയത്തും സംസ്ഥാന സമിതിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാന കമ്മറ്റിയോഗങ്ങളില്‍ ഇരുനേതാക്കളും പരസ്പരം പുറത്താക്കുന്നതോടെ പുതിയ ഒരു കേരളാ കോണ്‍ഗ്രസിന്റെ പിറവിക്ക്കൂടി സാധ്യതയേറി. സ്കറിയാ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടി ചെയര്മാന് പി.സി. തോമസുമായി ഏറെ നാളായി ഭിന്നതിയിലായിരുന്നെങ്കിലും തിരുവനന്തപുരത്ത് എല്‍ഡിഎഫ് ഉപരോധത്തിനെതിരെ സന്ധ്യയെന്ന വീട്ടമ്മ പരസ്യമായി പ്രതീകരിച്ച സംഭവമാണ് പാര്‍ട്ടിയെ പൊടുന്നനെ പിളര്‍പ്പിലേക്ക് നയിച്ചത്.
ഉപരോധത്തിനെതിരെ പ്രതികരിച്ച സന്ധ്യയോട് അനുഭാവം പ്രകടിപ്പിച്ച് വീട്ടില്‍പോയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യനെ പുറത്താക്കിയ പി.സി. തോമസിന്റെ നടപടിയാണ് സ്കറിയാ തോമസിനെയും സംഘത്തെയും ചൊടിപ്പിച്ചത്. പി.സി. തോമസിന്റെ ഏകാധിപത്യശൈലി അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. സന്ധ്യയോട് നടുറോഡില്‍ മോശമായി സംസാരിച്ചതിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സുരേന്ദ്രന്‍പിള്ളയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സ്കറിയാ തോമസ് വിഭാഗവും തിരിച്ചടിച്ചു.
പി.സി. തോമസ് പണ സമ്പാദനത്തിനായി പാര്‍ട്ടിയെ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് സ്കറിയാ തോമസ് മാധ്യമപ്രവര്‍ത്തകരോടെ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാരെ വരെ നിയമിച്ചത് അഞ്ച് ലക്ഷം രൂപവരെ കോഴവാങ്ങിയാണ്. നിരന്തരം പാര്‍ട്ടി പരിപാടികള്‍ നടത്തുന്നത് പണപരിവിനാണെന്നും സ്കറിയാ തോമസ് ആരോപിച്ചു. എന്നാല്‍ സ്കറിയാ തോമസ് ജനങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത നേതാവാണെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.സി. തോമസ് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും നേതാക്കളും തന്നോടൊപ്പമാണെന്നും പി.സി. തോമസ് അവകാശപ്പെട്ടു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഏതായാലും അടുത്തദിവസങ്ങളില്‍തന്നെ പുതിയ ഒരു കേരളാ കോണ്‍ഗ്രസ് കൂടി ജന്മം കൊള്ളനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: