പുരോഗതിയെന്നത് നിരന്തരമായ പോരാട്ടമാണ്. അഭിശപ്തമായ വിധിക്കെതിരെ നടത്തുന്ന നിരന്തരമായ കലാപം. അനിവാര്യമായതെന്നു ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ദുരന്തങ്ങള്‍ക്കു കീഴടങ്ങാതെ സ്വന്തം ചരിത്രം സ്വയം നിര്‍മ്മിക്കാനുള്ള കഴിവാണ് പുരോഗതി. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ കാഴ്ചപ്പാടാണിത്.
ദക്ഷിണാഫ്രിക്കയുടെ വിധിയെ തിരുത്തിയെഴുതിയതും ഈ കാഴ്ചപ്പാടാണ്. മണ്ടേലയുടെ മരണത്തിനുശേഷം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇതിനു തെളിവ്. പ്രിട്ടോറിയന്‍ ഭരണകൂടത്തിന്റെ പതനം ഒരിക്കലും കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നില്ല. അങ്ങനെ ആക്കിത്തീര്‍ത്തത് മണ്ടേലയുടെ പോരാട്ടങ്ങളായിരുന്നു.
പ്രത്യേക സ്കൂളുകള്‍, കോളനികള്‍, ബസ്സുകള്‍ , മാര്‍ക്കറ്റുകള്‍, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനം ഒരു ജനതയുടെ ആത്മാഭിമാനത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ പോന്നതായിരുന്നു. നെല്‍സണ്‍ മണ്ടേലയുടെ നിശ്ചയദാര്‍ഢ്യമാണ് പ്രിട്ടോറിയന്‍ ഭരണകൂടത്തെ ഇല്ലാതാക്കിയത്. കാമറൂണ്‍ പറഞ്ഞത് അത്രത്തോളം ശരിയാണ്. സ്വാതന്ത്ര്യം, സമത്വം ലോകമെങ്ങും ജനാധിപത്യ വാദികളെ പ്രചോദിപ്പിച്ച മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മുദ്രാവാക്യങ്ങള്‍.
വംശീയാധിപത്യത്തിനെതിരായ കലാപം എന്നതിലുപരി മനുഷ്യസമത്വം എന്ന വലിയ സ്വപ്നമാണ് മണ്ടേലയുടെ സമരം ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഒരര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കക്കു വേണ്ടി മാത്രമുള്ളതായിരുന്നില്ല ആ പോരാട്ടങ്ങള്‍. മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതായിരുന്നു. പക്ഷേ മരണാനന്തരവും മണ്ടേലയെ ദക്ഷിണാഫ്രിക്കയിലെ കറുത്തവരുടെ നേതാവ് മാത്രമാക്കി അവതരിപ്പിക്കുന്നതില്‍ സാമ്രാജ്യത്വം ഒരിക്കല്‍ക്കൂടി വിജയിച്ചിരിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോഴെന്ന പോലെ.
വംശീയാഭിമാനത്തിന്റെ ഗോത്ര സംസ്കൃതി ഇപ്പോഴും വൈറ്റ് മാന്‍സ് ബര്‍ഡന്‍ എന്ന മൂഢത്വം കയ്യൊഴിയാന്‍ തയ്യാറില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ. സ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടി നടന്ന പോരാട്ടങ്ങള്‍ ഒട്ടേറെയുണ്ട് ചരിത്രത്തില്‍. ഓരോ പോരാട്ടവും ഒരുസമൂഹത്തിന്റെ ചരിത്ര നിര്‍മ്മിതി കൂടിയാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം അതിജീവനത്തിനുള്ള സഹവര്‍ത്തിത്വവും ഇത്തരം പോരാട്ടങ്ങള്‍ ഉറപ്പു വരുത്തുന്നു. ഗോത്ര കലാപങ്ങളുടെ ഭീഷണമായ കൊലപാതകക്കാലങ്ങള് ഇത്തരം സമരങ്ങളില്‍ ആവര്ത്തിക്കാത്തതിനു കാരണവും ഇതാണ്.
ദക്ഷിണാഫ്രിക്കയിലെ പോരാട്ടം ഒരു ഘട്ടത്തിനുശേഷം ഇത്തരം ജനാധിപത്യ സ്വഭാവത്തോടുകൂടിയതായിരുന്നു. ആയുധങ്ങളേക്കാള്‍, മുദ്രാവാക്യങ്ങളേക്കാള്‍, പ്രസംഗങ്ങളേക്കാള്‍ ശക്തമായ ധാര്‍മ്മിക പോരാട്ടമായിരുന്നു അതിന്റെ വഴി. ഇത്തരം സമരങ്ങളില്‍ അനുകൂലികളുടെ എണ്ണമോ പേശീബലമോ വാഗ്മിതയോ പാണ്ഡിത്യമോ നിര്‍ണ്ണായകമല്ല. ഇവിടെ പോരാളിയുടെ ധാര്‍മ്മികതയാണ് യുദ്ധതന്ത്രം.
മണ്ടേല എന്ന മനുഷ്യന് ദക്ഷിണാഫ്രിക്കയെ നയിച്ചത് ഈ ധാര്‍മ്മികത കൊണ്ടായിരുന്നു. ഇത്തരം സമരങ്ങളുടെ കാതലായ രാഷ്ട്രീയ ദര്‍ശനം അത് ശത്രുവിന്റെ നശീകരണത്തെയല്ല നവീകരണത്തെയാണ് ലക്ഷ്യമിടുന്നത് എന്നതാണ്. ആ അര്‍ത്ഥത്തില്‍ മണ്ടേല ലക്ഷ്യമിട്ടത് കറുത്തവന്റെ മോചനത്തെയല്ല, വെളുത്തവന്റെ മോചനത്തെയാണ്. അവനെ തടവിലാക്കിയിരിക്കുന്ന പ്രാകൃതമായ വംശവെറിയുടെ തടവറയില്‍ നിന്ന്. വെള്ളക്കാരന്റെ മോചനത്തിനു വേണ്ടിയാണ് 26 കൊല്ലം മണ്ടേല ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചത്. കറുത്തവനെ ഭരിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന വെള്ളക്കാരന്റെ നൂറ്റാണ്ടുകള്‍ നീണ്ട അന്ധവിശ്വാസത്തില്‍ നിന്ന് അവരെ മോചിപ്പിക്കുകയായിരുന്നു മണ്ടേലയുടെ സമരം.
ആധുനിക ജനാധിപത്യത്തിന്റെയും നവീന രാജനീതിയുടെയും വക്താക്കളെന്ന് മേനി നടിക്കുന്ന സാമ്രാജ്യത്വത്തിന്റെ പിന്തുടര്ച്ചക്കാര്ക്ക് ഒരിക്കലും ഇഷ്ടപ്പെടാത്തതാണ് ഈ രാഷ്ട്രീയം. തോക്കുകളും ബോംബുകളും ഉപയോഗിച്ച് തങ്ങളെ നേരിടുന്നവരെ അവര്‍ അംഗീകരിക്കും. ആശയങ്ങള്‍ കൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നവരെയും അംഗീകരിക്കും. എന്നാല്‍ ധാര്‍മ്മിക സമരങ്ങളെ കൊളോണിയല്‍ പിന്തുടര്ച്ചക്കാര് ഭയപ്പെടുന്നു. അവിടെ അവര്‍ നിരായുധരാണ്. ചെറുത്തു നില്പ്പിന് പോലും ആകാത്ത വിധം.
മണ്ടേലയെ അംഗീകരിക്കാത്തതിനു പിന്നിലെ വലിയ സത്യം ഇതാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനാധിപത്യ പോരാളികളിലൊരാളായിരുന്ന മണ്ടേലയെ അദ്ദേഹത്തിന്റെ മരണശേഷം പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കറുത്ത സൂര്യന് എന്നായിരുന്നു. എന്തൊരു കാപട്യം. മൂന്നാം ലോക രാജ്യങ്ങളിലെ മാധ്യമങ്ങളും ഇതിന്റെ ചുവട് പിടിച്ച് മണ്ടേലയെ കറുത്തവര്‍ഗക്കാരുടെ സൂര്യനായവതരിപ്പിച്ചു. മണ്ടേല കറുത്തവന്റെ മാത്രം സൂര്യനാണെന്ന് പ്രഖ്യാപിക്കേണ്ടത് ആരുടെ താത്പര്യമായിരുന്നു. മണ്ടേലയുടെ ജീവിതവും പോരാട്ടവും കറുത്തവര്‍ക്കു വേണ്ടി മാത്രമായിരുന്നില്ല. അത് കൂടുതല്‍ നല്ല ഒരു ലോകത്തിനു വേണ്ടിയുള്ളതായിരുന്നു. ആ പോരാട്ടം കറുത്തവനെയെന്ന പോലെ വെളുത്തവനെയും സഹായിച്ചിട്ടുണ്ട്. അവന്റെ ജീവിതാവബോധത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചിട്ടുണ്ട്. മഹത്തായ ഒരു സാഹിത്യകൃതി പോലെ ഒരു തത്വചിന്ത പോലെ ആ ജീവിതം ലോകത്തെ പുതുക്കിപ്പണിയുകയായിരുന്നു. എന്നിട്ടും മണ്ടേല കറുത്തവരുടെ സൂര്യന് മാത്രമായി വിലയിരുത്തപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന രാഷ്ട്രീയപ്രക്രിയകളിലൊന്നായിരുന്നു കോളനിവാഴ്ചയുടെ അന്ത്യം. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ യൂറോപ്പിന്റെ രാഷ്ട്രീയ അധിനിവേശം അവസാനിച്ചെങ്കിലും സാമ്രാജ്യത്വത്തിന്റെ മരം ഇപ്പോഴും പെയ്തു തോര്‍ന്നിട്ടില്ല. സാമ്രാജ്യത്വത്തെ ഒരു പ്രത്യയശാസ്ത്രം എന്ന നിലക്ക് അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വെള്ളക്കാരന്റെ ആഗോള ദൗത്യം എന്ന സിദ്ധാന്തം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുവെന്ന് വേണം അനുമാനിക്കാന്‍. രാഷ്ട്രീയ രംഗത്ത് ഏഷ്യന്‍ ആഫ്രിക്കന്‍ ധാരകളെ സഹിഷ്ണുതയോടെ നോക്കിക്കാണാനോ സംവേദനക്ഷമമായ സഹവര്ത്തിതവത്തിനോ പടിഞ്ഞാറിന്റെ മനസ്സ് ഇനിയും തയ്യാറായിട്ടില്ല എന്നാണ് മണ്ടേലയുടെ ഉദാഹരണം വ്യക്തമാക്കുന്നത്.
സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതുകൊണ്ടും, അനുശോചനപ്രമേയം പാസാക്കുന്നതു കൊണ്ടും തങ്ങളുടെ കാപട്യത്തെ മറച്ചു പിടിക്കാമെന്ന് കൊളോണിയല്‍ പിന്തുടര്ച്ചക്കാര് കരുതുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന കലാപങ്ങള്‍ യൂറോപ്പിനെ സംബന്ധിച്ച് എന്നും രക്ത രൂക്ഷിതമായിരുന്നുവെങ്കില് ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍ അത്തരം സമരങ്ങള്‍ക്ക് ധാര്‍മ്മിക കലാപത്തിന്റെ മുഖഛായയായിരുന്നു പലപ്പോഴും. ഇതില്‍ ഏറ്റവും ശ്രദ്ധേയമാണ് ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലേയും സ്വാതന്ത്ര്യ സമരങ്ങള്‍. ഗാന്ധിജി മണ്ടേലയുടെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ചിരുന്നു. എന്തു കൊണ്ടാണ് മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാത്തത് എന്നതിനുള്ള ഉത്തരം കൂടിയാണ് മണ്ടേലയെ കറുത്തവരുടെ സൂര്യന് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ വെളിപ്പെടുന്നത്. ജനാധിപത്യം, പൗരാവകാശം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ആധുനിക രാഷ്ട്രമീമാംസ സങ്കല്‍പ്പങ്ങള്‍ക്ക് യൂറോകേന്ദ്രിതമായി നല്കപ്പെട്ടിട്ടുളള നിര്‍വ്വചനങ്ങള്‍ക്കപ്പുറം മറ്റൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന പരമ്പരാഗത നിലപാടാണ് ഇവിടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നത്.
ധാര്‍മ്മികത,മാനവികത തുടങ്ങിയ ദാര്‍ശനിക മാനങ്ങള്‍ ആഗോളവത്കരണത്തിന്റെ കാലത്ത് തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കുമെന്ന് നവ കൊളോണിയല്‍ ശക്തികള്‍ തിരിച്ചറിയുന്നു. പ്രത്യേകിച്ചും ലോകമെങ്ങും അനുകമ്പയുടെ രാഷ്ട്രീയത്തെയും ദരിദ്രര്‍ക്കുള്ള സബ്സീഡികളെയും പ്രതിരോധിക്കാനുള്ള ശ്രമം കൊളോണിയല്‍ ശക്തികള്‍ തുടരുമ്പോള്‍. അതുകൊണ്ടാണ് ഗാന്ധിയും മണ്ടേലയും പാശ്ചാത്യ ശക്തികള്‍ക്ക് തൊട്ടുകൂടാത്തവരാകുന്നത്. രാഷ്ട്രീയമെന്നത് അധികാരത്തിന്റെ വഴികളാണെന്ന പടിഞ്ഞാറിന്റെ പ്രത്യയശാസ്ത്ര നിലപാടിനെ തിരുത്തിയ രണ്ടു രാഷ്ട്രതന്ത്രജ്ഞരായിരുന്നു ഗാന്ധിജിയും മണ്ടേലയും.
രാഷ്ട്രീയമെന്ന എക്കാലത്തെയും വലിയ മനുഷ്യ വ്യവഹാരത്തെ അഹിംസയെന്ന മൂല്യവുമായി കൂട്ടിയിണക്കിയെന്നതാണ് ഗാന്ധിയുടെ പ്രസക്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അതുവഴി ധാര്‍മ്മികതയുടെ മഹാശക്തി നല്കാന് ഗാന്ധിക്ക് കഴിയുകയായിരുന്നു. മണ്ടേലയാകട്ടെ സമത്വം എന്ന എക്കാലത്തെയും വലിയ വിപ്ലവ സ്വപ്നത്തെ തന്റെ ജനാധിപത്യ പോരാട്ടത്തിന്റെ അടിത്തറയാക്കി. യൂറോ കേന്ദ്രിത കൊളോണിയല്‍ രാഷ്ട്രീയ മനസുകളെ നവീകരിക്കാനാണ് ഇരുവരും ലക്ഷ്യമിട്ടത്. മണ്ടേലയെ കറുത്തവരുടെ സൂര്യന് എന്ന് വിളിച്ചവര്‍ ഗാന്ധിയെ അതിലും പരിഹാസ്യമായ വിശേഷണങ്ങള്‍ ചാര്ത്തിയായിരുന്നുവല്ലോ ചരിത്രത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ചെറിയ മനസ്സുകൊണ്ട് വലിയ ലോകം ഭരിക്കാനിറങ്ങിപ്പുറപ്പെട്ടവരുടെ അപകര്‍ഷതാ ബോധമാണ് ഇവിടെ വില്ലന്‍.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: