നിരഞ്ജനഭാരതം അധ്യായം – 6
അറവുകത്തിക്ക് ഊഴം കാത്ത് നില്‍ക്കുന്നതിനിടെ ഒരു പൈക്കുട്ടിക്ക് ജന്മം നല്കിയ പശുവിനെക്കുറിച്ചുള്ള വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസം. ആ പ്രസവം അപ്പോള്‍ നടന്നില്ലായിരുന്നു എങ്കില്‍ നിറവയറോടെ ഒരു മിണ്ടാപ്രാണി കഴുത്തറുക്കപ്പെടുകയും അതിന്റെ ചോരവറ്റാത്ത മാംസം നഗരത്തിലെ തീന്മേശകളില് നിറയുകയും ചെയ്തേനെ. ഒരു കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുന്ന ജീവി, അത് ഏത് കുലത്തില്പ്പെട്ടാലും കാരുണ്യവും ശ്രദ്ധയും അര്‍ഹിക്കുന്നു എന്ന മാനുഷികമായ കാഴ്ച്ചപ്പാടിന്റെ മരണമായി വേണം ഇത്തരം വാര്‍ത്തകളെ കാണാന്‍.
ഗോക്കളെ കൊല്ലുന്നവനും കൊല്ലിക്കുന്നവനും മോഷ്ടിക്കുന്നവനും ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. ഇവര്‍ വധശിക്ഷക്ക് പോലും അര്‍ഹരാണെന്ന് പൗരാണിക നീതി. ഇതിനോട് ഇന്നത്തെ തലമുറക്ക് പുച്ഛം തോന്നിയേക്കാം. നിപരാധികളെ അതിക്രൂരമായി കൊന്നൊടുക്കുന്ന കൊടുംകുറ്റവാളികള്പ്പോലും മനുഷ്യാവകാശത്തിന് അര്‍ഹരാണെന്നും അവരെ തൂക്കികൊല്ലാന്‍ പാടില്ലെന്നും വാദിക്കുന്ന ആധുനികസമൂഹത്തില്‍ ഇത്തരം വാര്‍ത്തകളോട് പരിഹാസം തോന്നുന്നത് സ്വാഭാവികം മാത്രം.
പൈക്കുട്ടി ആവോളം നുകര്‍ന്ന് അധികം വരുന്ന പാലാണ് നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കേണ്ടതെന്ന് നിഷ്ക്കര്‍ഷിച്ച പൂര്‍വ്വികര്‍ മറ്റ് ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധാപൂര്‍വ്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വര്‍ഷം, ശരത്, ഹേമന്തം ഈ ഋതുക്കളില്‍ ഗോക്കളെ രണ്ട് നേരം കറക്കാം. ശിശിരത്തിലും വസന്തത്തിലും ഗ്രീഷ്മത്തിലും ഒരു നേരമേ പാടുള്ളു. ഇത് തെറ്റിക്കുന്നവന്റെ പെരുവിരല്‍ നുറുക്കികളയണമെന്നാണ് അര്‍ത്ഥശാസ്ത്രത്തില്‍ ചാണക്യന് നിഷ്ക്കര്‍ഷിക്കുന്നത്. എത്ര ശാസ്ത്രീയമായും അതേസമയം സഹാനുഭൂതിയോടെയുമാണ് അക്കാലത്ത് ഗോക്കളെ പരിപാലിച്ചിരുന്നതെന്ന് മനസ്സിലാക്കണം. പ്രത്യേകിച്ചും കറവയന്ത്രത്തിന്റെ സഹായത്തോടെ മുറിഞ്ഞ് വ്രണമായ അകിടില്‍ നിന്ന് പാല് ഊറ്റിയെടുക്കുന്ന നാഗരികരുടെ കാലത്ത്.
നിറഞ്ഞ പച്ചപ്പില്‍ മേഞ്ഞുനടന്ന് അരുവികളില്‍ നിന്ന് ആവോളം വെള്ളം കുടിച്ച് സംതൃപ്തിയോടെ അയവെട്ടി വിശ്രമിക്കുന്ന പശുക്കളുടെ ഓര്‍മ്മ പോലും മാഞ്ഞുപോകുന്നു. മേഞ്ഞുനടക്കാന്‍ പുല്മേടുകളില്ലാതെ നഗരമധ്യത്തിലെ എച്ചില്‍ക്കൂനകളിലെ അവശിഷ്ടങ്ങളും കടലാസും ഭക്ഷിച്ച് കറവ വറ്റുന്ന അകിടുകളുമായി കഴിയുകയാണ് നമ്മുടെ പശുക്കള്‍. രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ തീറ്റയും വെള്ളവും നല്കി പാല് ഉത്പാദനം കൂട്ടാനുള്ള ശ്രമം വേറെ.
പ്രസവിക്കാനും പാല് ചുരത്താനുമുള്ള ശേഷി നിന്നാല്‍ നിഷ്ക്കരുണം അറവുശാലയിലേക്ക്. അത്തരത്തില്‍ ഒഴിവാക്കപ്പെട്ട് കശാപ്പുശാലയിലെത്തിയ ഒരു പശുവായിരിക്കാം കഴിഞ്ഞ ദിവസം പ്രസവിച്ചത്. പിറന്നു വീഴുന്ന കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തി അവന് ഉണര്‍വ്വും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നത് അമ്മയുടെ സാന്നിധ്യമാണ്. ഏറ്റവും വിശുദ്ധമായ ഈ മുലപ്പാലിനൊപ്പം മഹത്വമുണ്ട് പശുവിന്‍പാലിനും. അതുകൊണ്ടാണ് അമ്മയെപ്പോലെ പൂജനീയരും വന്ദിക്കപ്പെടേണ്ടവരുമാകുന്നു ഗോക്കളെന്ന് നമ്മുടെ ഇതിഹാസ പുരാണങ്ങള്‍ ആവര്‍ത്തിക്കുന്നത്.
സമൃദ്ധിയുടെ പ്രതീകമാണ് ഗോക്കള്‍. നിര്‍ഭയമായി സര്‍വ്വരാലും വന്ദിക്കപ്പെട്ട് നന്ദനോദ്യാനത്തില്‍ കല്പ്പവൃക്ഷത്തിന്റെ ചുവട്ടില്‍ വിശ്രമിക്കുന്ന കാമധേനു എന്ന പശു സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും അടയാളമാണ്. എന്നിട്ടും ആഞ്ഞുവീശുന്ന ചാട്ടവാറടിയുടെ പുകച്ചിലില്‍ കൊടുംതണുപ്പിലും വെയിലിലും കിലോമീറ്ററുകള്‍ താണ്ടി അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്നു ഗോമാതാക്കള്‍. ഈ ദയനീയ ദൃശ്യങ്ങള്‍ ആരിലും ചലനമുണ്ടാക്കുന്നില്ല.
കേരളത്തിന് വെളിയില്‍ ഗോക്കള്‍ക്ക് ഏത് നഗരത്തിലും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പൊതുസമൂഹമായിരിക്കും ഇവരുടെ അവകാശികളും സംരക്ഷകരും. എന്നാല്‍ കേരളത്തില്‍ ഉടമസ്ഥനില്ലാത്ത ഒരു പശുപോലുമുണ്ടാകില്ല. ഉണ്ടായാല്‍ തന്നെ അത് ദിവസങ്ങള്‍ക്കകം കശാപ്പ് ചെയ്യപ്പെടും. മാംസാഹാരത്തോടുള്ള അത്യാര്‍ത്തി വൈറസ് പോലെ പടരുമ്പോള്‍ കൊന്നൊടുക്കപ്പെടുന്ന മിണ്ടാപ്രാണികളുടെ കണക്ക് കുതിക്കുകയാണ്. പശു മാത്രമല്ല ഇതിലുള്‍പ്പെടുന്നത്.
ചുരുക്കത്തില്‍ പശു എന്നത് നാലുകാലും രണ്ട് കൊമ്പും വാലുമുള്ള പാല് തരുന്ന വളര്‍ത്തുജീവി മാത്രമല്ല. പൗരാണികമായ ഒരു ജീവിതരീതിയുടെയും അനാദിയായ ഒരു സംസ്കാരത്തിന്റെയും പ്രതീകമാണ്. ഭാരതത്തിന്റെ ധര്‍മ്മസങ്കല്‍പ്പം പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃതയുഗത്തില്‍ നാലുകാലില്‍ ചരിക്കുന്ന ധര്മ്മപ്പശു കലികാലത്തില്‍ ഒറ്റക്കാലില്‍ ആണെന്ന ആ സങ്കല്‍പ്പത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് ഈ മിണ്ടാപ്രാണിയോട് മനുഷ്യന് കാണിക്കുന്ന നെറികേട്.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: