മീനങ്ങാടി (കല്‍പ്പറ്റ): ഫെഡറേഷന് കാപ്പിലാണ് എറണാകളും പുല്ലേപ്പടി ആസ്ഥാനമായുള്ള ഈഗിള്‍സ് ഫുട്ബാള്‍ ക്ലബ്ബിന്റെ കണ്ണ്. ദേശീയ ഫുട്ബാളിലെ അനിഷേധ്യശക്തിയായി ഈഗിള്‍സിനെ മാറ്റാനുള്ള നീക്കത്തിലാണ് ക്ലബ്ബ് മാനേജ്മെന്റ്. 32 താരങ്ങളാണ് നിലവില്‍ ഈഗിള്‍സ് എഫ്സിയില്‍. ഇതില്‍ നാലുപേര്‍ വിദേശികള്‍. കേരളം, പഞ്ചാബ്, പശ്ചിമബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു തേടിപ്പിടിച്ചതാണ് മറ്റു 28 പേരെ. മലയാളി താരങ്ങളില്‍ രണ്ടുപേര്‍ വയനാട്ടുകാരാണ്. കല്‍പ്പറ്റക്കാരന്‍ ചാലില്‍ മുഹമ്മദ് സുഹൈലും പടിഞ്ഞാറെത്തറ സ്വദേശി പി.സി.അനിലും.
കളിയിലെ പുതുപുത്തന്‍ അടവുകള്‍ താരങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനു പുതിയ പരിശീലകനെയും മുത്തൂറ്റ് പാപ്പച്ചന് ഡയറക്ടറായ ക്ലബ്ബ് നിയോഗിച്ചു. ബംഗളൂരുവില്‍നിന്നുള്ള സ്റ്റാന്‍ലി റോസാരിയൊയാണ് പുതിയ കോച്ച്. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ സഹപരിശീലകനായിരുന്നു സ്റ്റാന്‍ലി. 2008ല്‍ ഈസ്റ്റ് ബംഗാളിന്റെയും 2009ല്‍ സാല്‍ഗോക്കര്‍ ഗോവുടെയും 2010ല്‍ മോഹന്‍ബഗാന്റെയും 2011ല്‍ യുനൈറ്റഡ് സിക്കിം ഫുട്ബാള്‍ ക്ലബ്ബിന്റെയും കോച്ചായിരുന്ന സ്റ്റാന്‍ലിയെ ഒരാഴ്ച മുമ്പാണ് ഈഗിള്‍സ് റാഞ്ചിയത്. ചുമതലയേറ്റതുമുതല്‍ ഓരോ താരത്തെയും ഗ്രൗണ്ടില്‍ വിയര്‍പ്പിക്കുന്ന സ്റ്റാന്‍ലി അവരുടെ പ്രകടനവും വിലയിരുത്തിവരികയാണ്.
താരനിരയെ ഉടച്ചുവാര്ത്തതിനുശേഷം ഈഗിള്‍സ് ആദ്യം മാറ്റുരയ്ക്കുന്നത് മീനങ്ങാടിയില്‍ നടക്കുന്ന സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിലാണ്. മുഴുവന്‍ താരങ്ങളും വയനാട്ടിലെത്തിയിട്ടുണ്ട്. ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ഇറക്കുന്ന ടീമിനെയും നായകനെയും ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് കോച്ച് പറഞ്ഞു. ഫെഡറേഷന് കപ്പിനുവേണ്ടി ഈഗിള്‍സിനെ പരുവപ്പെടുത്തുന്നതിനുള്ള അവസരങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയില്‍നിന്നുള്ള സക്കുബു കൊകൊ അറ്റാര്‍സ, ചാള്‍സ്, ഒഡിലി ഫെലിക്സ് ചിഡി, അമേരിക്കയില്‍നിന്നുള്ള വിജയ് ഡയസ് എന്നിവരാണ് ഈഗിള്‍സിന്റെ വിദേശതാരങ്ങള്‍. ഡെംപോ ഗോവയ്ക്കുവേണ്ടി മുന്‍പ് ജഴ്സിയണിഞ്ഞിട്ടുള്ള സ്ട്രൈക്കറാണ് സക്കുബു. ചാള്‍സ് കഴിഞ്ഞ സീസണില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബിന്റെ പ്രതിരോധനിരയില്‍ ഉണ്ടായിരുന്നു. ഫുട്ബാള്‍ കളി ജീവിതമാക്കി അടുത്തകാലത്ത് ഇന്ത്യയിലെത്തിതാണ് മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ഫെലിക്സും വിജയ് ഡയസും.
എറണാകുളത്തുകാരന് വിവിയന്‍ ജോസഫിന്റെയും മോര്സിയ എന്ന വിദേശവനിതയുടെയും മുന്ന് മക്കളില്‍ ഇളയ ആളാണ് വിജയ്. പിതാവ് വിവിയന്‍ 1959ല്‍ എറണാകുളം ഈഗിള്‍സിന്റെ കളിക്കാരനായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. 1956ല്‍ രൂപീകൃതമായതാണ് ഈഗിള്‍സ് ക്ലബ്ബ്.
സന്തോഷ്ട്രോഫിയില്‍ കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഗോള്‍ കീപ്പര്‍ കെ.വി.നസീബ്, അഹമ്മദ് മാലിക്, എ.എം.സുമേഷ്, കെ.നവാസ്, കെ.ജെ.അരുണ്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈഗിള്‍സിന്റെ മലയാളി താരനിര. കളിക്കാരില്‍ എട്ടുപേര്‍ അടുത്തിടെ ഐ.എം.ജി റിലയന്‍സില്‍നിന്ന് എത്തിയതാണ്. മൂന്നുപേര്‍ ഥാപ്പ മണിപ്പൂരില്‍നിന്നു വന്നവരും.
വിവിധ ദേശക്കാരും ഭാഷക്കാരുമായ താരങ്ങള്‍ ‘സെറ്റായി’ വരുന്നതേയുള്ളൂവെന്ന് ഈഗിള്‍സ് മാനേജര്‍ ടി.എം.പൊന്നന് പറഞ്ഞു. ഒന്നിച്ചുള്ള പരിശീലനം മുറിയരുതെന്ന ചിന്താഗതിയിലാണ് മുഴുവന്‍ താരങ്ങളെയും വയനാട്ടില്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മില്ട്ടന് ആന്റണിയാണ് ഈഗിള്‍സിന്റെ അസിസ്റ്റന്റ് കോച്ച്. ഫിസിയോ തെറാപ്പിസ്റ്റ് ഡോ.ബി. ജിത്തും. പടിഞ്ഞാറെത്തറ പതിനാറാംമെയില് പൊട്ടുകണ്ണി ചന്തു-പുഷ്പ ദമ്പതികളുടെ ഇളയ മകനാണ് ഈഗിള്‍സിന്റെ വയനാടന്‍ താരങ്ങളില്‍ ഒരാളായ അനില്‍. ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലൂടെ എറണാകളും ഗോള്‍ഡന്‍ ത്രഡിലെത്തിയ അനില്‍ കഴിഞ്ഞവര്‍ഷമാണ് ഈഗിള്‍സിന്റെ ഭാഗമായത്. മുസ്ലിംലീഗ് വയനാട് ജില്ലാ സെക്രട്ടറി കല്പറ്റ ചാലില്‍ മൊയ്തീന്‍കുട്ടിയുടെയും സുലൈഖയുടെയും മൂത്തമകനാണ് ഈഗിള്‍സിലെ മുഹമ്മദ് സുഹൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: