സിംഗപ്പൂര്‍: ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ എന്ന സേരങ്കൂണ് റോഡ് പ്രദേശത്ത് സിംഗപ്പൂര്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച വന്‍ കലാപമുണ്ടായ ഈ പ്രദേശത്ത് ഇന്ന് വാരാന്ത്യ ദിവസമായതിനാല്‍ മുന്‍കരുതലെന്ന നിലയ്ക്കാണിത്.
കഴിഞ്ഞ ഞായറാഴ്ച 33 വയസ്സുകാരനായ ഇന്ത്യക്കാരന് ഇവിടെ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായി. ശക്തിവേല്‍ കുമാരവേലുവിന്റെ മരണത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ ആക്രമണം നിയന്ത്രിക്കാന്‍ സിംഗപ്പൂര്‍ സുരക്ഷാവിഭാഗവും രംഗത്തിറങ്ങി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ കലാപമായിമാറുകയായിരുന്നു. 39 ഹോം ടീം ഓഫീസേഴ്സിന് പരിക്കുപറ്റി. 25 പോലീസുകാര്‍ക്കും പരിക്കേറ്റു. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. 400 ല്‍ പരം പേര് കലാപത്തിനിറങ്ങിയതായി കണക്കാക്കുന്നു.
ഇന്ന് വാരാന്ത്യവും നാളെ അവധിയുമായതിനാല്‍ പ്രദേശത്ത് വീണ്ടും സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ തീരുമാനം.
സ്ഥലത്തെ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ടി.രാജാകുമാര്‍ ശക്തമായ മുന്നറിയിപ്പാണ്് നല്‍കിയിരിക്കുന്നത്. “ആരെയും മദ്യം വില്‍ക്കാനോ വാങ്ങാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണമായി മദ്യം നിരോധിച്ചിരിക്കുകയാണ്. പബ്ലിക് ഓര്‍ഡര്‍ (പ്രിസര്‍വേഷന്‍) ആക്ട് പ്രകാരമാണ് നിരോധനം. മദ്യപിച്ചു വഴിയില്‍ നടക്കുന്നവരേയും അറസ്റ്റ് ചെയ്യു”മെന്ന് രാജാകുമാര്‍ പറഞ്ഞു. അതേസമയം, ഇതിനകം നിരോധന വാര്‍ത്ത അറിയാത്തവരുണ്ടാകുമെന്നും അവരെയും അറിയിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും രാജാകുമാര്‍ അറിയിച്ചു.
മദ്യനിരോധനം സേരങ്കൂണ് റോഡ് പ്രദേശത്തെ 347 സ്ഥാപനങ്ങളെ ബാധിക്കുമെന്നാണ് കണക്കുകള്‍. നിരോധനം ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ജീവനും സുരക്ഷയും കടകള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും സംരക്ഷണവും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: