പത്തനംതിട്ട: ആറന്മുളയില് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി, ഭൂരഹിത ജനസമൂഹങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് സാമൂഹ്യനീതി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആറന്മുളയില് ചേര്‍ന്ന ഹിന്ദുസംഘടനാ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിമാനത്താവള കമ്പനി ആദ്യമായി കൈവശപ്പെടുത്തിയതും സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തതുമായ 232 ഏക്കര്‍ ഭൂമി പട്ടികജാതി പട്ടികവര്‍ഗ്ഗ ഭൂരഹിത ജനസമൂഹത്തിന് അവകാശപ്പെട്ടതാണ്. ഈ ഭൂമി വിമാനത്താവള കമ്പനിക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവു നല്കി മിച്ചഭൂമി കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് തീറ് നല്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ പ്രക്ഷോഭത്തിന് രൂപം നല്കാന് ഭൂരഹിതരുടെ സംസ്ഥാനതല കണ്വന്ഷന് ജനുവരി 29 ന് ആറന്മുളയില് ചേരും.
മിച്ചഭുമി കൈമാറ്റം തടയാന്‍ ലാന്‍ഡ്ബോര്‍ഡ്, കോടതി എന്നിവ മുഖേന നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനമെടുത്തു. രംഗനാഥ മിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ഭൂരഹിതരോടുള്ള സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 22 ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ്ണ നടത്താനും പശ്ചിമഘട്ടം സംരക്ഷിക്കുക, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ.കുഞ്ഞോന് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, ഇ.എസ്.ബിജു, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശീല്‍കുമാര്‍, ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്ക്കരന്‍, മലയാള ബ്രാഹ്മണ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തോട്ടം നാരായണന് നമ്പൂതിരി, ഓള് ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, നാഷണല്‍ ആദിവാസി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.കെ. ഭാസ്ക്കരന്‍, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വി.എന്‍. ആനന്ദന്, എസ്.സി എസ്ടി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ബാഹുലേയന്, കുടുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ എസ്, ഹരിജന്‍ സമാജം സംസ്ഥാന സെക്രട്ടറി എം.കെ. അംബേദ്കര്‍, കേരളാ തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്, ഹിന്ദു നായ്ക്കന് സഭ സംസ്ഥാന പ്രസിഡന്റ് ഡി. സന്തോഷ് കരിമ്പനക്കുളം, ഭാരത വേലന്‍മഹാസഭ സംസ്ഥാന രക്ഷാധികാരി എം.എന്‍.വിജയന്, സാമൂഹ്യനീതി കര്‍മ്മസമിതി നേതാക്കളായ അഡ്വ.വി.പത്മനാഭന്, പി.ആര്.ശിവരാജന്, കൃഷ്ണന്‍കുട്ടി പണിക്കര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ അമ്പോറ്റി കോഴഞ്ചേരി, കെ.പി.സോമന്, കെ.എന്ഗോപിനാഥപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: