ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായി. ലോക്സഭയില്‍ പാസായ ബില്ല് രാജ്യസഭ കൂടി പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഇന്നലെ വീണ്ടും സമരം ആരംഭിച്ചതും ആംആദ്മി പാര്‍ട്ടി വോട്ട് ബാങ്കില്‍ വരുത്തിയ വിള്ളലുമാണ് ലോക്പാല്‍ ബില്ലവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കുന്നത്. ലോക്പാല്‍ ബില്ല് എത്രയും പെട്ടെന്ന് പാര്‍ലമെന്റ് പാസാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ബിജെപിയും ആവര്‍ത്തിച്ചതോടെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായി.
ബില്ല് പാസാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ സമരം ആരംഭിച്ച അണ്ണാഹസാരയെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലോക്പാല്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന ഉറപ്പു നല്കിയപ്പോള് ബില്ല് ചര്‍ച്ചയ്ക്കെടുക്കാന്‍ നോട്ടീസ് നല്‍കിയതായി കേന്ദ്രമന്ത്രി വി.നാരായണസ്വാമി വ്യക്തമാക്കി. ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലോക്സഭയില്‍ ബില്ല് പാസാക്കിയെടുക്കുന്നതിനുള്ള ശ്രമം വലിയ ബഹളത്തിലാണ് കലാശിച്ചതെങ്കിലും പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കി ബില്ല് പാസാക്കിയെടുക്കുകയായിരുന്നു.
അതിനിടെ, വിവിധ വിഷയങ്ങളിലുള്ള പ്രതിപക്ഷ-തെലങ്കാന എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭ ഇന്നലെയും പിരിഞ്ഞു. 2ജി സ്പെക്ട്രം അഴിമതിയേപ്പറ്റിയുള്ള ജെപിസി റിപ്പോര്‍ട്ടില്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ വിജോയനക്കുറിപ്പില് ചെയര്മാന് പി.സി ചാക്കോ ഭേദഗതി വരുത്തിയ വിഷയം ചര്‍ച്ചചെയ്യാന്‍ അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിക്കെതിരായിരുന്നു ബിജെപിയുടെ പ്രതിഷേധം. പാര്‍ലമെന്റ് നടപടിക്രമങ്ങളുടെ ചട്ടം ലംഘിച്ചുകൊണ്ട് സ്പീക്കര്‍ കേന്ദ്രസര്‍ക്കാരിനെ സഹായിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ പത്രസമ്മേളനം നടത്തി പറഞ്ഞു.
തെലങ്കാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് എംപിമാരും തെലുങ്കുദേശം എംപിമാരും ബഹളം വെച്ചതും സഭ നേരത്തെ പിരിയാന്‍ കാരണമായി. ബഹളം നിര്‍ത്തിയാല്‍ അവിശ്വാസപ്രമേയത്തില്‍ തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നുകൊണ്ടേയിരുന്നു. അവിശ്വാസപ്രമേയത്തിന് 84 എംപിമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് തെലുങ്കുദേശം പാര്‍ട്ടി പറഞ്ഞിട്ടുണ്ട്.
അവിശ്വാസപ്രമേയത്തിനെതിരായ നിലപാടിലാണ് മുഖ്യപ്രതിപക്ഷമായ ബിജെപി. അവിശ്വാസം കൊണ്ടുവന്നാലും പാസാകാനുള്ള അംഗബലം സഭയിലില്ലെന്നും ആറുമാസത്തിനകം സഭയുടെ കാലാവധി അവസാനിക്കുമെന്നതിനാല്‍ അവിശ്വാസം അനാവശ്യമാണെന്നുമാണ് ബിജെപി നിലപാട്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: