കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ് ബുക്കും ഉപയോഗിച്ചതിന് പിന്നാലെ കെ.കെ.ലതിക എം.എല്‍.എ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയതിന് പിന്നില്‍ സംശയകരമായി ഒന്നുമില്ലെന്ന് പൊലീസ്.
കേസിലെ പതിനാലാം പ്രതി പി.മോഹനന്റെ ഭാര്യ കൂടിയായ ലതികയുടെ വരവും മടങ്ങിപ്പോക്കും സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മോഹനനെ കാണാന്‍ വരുമ്പോള്‍ ലതികയുടെ കൈവശമുണ്ടായിരുന്ന കവറില്‍ അയാള്‍ക്കുള്ള വസ്ത്രങ്ങള്‍ അല്ലാതെ ഒന്നുമില്ലായിരുന്നു എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പി.മോഹനന്റെ സെല്ലിനു സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇരുവരും സംസാരിച്ചത് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ വച്ചാണ്. മുറിയില്‍ കാമറയില്ലെങ്കിലും അവിടെ വച്ച് ഒരു സാധനങ്ങളും ഇരുവരും പരസ്പരം കൈമാറിയിട്ടില്ലെന്ന് വെല്‍ഫെയര്‍ ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് വിവാദത്തിന്റെ പേരിലല്ല താന്‍ ഭര്‍ത്താവും കേസിലെ പ്രതിയുമായ പി.മോഹനനെ കാണാന്‍ പോയതെന്ന് കെ.കെ.ലതിക എം.എല്‍.എ പറഞ്ഞു. മോഹനനെ കണ്ട ശേഷം പുറത്തു വന്നപ്പോള്‍ മാദ്ധ്യമങ്ങളില്‍ നിന്നാണ് ഫേസ് ബുക്ക് വിവാദത്തെ കുറിച്ച് അറിഞ്ഞതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എം.എല്‍.എ പദവി യാതൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല. മോഹനനെ മാത്രമാണ് താന്‍ ജയിലില്‍ കണ്ട് സംസാരിച്ചത്. കേസിലെ മറ്റു പ്രതികളെ ആരെയും തന്നെ കണ്ടിട്ടില്ല. കേസില്‍പെട്ടയാള്‍ തന്റെ ഭര്‍ത്താവാണ്. കേസില്‍ അറസ്റ്റിലായെന്നതിനാല് ഭര്‍ത്താവിനെ ജയിലിലോ മറ്റിടങ്ങളിലോ വച്ചു കാണരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല. നിയമം അനുവദിക്കുന്ന കാലം വരെ താന്‍ മോഹനനെ കാണുമെന്നും ലതിക പറഞ്ഞു.
ടി.പി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച സ്മാര്‍ട്ട് ഫോണ്‍ ലതിക വഴി പുറത്തേക്കു കടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: