ന്യൂദല്‍ഹി: തെലങ്കാന രൂപീകരണ തീരുമാനവുമായി മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ അവിശ്വാസ നോട്ടീസ് നല്കി നിലപാട് കര്‍ക്കശമാക്കി. സീമാന്ധ്രയിലെ കോണ്‍ഗ്രസിന്റെ 6 എംപിമാരും തെലുങ്കുദേശം എംപിമാരുമാണ് ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ തന്നെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത് നാണക്കേടായി. തെരഞ്ഞെടുപ്പ് ഫലത്തോടെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും പ്രതിരോധത്തിലായത് പാര്‍ലമെന്റിലും പ്രതിഫലിച്ചു.
അവിശ്വാസ നോട്ടീസിന്മേല് ബുധനാഴ്ച സ്പീക്കര്‍ തീരുമാനമെടുക്കും. ആര്.സാംബശിവ റാവു, ശബം ഹരി, വി.അരുണ്‍ കുമാര്‍, എ.സായ്പ്രതാപ്, എല്‍.രാജഗോപാല്‍, ജി.വി.ഹര്‍ഷകുമാര്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ 55 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ പാടുള്ളൂവെന്നാണ് ചട്ടം. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ് എംപിമാരുടെ നോട്ടീസ് സ്പീക്കര്‍ തള്ളാനാണ് സാധ്യത.
പതിനഞ്ചാം ലോക്സഭയില്‍ ഇതുവരെ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ വോട്ടിംഗ് നടന്നില്ല.
തൃണമൂലിനു 19 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരാണ് നിലവില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ആന്ധ്രയില്‍ നിന്നുള്ള മറ്റ് എംപിമാരുടെ പിന്തുണ ലഭിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് എംപിമാരുടെ പുതിയ നീക്കം.
വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തേ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നലെ നടപടിക്രമങ്ങള്‍ ഒന്നും തന്നെ നടത്താതെയാണ് പിരിഞ്ഞത്. മുസാഫര്‍നഗര്‍ കലാപം ഉയര്‍ത്തിക്കാട്ടി ബിഎസ്പിയും വിലക്കയറ്റം മുഖ്യവിഷയമാക്കി സമാജ് വാദി പാര്‍ട്ടിയും ബഹളം തുടര്‍ന്നതോടെ രാവിലെ ചോദ്യോത്തരവേളയും ശൂന്യവേളയും തടസ്സപ്പെട്ടു. 12 മണി വരെ സഭ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു. ഇതിനുശേഷം തെലങ്കാന വിഷയത്തില്‍ നടന്ന ബഹളത്തില്‍ സഭ പരിയുകയും ചെയ്തു.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ സ്പീക്കര്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയതിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. പാര്‍ലമെന്ററി സമിതി അംഗങ്ങളില്‍ പകുതിയും എതിര്‍ത്തതും സമ്പൂര്‍ണ്ണമായും തെറ്റായതുമായ ജെപിസി റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാനുള്ള ജെപിസി ചെയര്മാന് പി.സി ചാക്കോയുടെ ശ്രമത്തിനെതിരെ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയും സിപിഐ നേതാവ് ഗുരുദാസ് ഗുപ്തയും രംഗത്തെത്തി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കരുതെന്ന ക്രമപ്രശ്നം ഉന്നയിച്ചത് അനുവദിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ പാര്‍ലമെന്റ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയതാണ് പ്രതിഷേധത്തിനു കാരണമായത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: