കോട്ടയം: ആത്മീയാചാര്യനും ഗ്രന്ഥകര്‍ത്താവും ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സത്സംഗ് ഫൗണ്ടേഷന് എന്ന സംഘടനയുടെ സ്ഥാപകനുമായ ശ്രീ ‘എം’ 11, 12 തീയതികളില്‍ കോട്ടയം സന്ദര്‍ശിക്കും. 1948ല്‍ തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലിയാണ് ശ്രീ എം ആയി മാറിയത്. ബിരുദപഠനം കഴിഞ്ഞ് ഹിമാലയത്തിലേക്കു പോകുകയും അവിടെ മഹേശ്വര് നാഥ് ബാബാജി എന്ന ഗുരുവിന്റെ കീഴില്‍ മൂന്നര വര്‍ഷക്കാലം പഠിക്കുകയും ചെയ്തു. സത്യാന്വേഷണ യാത്രകള്‍ക്കിടയില്‍ സ്വാമി തപസ്യാനന്ദ, ശ്രീലക്ഷ്മണ്‍ ജൂ, ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയ അനവധി മഹദ് വ്യക്തികളെ കണ്ടുമുട്ടാനും, അവരുമായി ആശയങ്ങള്‍ പങ്കുവയ്ക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ശ്രീ എം, വിവിധ തത്വചിന്തകളെയും മതദര്‍ശനങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിച്ചു. ദല്‍ഹി, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്ത്തനായും പിന്നീട് ജിദ്ദ കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്റെ ട്രസ്റ്റിയായും ജോലി നോക്കിയശേഷം 1998 മുതല്‍ അദ്ദേഹം ശ്രീ എം എന്ന പേരില്‍ ആധ്യാത്മിക ക്ലാസുകള്‍ എടുത്തുതുടങ്ങി.
‘പ്രത്യാശയുടെ പദയാത്ര’ എന്ന പേരില്‍ ശ്രീ എം പ്രഖ്യാപിച്ചിരിക്കുന്ന പദയാത്ര സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 2015 ജനുവരി 12ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നിന്നും ആരംഭിച്ച് 6,000 കിലോമീറ്റര്‍ താണ്ടി, 14 മാസംകൊണ്ട് ഏതാണ്ട് 10 ദശലക്ഷത്തിലധികം ജനങ്ങളുമായി ഇടപഴകി കാശ്മീരില്‍ അവസാനിക്കും. മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധകള്‍ ഒഴിവാക്കി, എല്ലാ മതങ്ങളുടെയും കാതലായ ആത്മീയ ഉന്നതിയും പരസ്പര സ്നേഹവും ഉയര്‍ത്തിപ്പിടിച്ച് ഭാരതീയ സംസ്കാരത്തിന്റെ കാവലാളാകാന്‍ ഓരോ ഭാരതീയനെയും ഉദ്ബോധിപ്പിക്കുക എന്നതാണ് ഈ പദയാത്രയുടെ ഉദ്ദേശ്യം.
12ന് വൈകിട്ട് 5ന് കോട്ടയം കെപിഎസ് മേനോന് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ജസ്റ്റിസ് കെ.ടി.തോമസ്, കോട്ടയം ജൂമാ മസ്ജിദ് ഇമാം സാദിഖ് മൗലവി, തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, വേള്‍ഡ് ക്രിസ്ത്യന്‍ കൗണ് സില് മെമ്പര്‍ ഫാ.കെ.എം.ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പലമതങ്ങള്‍, ഒരു മനുഷ്യകുലം എന്നി വിഷയത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: