കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സാമ്പത്തികമേഖലയില്‍ ഉണര്‍വ്വ് സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനയാണ് സാമ്പത്തിക മേഖലകളില്‍ ഉണര്‍വ്വ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ ഉയര്‍ച്ചയാണ് മുംബൈ- കൊച്ചി ഓഹരി വിപണിയില്‍ ഇന്നലെ രേഖപ്പെടുത്തിയത്. കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാകുമെന്നുമുള്ള പ്രചരണം നേരത്തെ സാമ്പത്തിക വ്യാപാര മേഖലയില്‍ കടുത്ത മാന്ദ്യം സൃഷ്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിന്റെ വ്യക്തമായ ചിത്രം സാമ്പത്തിക വ്യാപാര മേഖലക്ക് ലഭിച്ചു. ഇതാണ് വിപണിയിലെ കുതിപ്പിന് കാരണമായത്.
ദുര്‍ബലമായ സര്‍ക്കാര്‍ മാറി പകരം ശക്തമായ കേന്ദ്ര സര്‍ക്കാര്‍ വരുന്നത് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വ്യാപാര- വ്യാവസായിക മേഖലകള്‍ കാണുന്നത്. ഓഹരി വിപണിയിലാണ് ഈ പ്രതീക്ഷ ആദ്യം പ്രതിഫലിക്കുക എങ്കിലും മറ്റു രംഗങ്ങളിലും അതിന്റെ പ്രതിഫലനം ഉടന്‍ ദൃശ്യമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകും. ഇതിനു മുന്‍പ് നടന്ന ഇത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്. നിയമസഭ തെരഞ്ഞടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യപ്പെട്ടതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമായത്.
സാധാരണയായി തെരഞ്ഞടുപ്പ് അടുത്തു വരുന്ന കാലഘട്ടത്തില്‍ ഓഹരി വിപണിയില്‍ ഇത്തരം കുതിപ്പുകള്‍ ദൃശ്യമാകാറില്ല. തെരഞ്ഞടുപ്പിനു ശേഷമുള്ള രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് മാത്രമേ വിപണി പ്രതികരിക്കാറുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ വിപണിയില്‍ ഇന്നലെ ദൃശ്യമായ ഉണര്‍വ്വ് ഈ രംഗത്തെ വിദഗ്ദ്ധരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അടുത്ത സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഈ കുതിപ്പിനടിസ്ഥാനമെന്നാണ് കരുതുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: