ആലുവ: ഇരു കിഡ്നികളും തകരാറിലായ ചെങ്ങമനാട് മുനിക്കല്‍ ക്ഷേത്രത്തിന് സമീപം തട്ടാന്‍ പറമ്പില്‍ ഷാജിയുടെ മകന് വൈശാഖ് (16) ചികിത്സാസഹായം തേടുന്നു. ജന്മനാ മാരകരോഗത്തിന് അടിമയായ വൈശാഖ് ഓര്‍മ്മവെച്ച നാള് മുതല്‍ വിധിയുടെ ക്രൂരതയെ പുഞ്ചിരിയോടെ നേരിടുകയാണ്.
സ്വര്‍ണപ്പണിക്കാരനായ ഷാജി സമ്പാദിച്ചതെല്ലാം വിറ്റും ബന്ധുക്കളില്‍നിന്നും വായ്പ വാങ്ങിയുമാണ് ഇതുവരെ വൈശാഖിനെ ചികിത്സിച്ചത്. കിഡ്നികളുടെ തകരാറിന് പുറമെ മൂത്രസഞ്ചിയും തകരാറിലായ വൈശാഖിന്റെ ജീവന് നിലനിര്‍ത്താന്‍ 30 ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
ഒന്നര പതിറ്റാണ്ടിലേറെയായി വൈശാഖിനെ പരിചരിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച ഷാജി-യമുന ദമ്പതികള്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ജനിച്ച് എട്ട് മാസമായപ്പോള്‍ വൈശാഖിന് മൂത്രതടസം ആരംഭിച്ചതോടെയാണ് രോഗങ്ങളുടെ തുടക്കം. മൂത്രത്തില്‍ പഴുപ്പാണെന്ന ധാരണയില്‍ ചികിത്സിച്ചെങ്കിലും ഭേദമായില്ലെന്ന് മാത്രമല്ല രോഗം മൂര്‍ച്ഛിക്കുകയും ചെയ്തു. പിന്നീട് ശ്വാസതടസവും മറ്റ് പലതരം അസ്വസ്ഥതകളും ഉണ്ടായി. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലാണ് രോഗം നിര്‍ണയിച്ചത്. തുടര്‍ന്ന് മൂത്രസഞ്ചിയിലേക്കുള്ള രണ്ട് വാല്‍വുകളും നീക്കി. ഒന്നരവയസില്‍ ശരീരത്തില്‍ ഘടിപ്പിച്ച ടൂബിലൂടെയാണ് ഇപ്പോഴും മൂത്രം കളയുന്നത്. മൂത്രം തുള്ളികളായി വീഴുന്ന അവസ്ഥയാണ്. ഇതിനിടയിലാണ് ഇരുകിഡ്നികളും തകരാറിലായത്.
ആവശ്യമായ ഭക്ഷണം കഴിക്കാനാകാത്തതിനാല്‍ ശരീരമാകെ ശോഷിച്ചു. കാലുകള്‍ക്ക് ബലക്ഷയമുളളതിനാല്‍ സ്വയം എഴുന്നേറ്റ് നില്‍ക്കാനും പ്രയാസമാണ്. കിഡ്നി മറ്റീവ്ക്കുന്നതിന് പുറമെ ആമാശയത്തില്‍നിന്ന് ലെയര്‍ എടുത്ത് മൂത്രസഞ്ചിയുണ്ടാക്കി ഘടിപ്പിക്കുന്ന വിദഗ്ധ ചികിത്സയും വേണം. എല്ലാത്തിനുമായി നാല് ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ജീവിതാവസാനംവരെ തുടര്‍ചികിത്സയും വേണം. രോഗങ്ങള്‍ക്കിടയിലും പഠനത്തില്‍ വൈശാഖ് മിടുക്കനായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്ന് വിഷയത്തിന് എ പ്ലസുണ്ടായിരുന്നു. വൈശാഖിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാസഹായഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്. കെ.പി. ധനപാലന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളായും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി മധു ചെയര്‍മാനും വാര്‍ഡ് മെമ്പര്‍ ശ്രീദേവി അശോക്കുമാര് കണ്‍വീനറുമായും ഫെഡറല്‍ ബാങ്ക് അത്താണി ശാഖയില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 15790100046548 ഐഎഫ്എസ്സി നമ്പര്‍ 0001579.
പ്രതികരിക്കാൻ ഇവിടെ എഴുതുക: