മാധ്യമങ്ങളെ ഭാരതീയര്‍ക്ക് വലിയ വിശ്വാസമാണ്. അച്ചടിയായാലും ദൃശ്യശ്രാവ്യമാധ്യമങ്ങളാലായും അവയിലെല്ലാം വരുന്ന വാര്‍ത്തകള്‍ നൂറുശതമാനവും സത്യമാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. അതുകൊണ്ടുതന്നെ വാര്‍ത്താധിഷ്ഠിതമായ രാഷ്ട്രീയ വിശകലനങ്ങളേയും അങ്ങനെ തന്നെ കരുതുന്നു. തെരുവില്‍ പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ സ്വന്തം കക്ഷിക്കുവേണ്ടിയാണ് പ്രസംഗിക്കുന്നത് എന്നറിയാവുന്ന ജനങ്ങള്‍ നിഷ്പക്ഷമായ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ മാധ്യമങ്ങളില്‍ കൂടി രാഷ്ട്രീയ വിശകലനം നടത്തുന്ന മാന്യന്മാര് കടുത്ത രാഷ്ട്രീയ പക്ഷപാതമുള്ളവരും മനുഷ്യമനസ്സുകളില്‍ വിഷം കലര്‍ത്തുന്നവരുമാണെന്നുള്ള യാഥാര്‍ത്ഥ്യം എത്രപേര്‍ക്കറിയാം. തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അറുപതുവര്‍ഷവും രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ (പ്രധാനമായും നെഹ്റു കുടുംബത്തിന്റെ) കുഴലൂത്തുകാരാണവര്‍. നമുക്ക് പ്രധാന മീഡിയകളിലെ സ്ഥിരം മുഖങ്ങളെ പരിശോധിക്കാം.
ഒന്നാമതായി ഹിന്ദുസ്ഥാന്‍ ടൈംസ്. അതിന്റെ ഉടമസ്ഥയും എഡിറ്റര്‍ ഇന്‍ ചീഫുമായ ശോഭന ഭാട്ടിയ രാജ്യസഭയിലെ ഒരു കോണ്‍ഗ്രസ് എംപി ആണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ അഫയേഴ്സ് (രാഷ്ട്രീയ കാര്യ)എഡിറ്റര്‍ ആയ വിനോദ് ശര്‍മ്മ പ്രധാന ചാനലുകളില്‍ കോണ്‍ഗ്രസിനുവേണ്ടി സംസാരിക്കുന്നയാളാണ്. അതിന് പ്രതിഫലമായി അടുത്ത കൊല്ലം ശോഭന ഭാട്ടിയ രാജ്യസഭയില്‍ നിന്നും വിരമിക്കുമ്പോള്‍ തനിക്ക് ആ സ്ഥാനം ലഭിക്കുമെന്ന് വിനോദ് ശര്‍മ ആശിക്കുന്നു.
നീരാറാഡിയാ ടേപ്പ് വിവാദത്തില്‍ തുറന്നുകാട്ടപ്പെട്ട രണ്ടു പ്രമുഖരാണല്ലോ ബര്‍ഖാദത്തും വീര്‍ സാംഘ്വിയും. ഇവര്‍ മീഡിയകളില്‍ കോണ്‍ഗ്രസിനുവേണ്ടി വായിട്ടലയ്ക്കുന്നതു കൂടാതെ ഹിന്ദുസ്ഥാന്‍ ടൈംസിലും മറ്റു പ്രധാന പത്രങ്ങളിലും കോളം എഴുതുന്നുമുണ്ട്. ഇതിനു പ്രതിഫലമായിട്ടാവണം കോണ്‍ഗ്രസ് അവര്‍ക്ക് പത്മശ്രീയും മറ്റാനുകൂല്യങ്ങളും കൊടുത്തിട്ടുമുണ്ട്.
ഇനി എന്‍ഡിടിവിയുടെ കാര്യമെടുക്കാം. അതിന്റെ പ്രമോട്ടര്‍മാരാണ് പ്രണയ് റോയിയും രാധികാ റോയിയും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യയും പോളിറ്റ് ബ്യൂറോ മെമ്പറുമായ വൃന്ദാകാരാട്ടിന്റെ സഹോദരിയാണ് രാധിക. പ്രകാശ് കാരാട്ട് ബിജെപിക്കെതിരെ കോണ്‍ഗ്രസിനോട് ചായ്വ് പുലര്‍ത്തുന്നത് പ്രസിദ്ധമണല്ലോ. മാവോയിസ്റ്റുകളെ പിന്താങ്ങുകയും കാശ്മീരിലെ ഇന്ത്യന്‍ സേനക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന അരുന്ധതി റോയ് പ്രണയ്റോയിയുടെ കസിനാണ്.
എന്‍ഡിടിവിയുടെ പ്രശസ്ത അവതാരിക സോണിയാ സിംഗിന്റെ കാര്യമെടുക്കാം. ഉത്തര്‍പ്രദേശിലുള്ള കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായ ആര്‍പിഎന്‍ സിംഗിന്റെ ഭാര്യയാണ് സോണിയാ സിംഗ്. അവരുടെ ബിജെപി വിരുദ്ധത പ്രശസ്തമാണല്ലോ.
എന്‍ഡി ടിവിയുടെ മറ്റൊരു പ്രശസ്ത അവതാരകയാണ് നിധി രസ്ദാന്‍. ഇവര്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഇപ്പോഴത്തെ ‘ഗേള്‍ ഫ്രണ്ടാണ്’. ഒമര്‍ അബ്ദുള്ള തന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ പായലിനെ ഉപേക്ഷിച്ചിരിക്കുന്നു. കോണ്‍ഗ്രസ് പക്ഷപാതിത്വത്തിനും പ്രശസ്തയാണ് നിധി രസ്ദാനും.
സിഎന്‍എന്‍, ഐബിഎന്നിന്റെ ഉടമസ്ഥനും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയും കോ പ്രമോട്ടറുമായ സാഗരികാഘോഷ് ആണ് “ഫേസ് ദ നേഷന്‍” എന്ന പ്രശസ്ത പംക്തി അവതരിപ്പിക്കുന്നത്. രണ്ടുപേരും കോണ്‍ഗ്രസ് പക്ഷപാതിത്വമുള്ളവര്‍. അതിന് കാരണവുമുണ്ട്. സാഗരികയുടെ അച്ഛന് ഭാസ്കര്‍ഘോഷ് ഇന്ദിരാ രാജീവ് കാലത്ത് പ്രസാര്‍ഭാരതിയുടെ ചീഫ് ആയിരുന്നു. അന്ന് പ്രസാര്‍ ഭാരതിയിലൂടെ അച്ഛന് നടത്തിയ നെഹ്റു കുടുംബ സ്തുതി ഇന്ന് മക്കള്‍ സിഎന്‍എന്‍ ഐബിഎന്നിലൂടെ നിര്‍വഹിക്കുന്നു.
ബിസിസിഐയുടെ വൈസ് ചെയര്‍മാനും രാജ്യസഭാ എംപിയുമായ രാജീവ് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് ന്യൂസ് 24 എന്ന ഹിന്ദി ചാനലെന്ന് എത്രപേര്‍ക്കറിയാം?
ഔട്ട് ലുക്കിന്റെ എഡിറ്റര്‍ വിനോദ് മേത്തയും തന്റെ കോണ്‍ഗ്രസ് പക്ഷപാതിത്വംകൊണ്ട് പ്രസിദ്ധനാണ്. ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. വലിയൊരു വിഭാഗം മാധ്യമങ്ങളും അവയിലെ ജീവനക്കാരും കോണ്‍ഗ്രസ് ജിഹ്വകളാണ്. മലയാളത്തിലെ മലയാള മനോരമയും മാതൃഭൂമിയും വ്യത്യസ്തമല്ല. കോണ്‍ഗ്രസ് അതില്‍ തന്നെ നെഹ്റു കുടുംബവും തുടര്‍ച്ചയായ അറുപത് വര്‍ഷത്തെ ഭരണംകൊണ്ട് നേടിയെടുത്തിട്ടുള്ള വ്യക്തിബന്ധങ്ങള്‍പോലെ വിപുലമാണ് അവരുടെ ബ്ലാക്ക് മെയിലിങ്ങും ഭീഷണികളും. അനുകൂലികള്‍ക്ക് സമ്മാനങ്ങള്‍. എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസിന്റെ രാമനാഥ് ഗോയങ്കയുടെ അനുഭവം വരും.
അറുപതുകളിലും എഴുപതുകളിലും ഇന്ത്യയിലെ പ്രമുഖ പത്രമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്. ഗോയങ്ക ഉടമസ്ഥനും അരുണ്‍ ഷൂരി പത്രാധിപരും ഗുരുമൂര്‍ത്തി പംക്തികാരനുമായിരുന്ന അക്കാലത്ത് ഇന്ദിരാഗാന്ധിയെപ്പോലും വിറപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഭരണകൂടം ആഞ്ഞടിച്ചു. തുടര്‍ച്ചയായ ഇന്‍കം ടാക്സ് റെയ്ഡുകളും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സമ്മര്‍ദ്ദവുമെല്ലാം രാമനാഥ് ഗോയങ്കയെ വീര്‍പ്പുമുട്ടിച്ചു. അവസാനം അരുണ്‍ ഷൂരിയെ പിരിച്ചു വിടീക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. അങ്ങനെ എതിര്‍ക്കുന്നവരെ പീഡിപ്പിച്ചും അനുകൂലിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിവിതറിയും ഭാരതത്തിലെ മാധ്യമങ്ങളെ വശത്താക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.
ഈ കോണ്‍ഗ്രസ് പക്ഷക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളും രാഷ്ട്രീയ വിശകലനങ്ങളുമാണ് ഇന്ത്യയിലെ ജനങ്ങള്‍ ദിവസവും കേള്‍ക്കുന്നത്.
നെടുമ്പാശ്ശേരി രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: