ഐസ്വാള്‍: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് ആശ്വാസമായി മിസോറാമിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഫലം പുറത്തുവന്ന 14 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.
മിസോറാം നാഷണല്‍ ഫ്രണ്ട് രണ്ട് സീറ്റുകളില്‍ വിജയിച്ചു. രണ്ട് സ്ഥലത്ത് ലീഡ് ചെയ്യുകയാണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല മത്സരിച്ച രണ്ടു സീറ്റുകളിലും വിജയിച്ചു. സെര്ച്ഹിപ്പില് നിന്ന് 734 വോട്ടിനാണ് ജയിച്ചത്. ബിജെപി 17 സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. 40 അംഗ നിയമസഭയിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസും മിസോറാം നാഷണല്‍ ഫ്രണ്ടും തമ്മിലാണ് പ്രധാന പോരാട്ടം.
എം.എന്‍.എഫും എം.പി.സിയും മാരാലാന്ഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഉള്‍പ്പെടുന്നതാണ് മിസോറാം നാഷണല്‍ ഫ്രണ്ട്. 142 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്.
മിസോറാമില്‍ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 6,90,860 പേരാണ് വോട്ട് ചെയ്തത്. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 32 സീറ്റുകളും എം.എന്‍.എഫ് മൂന്ന് സീറ്റും എംഡിഎഫ് ഒരു സീറ്റും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: