ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി തരംഗം. നരേന്ദ്രമോദി രാജ്യത്തു സൃഷ്ടിച്ച പ്രചാരണകൊടുങ്കാറ്റില് മൃഗീയ ഭൂരിപക്ഷത്തോടെ രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറിയപ്പോള്‍ മൂന്നില്‍ രണ്ടു സീറ്റുകള്‍ നേടി മൂന്നാംവട്ടവും മധ്യപ്രദേശില്‍ ബിജെപി സമ്പൂര്‍ണ്ണ വിജയം നേടി. ഛത്തീസ്ഗഢിലെ ജനങ്ങള്‍ ഹാട്രിക് വിജയം സമ്മാനിച്ച് ബിജെപിക്കൊപ്പം നിന്നപ്പോള്‍ രാജ്യതലസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി കരുത്തു കാട്ടി. നാലു സംസ്ഥാനങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന 589 സീറ്റുകളില്‍ 405 സീറ്റുകളും കരസ്ഥമാക്കിയാണ് ബിജെപിയുടെ സമഗ്രാധിപത്യം.
മുസ്ലീംന്യൂനപക്ഷ മണ്ഡലങ്ങളില്‍ വലിയൊരു ശതമാനം ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതും ശ്രദ്ധേയമായി. കോണ്‍ഗ്രസിന്റെ മതവിഭാഗങ്ങളെ ഭയപ്പെടുത്തി ബിജെപിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന കോണ്‍ഗ്രസ് തന്ത്രം വ്യാപകമായ വിമര്‍ശന വിധേയമായ തെരഞ്ഞെടുപ്പായിരുന്നു നടന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി രാജസ്ഥാന്, മധ്യപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ നാമാവശേഷമായപ്പോള്‍ ഛത്തീസ്ഗഢില്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.
മുഖ്യമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാനും ഡോ.രമണ്‍സിങ്ങും ഹാട്രിക് വിജയം നേടിയപ്പോള്‍ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ അഞ്ചില്‍ നാല് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസില്‍ നിന്നും രാജസ്ഥാന് ബിജെപി പിടിച്ചെടുത്തത്. 199 സീറ്റുകളില്‍ 162 എണ്ണവും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പ്രമുഖന് . ബഹുഭൂരിപക്ഷം മന്ത്രിമാരും എംഎല്‍എമാരും തോല്‍വിയുടെ രുചിയറിഞ്ഞ രാജസ്ഥാനില്‍ 75 സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു നഷ്ടമായി.
അതിശക്തമായ ഭരണവിരുദ്ധ വികാരത്തോടൊപ്പം രാജകൊട്ടാരങ്ങളുടെ നാട്ടില്‍ സമഗ്രാധിപത്യം സ്ഥാപിച്ചുകൊണ്ട് ധോല്‍പൂര്‍ റാണി നടത്തിയ അശ്വമേധത്തില്‍ കറുത്ത കുതിരയാകുമെന്ന് വിശേഷിക്കപ്പെട്ട കിചോടിലാല് മീണ നാലു സീറ്റിലൊതുങ്ങിയപ്പോള്‍ കൈവശമുണ്ടായിരുന്ന 3 സീറ്റുകളാണ് സിപിഎമ്മിനു നഷ്ടമായത്. നരേന്ദ്രമോദിയുടെ പ്രചാരണ റാലികളാണ് ഇത്രയും ശക്തമായ വിജയം സമ്മാനിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം വസുന്ധര രാജെ സിന്ധ്യ പ്രതികരിച്ചു.
മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ 165 എണ്ണം നേടിയാണ് ശിവരാജ്സിങ് ചൗഹാന് ഹാട്രിക് വിജയം കരസ്ഥമാക്കിയത്. 2008ല്‍ നേടിയ 143ല്‍ നിന്നും 20 സീറ്റുകളുടെ വര്‍ദ്ധനവ് ഇത്തവണ ഉണ്ടായി. ചിട്ടയായ സംഘടനാ പ്രവര്‍ത്തനവും മികച്ച ഭരണവുമാണ് മധ്യപ്രദേശ് വിജയത്തിനു കാരണം. ശിവരാജ്സിങ് ചൗഹാന്റെ വ്യക്തിപ്രഭാവം സുപ്രധാന ഘടകമായി. കോണ്‍ഗ്രസിന്റെ സാന്നിധ്യംപോലും ഇല്ലാത്ത തരത്തിലുള്ള വിജയമാണ് രാജസ്ഥാനിലെന്ന പോലെ മധ്യപ്രദേശിലും ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 60ലേക്ക് കുറഞ്ഞു. ജ്യോതിരാദിത്യസിന്ധ്യയെ രംഗത്തിറക്കി നടത്തിയ പരീക്ഷണങ്ങളും കോണ്‍ഗ്രസിനെ രക്ഷിച്ചില്ല.
ജനപ്രിയ ഭരണത്തിന്റെ മേന്മയും മികച്ച നേതാവെന്ന പ്രതിച്ഛായയുമാണ് ഡോ.രമണ്‍സിങ്ങിനെ മൂന്നാംവട്ടവും ഛത്തീസ്ഗഢില്‍ അധികാരത്തിലെത്തിച്ചത്. കഴിഞ്ഞ തവണ ലഭിച്ച 50 സീറ്റില്‍ കേവലം രണ്ടു സീറ്റുകള്‍ മാത്രമേ ഇത്തവണ നഷ്ടമായുള്ളൂ. 49 സീറ്റുകള്‍ നേടിയ ബിജെപി കോണ്‍ഗ്രസ് മുന്നേറ്റത്തെ 40ല്‍ തളച്ചു. ഭക്ഷ്യസുരക്ഷാ നിയമവും വികസന പദ്ധതികളുമാണ് രമണ്‍സിങ്ങിന് പ്രയോജനകരമായത്. കോണ്‍ഗ്രസ് നേതാക്കള്‍ കൊലചെയ്യപ്പെട്ട മാവോയിസ്റ്റ് മേഖലയില്‍ പകുതിയിലധികം സീറ്റുകള്‍ ബിജെപിക്കു നഷ്ടമായപ്പോള്‍ റായ്പൂര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായതാണ് ഹാട്രിക് നേട്ടത്തിനു ബിജെപിയെ സഹായിച്ചത്.
ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ അമ്പേ തകര്‍ന്നു പോയ കോണ്‍ഗ്രസ് കേവലം 8 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ 31 സീറ്റുകള്‍ നേടി ബിജെപി കരുത്തു കാട്ടി. 9 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന മാന്ത്രികസംഖയായ 36ലേക്ക് എത്താനായില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു.
ന്യൂദല്‍ഹി മണ്ഡലത്തിലെ 25,864 വോട്ടുകളുടെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലഫ്.ഗവര്‍ണ്ണര്‍ക്ക് ഉച്ചയ്ക്കു മുമ്പുതന്നെ രാജിക്കത്തു നല്കിയ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പരാജയം സമ്മതിക്കുന്നതായി വ്യക്തമാക്കി. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് വരുത്തിയ വീഴ്ചയ്ക്ക് വോട്ടര്‍മാര്‍ നല്കിയ ശിക്ഷയാണ് കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പ് ഫലമെന്ന് ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ രൂപീകരിക്കുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷം പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് കേവലം ചുരുങ്ങിയ നാളുകള്‍ മാത്രം അവശേഷിക്കേ പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: