എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് വക ശൗചാലയങ്ങളിലെ മാലിന്യം സംസ്കരിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി ആകാത്തതിന് ദേവസ്വം ബോര്‍ഡ് കരാറുകാരന് നോട്ടീസ് നല്കി. എരുമേലിയിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി കഴിഞ്ഞ സീസണില്‍ കൊണ്ടുവന്ന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും ഈ സീസണില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ദേവസ്വം വലിയ സ്കൂള്‍ ഗ്രൗണ്ടില്‍ 32 ലക്ഷം രൂപയുടെ പദ്ധതിയും തയ്യാറാക്കിയിരുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കോണ്‍ക്രീറ്റ് തറ കെട്ടിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തീര്‍ത്ഥാടനത്തിന് മുന്‍പ്തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡും സ്പെഷ്യല്‍ കമ്മീഷണറും അറിയിച്ചിരുന്നു. എന്നാല്‍ തീര്‍ത്ഥാടനം തുടങ്ങി ഒരു മാസമായിട്ടും നടപടിയായില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഒരുദിവസം ഒരുലക്ഷം ലിറ്റര്‍ മാലിന്യ സംസ്കാരണമാണ് ലക്ഷ്യമിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: