നമ്മുടെ ജനതയുടെ മതപരവും മതേതരവുമായ വിദ്യാഭ്യാസത്തിന്റെ മേല്‍ നമുക്ക് പിടിവേണം. അതിനെപ്പറ്റി സ്വപ്നം കാണുക, സംസാരിക്കുക, ചിന്തിക്കുക. അത് പ്രവൃത്തിയിലേക്ക് പകര്‍ത്തണം. അതുവരെ ഈ വംശത്തിന് മോചനമുണ്ടാകാന്‍ പോകുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസത്തിന് ചില നല്ല വശങ്ങളുണ്ട്. എന്നാല്‍ അതിന്റെ വമ്പിച്ചൊരു ന്യൂനത അതിന്റെ മേന്മയെയൊക്കെ കീഴ്ക്കിടയാക്കുന്നുണ്ട്. ഒന്നാമത് പൗരുഷം വളര്‍ത്തുന്ന ഒന്നല്ല ഈ വിദ്യാഭ്യാസം; എല്ലാത്തരത്തിലും നിഷേധരൂപമായ ഒരു വിദ്യാഭ്യാസം, നിഷേധത്തിലടിയുറപ്പിച്ച ഏത് ശിക്ഷണപദ്ധതിയും മൃതിയേക്കാള്‍ ഭയങ്കരമാണ്. ശിശുവനെ പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോകുന്നു. അവന് പഠിക്കുന്ന ഒന്നാമത്തെ സംഗതി തന്റെ അച്ഛന് ഒരു വിഡ്ഢിയാണെന്നത്രേ. രണ്ടാമത്തേത് തന്റെ മുത്തച്ഛന് ഭ്രാന്തനാണെന്ന്. മൂന്നാമത്തേത് തന്റെ ഗുരുക്കന്മാരെല്ലാം കാപടികന്മാരാണെന്ന്. നാലാമത്തേത് മതഗ്രന്ഥങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്ന്. വയസ്സ് പതിനാറ് തികയുമ്പോള്‍, എല്ലും ജീവനുമില്ലാത്ത, നിഷേധങ്ങളുടെ ഒരു കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു അവന്. ഇതിന്റെ ഫലമോ ? അമ്പതുകൊല്ലക്കാലമായി നിലവിലുള്ള ഈദൃശ്യമായ വിദ്യാഭ്യാസം മൂന്നുപ്രവിശ്യകളിലെങ്ങും പ്രതിഭാശാലിയായ ഒരു പുരുഷനെയെങ്കിലും ഉളവാക്കിയിട്ടില്ലെന്നതത്രേ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: