ശബരിമല : സന്നിധാനത്ത് സുരക്ഷാ-സേവന പ്രവര്‍ത്തനങ്ങള്‍ക്കായി 867 അംഗ പുതിയ പോലീസ് സംഘം ചുമതലയേറ്റു. 780 ഹെഡ് കോണ്‍സ്റ്റബിള്‍,കോണ്‍സ്റ്റബിള്‍, 53 എസ്.ഐ,എ എസ് ഐ, 21 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 11 ഡിവൈഎസ്പി മാര്‍ എന്നിവര്‍ ഡിസംബര്‍ 18 വരെ സന്നിധാനത്ത് കര്‍മ്മനിരതരാകും.
ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ പി എന്‍ ഉണ്ണിരാജന്, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ പി കൃഷ്ണകുമാര്‍ എന്നിവരുടെ കീഴിലാണ് പോലീസ് സംഘം സന്നിധാനത്ത് പ്രവര്‍ത്തിക്കുക. തൃശ്ശൂര്‍ സിറ്റി, റൂറല്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട് സിറ്റി, റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍കോഡ്, തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പൊലീസ് തുടങ്ങിയ സായുധ പോലീസ് ബറ്റാലിയനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതിയ ബാച്ചിലുള്ളത്. നവംബര്‍ 27 മുതല്‍ സന്നിധാനത്ത് സുരക്ഷാ- സേവന ചുമതലയിലുണ്ടായിരുന്ന പോലീസ് സംഘം തിരിച്ചുപോകുന്ന സാഹചര്യത്തിലാണ് പുതിയ ബാച്ച് ചുമതലയേറ്റെടുത്തത്.
സോപാനം, കൊടിമരം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, യു-ടേണ്‍, വടക്കേനട, മരക്കൂട്ടം, ശരംകുത്തി തുടങ്ങിയ കേന്ദ്രങ്ങളില്‍ വിവിധ ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രവര്‍ത്തിക്കും. പുതിയ ബാച്ച് ചുമതലയേല്‍ക്കുന്ന ചടങ്ങ് സ്പെഷ്യല്‍ ഓഫീസര്‍ പി എന്‍ ഉണ്ണിരാജന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരായ പി കൃഷ്ണകുമാര്‍, ഷാജി സുഗുണന്, ഡിവൈഎസ്പിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള പോലീസിനെ കൂടാതെ കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പോലീസ് സേനകള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ക്വിക്ക് റെസ്പോണ്‍സ് ടീം, എന്‍ഡിആര്‍എഫ്, കമാന്‍ഡോസ് തുടങ്ങി 1461 അംഗ സുരക്ഷാസേനാംഗങ്ങള്‍ വേറെയും ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: